Saturday, May 18, 2024
HomeIndiaഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനം തേജസ് എംകെ 1 എ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച്‌ അര്‍ജന്റീനയും മലേഷ്യയും

ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനം തേജസ് എംകെ 1 എ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച്‌ അര്‍ജന്റീനയും മലേഷ്യയും

കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്‌എഎല്‍) നിര്‍മിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എല്‍സിഎ) ആയ തേജസ് എംകെ 1 എ ഇറക്കുമതി ചെയ്യാന്‍ അര്‍ജന്റീനയും മലേഷ്യയും താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍.

എയ്‌റോ ഇന്ത്യ 2023-ന്റെ 14-ാമത് എഡിഷനില്‍ പങ്കെടുക്കാന്‍ ഇരു രാജ്യങ്ങളിലെയും പ്രതിരോധ ഉദ്യോഗസ്ഥര്‍ ബെംഗളൂരുവില്‍ എത്തിയിട്ടുണ്ട്. അര്‍ജന്റീനയില്‍ നിന്നുള്ള ഉദ്യോഗസ്ഥരില്‍ ചിലര്‍ ബെംഗളൂരുവില്‍ വെച്ച്‌ എച്ച്‌എഎല്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ചില വ‍ൃത്തങ്ങള്‍ പറഞ്ഞതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

“അര്‍ജന്റീനയില്‍ നിന്നുള്ള ഒരു സംഘം ഇവിടെ എത്തിയിട്ടുണ്ട്. അവരുമായി കൂടിക്കാഴ്ചകള്‍ നടത്താനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അവര്‍ക്ക് നമ്മുടെ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റില്‍ താല്‍പര്യമുണ്ട്”, ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. എയ്‌റോ ഇന്ത്യ 2023 ല്‍ പങ്കെടുക്കുന്നതിനായി എത്തിയ മലേഷ്യന്‍ പ്രതിനിധി സംഘവും എച്ച്‌എഎല്‍ അധികൃതരുമായി സംസാരിച്ച്‌ വിമാനം വാങ്ങുന്നതിനുള്ള സാധ്യതകളെക്കുറിച്ച്‌ ചര്‍ച്ചകള്‍ നടത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

2021-ല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഭാഗമായ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസ് എംകെ 1 എ, അതിന്റെ ‌സവിശേഷതകള്‍ കൊണ്ട് മുന്‍പും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. അത്യാധുനിക ഇലക്‌ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ടുകള്‍, മള്‍ട്ടി മോഡ് റഡാറുകള്‍, വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ മിസൈലുകള്‍ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകള്‍ ഈ വിമാനത്തിലുണ്ട്.

അര്‍ജന്റീനയും മലേഷ്യയും തേജസ് എംകെ 1 എ വാങ്ങിയാല്‍ അന്താരാഷ്ട്ര തലത്തില്‍ അത് കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും ഇന്ത്യയുടെ അംഗീകാരം വര്‍ദ്ധിക്കുകയും ചെയ്യും. കൂടാതെ ഇന്ത്യന്‍ പ്രതിരോധ കമ്ബനികള്‍ക്ക് ലാറ്റിനമേരിക്കയിലേക്കും കരീബിയന്‍ മേഖലയിലേക്കും കയറ്റുമതി ചെയ്യാനുള്ള സാധ്യതയും വര്‍ദ്ധിക്കും. ഈ മേഖലയില്‍ ഇതുവരെ കാണ്‍പൂര്‍ ആസ്ഥാനമായുള്ള എംകെയു പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്ത്യന്‍ കമ്ബനി മാത്രമേ സജീവമായി ഉണ്ടായിരുന്നുള്ളൂ.

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് ആണ് തേജസ് എംകെ 1 എ. എറോസ്‌പേസ് നിര്‍മാണം, കയറ്റുമതി രംഗങ്ങളില്‍ ആഗോള തലത്തില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുക കൂടിയാണ് തേജസ് എംകെ 1 എ.

എച്ച്‌എഎല്‍ എല്‍സിഎ തേജസ് എംകെ 1 എയ്ക്ക് അര്‍ജന്റീനയില്‍ നിന്നും മലേഷ്യയില്‍ നിന്നുമുള്ള ഓര്‍ഡറുകള്‍ ലഭിച്ചാല്‍ അത് ഇന്ത്യന്‍ എയ്‌റോസ്‌പേസ് മേഖലയ്ക്ക് വലിയ ഉത്തേജനം ആകുമെന്നുറപ്പാണ്. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച യുദ്ധവിമാനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായിരിക്കുമത്. ഇതു വഴി തേജസ് എംകെ 1 എക്ക് കൂടുതല്‍ അന്താരാഷ്ട്ര ഓര്‍ഡറുകള്‍ക്ക് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular