Friday, May 17, 2024
HomeIndiaഡൽഹി കോളജുകളിൽ ‘മലയാളി പൊളിറ്റിക്‌സ്’

ഡൽഹി കോളജുകളിൽ ‘മലയാളി പൊളിറ്റിക്‌സ്’

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രണ്ടു പ്രമുഖ കോളജുകളില്‍ ബിഎ പൊളിറ്റിക്കല്‍ സയന്‍സ് ഒന്നാം വര്‍ഷ പ്രവേശനത്തില്‍ കേരളത്തിന്റെ ആധിപത്യം. ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലെ ഹിന്ദു കോളജിലെ 20 സീറ്റിലും മലയാളി വിദ്യാര്‍ഥികള്‍ മാത്രമാകുമെന്ന് ഉറപ്പായി. മിറാന്‍ഡ ഹൗസ് കോളജിലും മലയാളി വിദ്യാർഥികളുടെ ആധിപത്യമാണ്.

ഹിന്ദു കോളജില്‍ ബിഎ (ഓണേഴ്‌സ്) പൊളിറ്റിക്കല്‍ സയന്‍സ് കോഴ്‌സില്‍ സംവരണം ബാധകമല്ലാത്ത സീറ്റുകളിലെ പ്രവേശനത്തിന് 100 ശതമാനം മാര്‍ക്കാണ് കട്ട് ഓഫ്. മുഴുവന്‍ മാര്‍ക്കുമുള്ള 102 അപേക്ഷകളാണ് അഡ്മിഷന്‍ പ്രക്രിയ ആരംഭിച്ച തിങ്കളാഴ്ച വരെ മാത്രം ലഭിച്ചത്. ഇതില്‍ ഒന്നൊഴികെ എല്ലാം കേരളത്തില്‍നിന്നാണ്. കട്ട്ഓഫ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഒരു വിദ്യാര്‍ഥിയെയും ഡല്‍ഹി സര്‍വകലാശാലാ മാനദണ്ഡപ്രകാരം പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്നതാണു വസ്തുത.

”സംവരണമില്ലാത്തവര്‍- 33, ഒബിസി-62, എസ് സി- നാല്, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍-മൂന്ന് എന്നിങ്ങനെയാണ് 100 ശതമാനം സ്‌കോര്‍ ലഭിച്ച വിദ്യാര്‍ഥികളുടെ അപേക്ഷകള്‍. ഇവ അംഗീകരിക്കപ്പെടുകയോ അംഗീകരിക്കുന്ന പ്രക്രിയയിലോ ആണ്. ഇതില്‍ ഒന്നൊഴികെ എല്ലാം കേരളത്തില്‍നിന്നുള്ളതാണ്,” പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ ഒരു ഫാക്കല്‍റ്റി അംഗം പറഞ്ഞു.

”ഈ വിദ്യാര്‍ത്ഥികളെല്ലാം ജനറല്‍ കട്ട് ഓഫ് പാലിക്കുന്നതിനാല്‍ എല്ലാവരെയും പൊതുപ്രവേശനമായി കണക്കാക്കും, കൂടാതെ സംവരണ സീറ്റുകളുടെ എണ്ണം ആനുപാതികമായി വര്‍ധിപ്പിക്കേണ്ടതുണ്ട്. അതായത്, ഞങ്ങളുടെ സ്ഥാപനങ്ങളുടെയും ക്ലാസുകളുടെയും ശേഷിക്ക് അപ്പുറത്തേക്കു കാര്യങ്ങള്‍ നീളുന്നു,” ഫാക്കല്‍റ്റി പറഞ്ഞു.

പ്രവേശന പ്രക്രിയയിലെ ഉചിതമായ തിരഞ്ഞെടുപ്പിന്റെ അഭാവം മൂലം ഒന്നാം വര്‍ഷ പൊളിറ്റിക്കല്‍ ക്ലാസിലുണ്ടായേക്കാവുന്ന അസാധാരണമായ ഏകതാ രൂപം സംബന്ധിച്ച് ഫാക്കല്‍റ്റി ആശങ്ക പ്രകടിപ്പിച്ചു. സാധാരണഗതിയിൽ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഉൾക്കൊള്ളുന്നതായിരിക്കും ക്ലാസ്. ഈ വൈവിധ്യമാണ് 100 കട്ട് ഓഫ് മാർക്ക് മാനദണ്ഡത്തിലൂടെ നഷ്ടപ്പെടുന്നത്.

ഹിന്ദു കോളജിലെ ബിഎ (ഓണേഴ്‌സ്) പൊളിറ്റിക്കല്‍ സയന്‍സ് ഉള്‍പ്പെടെയുള്ള ഡല്‍ഹി സര്‍വകലാശാലയിലെ 10 കോഴ്‌സുകളില്‍, സംവരണരഹിത സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള ആദ്യ ലിസ്റ്റിന് 100 ശതമാനം മാര്‍ക്കാണ് യോഗ്യതാ മാനദണ്ഡം. അഡ്മിഷന്‍ പ്രക്രിയയുടെ ആദ്യ ദിവസമായ തിങ്കളാഴ്ച 2200 -ലധികം അപേക്ഷകള്‍ സര്‍വകശാല അംഗീകരിച്ചപ്പോള്‍ പ്രമുഖ കോളജുകളില്‍ 100 ശമാനം മാര്‍ക്കുള്ള നിരവധി മലയാളി വിദ്യാര്‍ഥികളുണ്ട്.

ഒരു കോഴ്‌സിനും 100 ശതമാനം മാര്‍ക്ക് കട്ട്ഓഫായി നിശ്ചയിക്കേണ്ടതില്ലെന്നായിരുന്നു മിറാന്‍ഡ ഹൗസ് കോളജിന്റെ തീരുമാനം. 99.75 ശതമാനം നിശ്ചയിച്ച പൊളിറ്റിക്കല്‍ സയന്‍സിന്റേതായിരുന്നു ഉയര്‍ന്ന കട്ട് ഓഫ്. മുഴുവന്‍ മാര്‍ക്കും നേടിയ നിരവധി വിദ്യാര്‍ഥികളാണ് കേരളത്തില്‍നിന്ന് അപേക്ഷിച്ചിരിക്കുന്നത്.

”ഞങ്ങള്‍ അപേക്ഷകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ നൂറോളം എണ്ണം ഞാന്‍ അംഗീകരിച്ചു. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. പൊളിറ്റിക്കല്‍ സയന്‍സ് പ്രോഗ്രാമില്‍, കേരള ബോര്‍ഡ് പരീക്ഷയില്‍ 100 ശതമാനം മാര്‍ക്ക് നേടിയ ഇരുപതോളം അപേക്ഷ ലഭിച്ചതായി കരുതുന്നു,” പ്രിന്‍സിപ്പല്‍ ബിജയലക്ഷ്മി നന്ദ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular