Friday, May 17, 2024
HomeIndiaപ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം; രാഹുൽ ഗാന്ധി ഇന്ന് ലഖിംപുരിലേക്ക്

പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം; രാഹുൽ ഗാന്ധി ഇന്ന് ലഖിംപുരിലേക്ക്

ലക്‌നൗ: ലഖിംപുർ ഖേരി സംഘർഷത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. രാഹുൽ ഗാന്ധി ഇന്ന് ലഖിംപുർ ഖേരി സന്ദർശിച്ചേക്കും. ലഖിംപുർ ഖേരിയിലേക്ക് പ്രതിപക്ഷ നേതാക്കൾ എത്തുന്നത് തടയുന്നതിനായി യോഗി സർക്കാർ ശക്തമായ നടപടികൾ തുടരുകയാണ് അതിനിടയിലാണ് രാഹുൽ സന്ദർശനം നടത്താൻ ഒരുങ്ങുന്നത്.

കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേൽ തന്നെ തടഞ്ഞുവെച്ചതിനു ലക്നൗ വിമാനത്താവളത്തിൽ രണ്ട് മണിക്കൂർ ധർണ നടത്തിയിരുന്നു. വിനോദസഞ്ചാരികൾ എന്ന് പൊലീസിനെ കബളിപ്പിച്ച് ടിഎംസി എംപിമാരുടെ ഒരു പ്രതിനിധി സംഘത്തിന് ലഖിംപുർ ഖേരിയിലേക്ക് പോകാൻ കഴിഞ്ഞതായും വിവരമുണ്ട്.

ലഖിംപുർ ഖേരിയിലേക്ക് പോകാൻ എത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഇന്നലെ അറസ്റ്റ് ചെയ്‌തിരുന്നു. സിആർപിസി 151 വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ 144 വകുപ്പ് പ്രകാരവും എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

ബുധനാഴ്ച രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘം ലഖിംപൂർ ഖേരി സന്ദർശിക്കുമെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു. അവർക്ക് പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ യോഗിക്ക് കത്ത് നൽകിയിരുന്നു.

തിങ്കളാഴ്ച ലക്‌നൗ വിമാനത്താവളത്തിൽ വിമാനം ഇറങ്ങാൻ കഴിയാതിരുന്നതിനാൽ ചെവ്വാഴ്ചയാണ് ഭൂപേഷ് ബാഗേൽ എത്തിയത്, എന്നാൽ അവിടെ വെച്ചു പൊലീസ് തടയുകയായിരുന്നു. “നിരോധനാജ്ഞ നിലനിൽക്കുന്ന ലഖിംപൂരിലേക്ക് ഞാൻ പോകുന്നില്ല. ഞാൻ കോൺഗ്രസ് ഓഫീസിലേക്ക് മാത്രമാണ് പോകുന്നത്,” എന്ന് ബഗേൽ പറഞ്ഞെങ്കിലും പൊലീസ് ചെവികൊടുത്തില്ല, സീതാപൂരിൽ എത്തി പ്രിയങ്കയെ കാണാനും ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

“ലഖിംപൂരിലെ സത്യം ഒരുനാൾ പുറത്തുവരും … കർഷകരുടെ രീതികൾ തിരുത്തണമെന്ന് മുന്നറിയിപ്പ് നൽകുന്ന ഭാഷയിൽ സംസാരിക്കുന്നവരെ (കേന്ദ്രമന്ത്രി അജയ് മിശ്രയുടെ പ്രസംഗത്തിൽ പറഞ്ഞു) പിരിച്ചുവിടേണ്ടിവരും, കൂടാതെ കർഷകരെ ചവിട്ടിമെതിച്ച മകനും, അഴിക്കുള്ളിൽ പോകേണ്ടിവരും.” ബാഗേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇന്നലെ ലക്‌നൗവിൽ ഒരു പരിപാടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ലഖിംപുർ സംഭവത്തെക്കുറിച്ച് പരാമർശിക്കാതിരുന്നതിനെ കുറിച്ചു ചോദിച്ചപ്പോൾ, “അവർ (ബിജെപി) കർഷക വിരുദ്ധരാണ്, അവർക്ക് വേണ്ടി ഒരു വാക്കുപോലും പറയില്ല” എന്നായിരുന്നു ബഗേലിന്റെ പ്രതികരണം.

അതേസമയം, തന്നെ അറസ്റ്റ് ചെയ്യുകയാണെന്ന് ഉത്തര്‍പ്രദേശ് പൊലീസ് വാക്കാല്‍ അറിയിക്കുക മാത്രമാണുണ്ടായതെന്നും ഉത്തരവോ എഫ്‌ഐആറോ കാണിച്ചില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്ര പറഞ്ഞു. സിതാപുര്‍ പിഎസി ഗസ്റ്റ്ഹൗസില്‍ തന്നെ തടങ്കലില്‍ പാര്‍പ്പിച്ചതിനെ നിയമവിരുദ്ധമെന്നു വിശേഷിപ്പിച്ച പ്രിയങ്ക, അറസ്റ്റ് സമയ്ത്ത് തനിക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ ‘തികച്ചും നിയമവിരുദ്ധമായ ബലപ്രയോഗം’ നടത്തിയതായും പ്രസ്താവനയിൽ ആരോപിച്ചു.

സിആര്‍പിസി 151-ാം വകുപ്പ് പ്രകാരമാണ് പ്രിയങ്കഗാന്ധിയെും മറ്റു നേതാക്കളെയും അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്നതായി സിതാപുര്‍ സര്‍ക്കിള്‍ ഓഫിസര്‍ ഡിസിപി പിയൂഷ് കുമാര്‍ സിങ് വാക്കാല്‍ പറഞ്ഞതല്ലാതെ മറ്റു യാതൊരു വിധ ആശയവിനിമയവും ഉണ്ടായിട്ടില്ലെന്ന് പ്രിയങ്ക പറഞ്ഞു. തന്റെ മജിസ്‌ട്രേറ്റിന്റെയോ ജുഡീഷ്യല്‍ ഓഫീസറുടെയോ മുന്നില്‍ ഹാജരാക്കുകയോ അഭിഭാഷകനെ കാണാന്‍ അനുവദിക്കുകയോ ചെയ്തില്ലെന്നും പ്രിയങ്ക പ്രസ്താവനയില്‍ പറഞ്ഞു.

തന്നെക്കൂടാതെ ദീപേന്ദര്‍ സിങ് ഹൂഡ, യുപി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു, പാര്‍ട്ടി എംഎല്‍സി ദീപക് സിങ് എന്നിവര്‍ ഉള്‍പ്പെടെ 11 പേരെ അറസ്റ്റ് ചെയ്തതിനെക്കകുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ മാത്രമാണ് അറിഞ്ഞതെന്ന് പ്രിയങ്ക പറഞ്ഞു.

പ്രിയങ്കയെ തടവിൽ വെച്ചിരിക്കുന്ന വസ്തുതകളും സാഹചര്യങ്ങളും പരിശോധിക്കുകയാണെങ്കിൽ “യുപിയിൽ നിയമവാഴ്ചയില്ലെന്ന് ഉറപ്പിച്ചു പറയാം” എന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. അവർ 30 മണിക്കൂറിലധികമായി തടങ്കലിലാണ്. ഒരു ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ പോലും ഹാജരാക്കിയിട്ടില്ല … ആർട്ടിക്കിൾ 19, 21 പ്രകാരമുള്ള ഭരണഘടനാപരമായ അവകാശങ്ങൾ പോലും വലിയ തോതിൽ ലംഘിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹം പറഞ്ഞു.

പാർട്ടി വിട്ട മുൻ ബിജെപി എംപി സാവിത്രി ബായ് ഫൂലെ, ലഖിംപുർ ഖേരിയിലേക്ക് പോകാൻ ശ്രമിച്ച അവരെ പൊലീസ് തടഞ്ഞു വാഹനത്തിൽ കയറ്റുന്നതിന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരുന്നു.

ആം ആദ്മി രാജ്യസഭാ എംപി സഞ്ജയ് സിംഗിനെ 30 മണിക്കൂറിലധികം ഗസ്റ്റ് ഹൗസിൽ പാർപ്പിച്ചതിന് ശേഷം സെക്ഷൻ 151 പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. സാധ്യമായാൽ താൻ ലഖിംപൂരിൽ പോയി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണുമെന്ന് അദ്ദേഹം പറഞ്ഞു.

എൻസിപി നേതാവ് ശരദ് പവാർ ലഖിംപുർ ഖേരിയിലെ അക്രമത്തെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയുമായാണ് താരതമ്യം ചെയ്തത്. ജാലിയൻവാലാബാഗിലെ സമാന സാഹചര്യമാണെന്ന് മുൻ കേന്ദ്ര കാർഷിക മന്ത്രിയായിരുന്ന പവാർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular