Friday, May 17, 2024
HomeKeralaഅഭ്രപാളിയിലെ അത്ഭുതം : മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ഇന്നച്ചന്‍ വിടപറയുമ്പോള്‍

അഭ്രപാളിയിലെ അത്ഭുതം : മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ഇന്നച്ചന്‍ വിടപറയുമ്പോള്‍

ചിരിച്ചും ചിന്തിപ്പിച്ചും മലയാളത്തിന്റെ പ്രിയപ്പെട്ട ഇന്നച്ചന്‍ കടന്നു പോയി. എന്നാല്‍ മലയാളിക്ക് ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ നിരവധി കഥാപാത്രങ്ങളേയും നര്‍മ്മരംഗങ്ങളും സമ്മാനിച്ചിട്ടാണ് അദ്ദേഹം യാത്രയാകുന്നത്. വെള്ളിത്തിരയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും ഏറ്റവും ഗൗരവമേറിയ കാര്യങ്ങള്‍ പോലും നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ ഒരു സവിശേഷതയായിരുന്നു.

ഇന്നസെന്റ് മലയാള സിനിമയെ സ്വതസിദ്ധമായ ഹാസ്യം കൊണ്ട് സമ്പന്നമാക്കിയത് നീണ്ട അമ്പതില്‍പ്പരം വര്‍ഷങ്ങളാണ്. ഈ കാലഘട്ടത്തിനുള്ളില്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത ധാരാളം കഥാപാത്രങ്ങള്‍ അദ്ദേഹം സമ്മാനിച്ചു. 1972-ല്‍ പുറത്തിറങ്ങിയ ‘നൃത്തശാല’ യിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. പ്രേം നസീര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തില്‍ ഒരു പത്രപ്രവര്‍ത്തകനായി ആയിരുന്നു ആദ്യ വേഷം.

എന്നാല്‍ നടനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടത് ‘ഇളക്കങ്ങള്‍’ എന്ന ചിത്രത്തിലെ കറവക്കാരന്റെ വേഷമാണ്. പിന്നീട് ഇന്നസെന്റിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വെള്ളിത്തിരയില്‍ ഹാസ്യ നടനായും സഹനടനായും വില്ലനായുമൊക്കെ അദ്ദേഹം നിറഞ്ഞാടി.

സിനിമയിലെത്തി ആദ്യകാലങ്ങളില്‍ തന്നെ ഒരു മികച്ച ഹാസ്യ താരമാണെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. അദ്ദേഹത്തെ എന്നും അടയാളപ്പെടുത്താനാകുന്ന ചിത്രങ്ങളില്‍ ഒന്നാണ് ‘കാബൂളിവാല’. ജഗതിക്കൊപ്പം തന്നെ ഇന്നസെന്റും തന്റെ കഥാപാത്രത്തെ മികച്ചതാക്കി. ‘മണിച്ചിത്രത്താഴ്’, ‘മനസിനക്കരെ’, ‘മാന്നാര്‍ മത്തായി സ്പീക്കിങ്’, ‘ഗോഡ്ഫാദര്‍’, ‘കല്യാണ രാമന്‍’, ‘ക്രോണിക് ബാച്ചിലര്‍’, ‘ഇഷ്ടം’, ‘ചന്ദ്രലേഖ’ തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരെ ചിരിപ്പിച്ചു. ‘ദേവാസുരം’, ‘രാവണപ്രഭു’, അനിയത്തി പ്രാവ്’, ‘തുറുപ്പുഗുലാന്‍’, ‘ഹിറ്റ്ലര്‍’, ‘വേഷം’ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഒരു സുവര്‍ണ്ണ സിംഹാസനം തന്നെ നേടിയെടുത്തു.

കാലങ്ങളായി മലയാള സിനിമയിലെ വില്ലന്റെ ക്ലീഷേ രീതികളെ അപ്പാടെ മാറ്റിമറിച്ചവയായിരുന്നു ഇന്നസെന്റിന്റെ വില്ലന്‍ കഥാപാത്രങ്ങള്‍. ചെറിയ കാര്യങ്ങളിലൂടെ, തമാശകളിലൂടെയൊക്കെ പ്രേക്ഷകരെ അല്‍പ്പം ദേഷ്യമൊക്കെ പിടിപ്പിക്കുന്ന ദുഷ്ടനായ വില്ലനായി അദ്ദേഹം നിറഞ്ഞാടി. അത്തരത്തിലൊരു വില്ലന്‍ കഥാപാത്രമാണ് ‘തസ്‌കരവീരനി’ലെ ഈപ്പച്ചന്‍. മമ്മൂട്ടിക്ക് ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ ശേഷിയുള്ള ഒരു വില്ലനെ അദ്ദേഹം അവതരിപ്പിച്ചു. ‘കഥപറയുമ്പോളി’ലെ ഈപ്പച്ചന്‍ മുതലാളിയും ക്രൂരനല്ലാത്ത ദുഷ്ടനായ ഒരു വില്ലന്‍ ആണ്.

നടനായാണ് സിനിമയിലേക്കെത്തിയതെങ്കിലും ഇന്നസെന്റ് സിനിമയുടെ പിന്നണിയിലും പ്രവര്‍ത്തിച്ചിരുന്നു. തിരക്കഥാകൃത്തായും, നിര്‍മ്മാതാവായും, പിന്നണി ഗായകനായും സിനിമയില്‍ നിറഞ്ഞുനിന്നു ‘പാവം ഐ എ ഇവാച്ചന്‍’, ‘കീര്‍ത്തനം’ എന്നീ ചിത്രങ്ങള്‍ക്കായി തിരക്കഥയൊരുക്കി. ‘വിട പറയും മുന്‍പേ’, ‘ഇളക്കങ്ങള്‍’, ‘ഓര്‍മ്മയ്ക്കായ്’,’ലേഖയുടെ മരണം ഒരു ഫ്‌ലാഷ് ബാക്ക്’ എന്നീ സിനിമകള്‍ നിര്‍മ്മിച്ചു. അഞ്ച് സിനിമകളില്‍ പിന്നണി ഗായകനായും ഇന്നസെന്റ് പ്രവര്‍ത്തിച്ചു. ‘മഴവില്‍ കാവടി’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.

കടലാസിനാവുമോ കന്നാസിനെ മറക്കാന്‍ ; ദു: ഖം കടിച്ചമര്‍ത്തി വിട ചൊല്ലി ജഗതി 

ഇന്നസെന്റിനെ അനുസ്മരിച്ച് ജഗതി ശ്രീകുമാര്‍. ‘മായില്ലൊരിക്കലും’ എന്നാണ് ജഗതിയുടെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. മലയാള സിനിമയിലെ നിരവധി ഹാസ്യ രംഗങ്ങളില്‍ ഇന്നസെന്റിന്റെയും ജഗതിയുടെയും കോംബിനേഷന്‍ സീനുകള്‍ മാറ്റി നിര്‍ത്താനാകാത്തതാണ്.

കാബൂളിവാല എന്ന ചിത്രത്തിലെ കന്നാസ് , കടലാസ് എന്നീ കഥാപാത്രങ്ങളിലൂടെ ഇരുവരുടെയും പ്രകടനം കണ്ട് അമ്പരന്നവരാണ് മലയാളി പ്രേക്ഷകര്‍. മിഥുനത്തില്‍ ശത്രുക്കളായ സഹോദരന്മാരായും, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തില്‍ സഹോദരങ്ങളായി ജഗതിയും ഇന്നസെന്റും ജഗതിയും ഒരുമിച്ച് പ്രേക്ഷകരെ രസിപ്പിച്ചു.

ഇന്നസെന്റിന്റെ സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് നടക്കുക. ഇന്ന് രാവിലെ കൊച്ചിയിലും തുടര്‍ന്ന് ഇരിങ്ങാലക്കുടയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.കൊച്ചിയിലെ വി പി എസ് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു നടന്റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം.

താന്‍ അമ്മയുടെ നായരായ കഥ ഒരിക്കല്‍ ഇന്നച്ചന്‍ പറഞ്ഞതിങ്ങനെ 

18 വര്‍ഷത്തോളമാണ് നടന്‍ ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചത്. ഒരിക്കല്‍ അതിന് പിന്നിലെ രഹസ്യം അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഉള്ളപ്പോള്‍ തന്നെ 18 വര്‍ഷത്തോളം താന്‍ അമ്മ പ്രസിഡന്റ് സ്ഥാനത്ത് പ്രവര്‍ത്തിച്ചു. പിന്നീട് താന്‍ സ്വയം ഒഴിയുകയായിരുന്നു.

അപ്പോള്‍ ഭാരവാഹികള്‍ പോകരുത് എന്നും പറഞ്ഞിരുന്നു. ഇതിന് പിന്നിലെ കാരണം തന്നോടുള്ള സ്നേഹം മാത്രമാണ് എന്നായിരുന്നു ഇന്നസെന്റിന്റെ വാക്കുകള്‍. ഇന്നസെന്റിന്റെ വാക്കുകള്‍18 വര്‍ഷത്തോളം അമ്മയുടെ പ്രസിഡന്റ് ആയി. പിന്നീട് ഞാന്‍ ഒഴിവായതാണ്. പല തവണ അവര്‍ പോവല്ലേ പോവല്ലേ എന്ന് പറഞ്ഞു. അതിന് പിന്നില്‍ ഒരു കാരണമുണ്ട്.

ഞാന്‍ ഒന്ന് ഇരിക്കടോ എന്ന് പറഞ്ഞാല്‍ അത് മമ്മൂട്ടി ആയാലും മോഹന്‍ലാല്‍ ആയാലും ജയറാം ആയാലും ഇരിക്കും. അത് ഭയം കൊണ്ടല്ല സ്നേഹം കൊണ്ടാണ്. ഇന്നസെന്റിനെ പിണക്കാന്‍ പറ്റില്ല അയാള്‍ പറയുന്നതില്‍ ന്യായം ഉണ്ട് എന്ന തോന്നലാണ് ഈ 18 വര്‍ഷവും എന്നെ അമ്മയുടെ നായരായി ഇരുത്തിയത്.

പോയെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല ; വിങ്ങിപ്പൊട്ടി താരങ്ങള്‍

പ്രിയ നടന്‍ ഇന്നസെന്റിന്റെ വിയോഗ വാര്‍ത്തയില്‍ നൊമ്പരമടക്കാനാവാതെ മലയാള സിനിമാ താരങ്ങള്‍. ഇന്നസെന്റ് ദിവസങ്ങളായി ചികിത്സയില്‍ തുടര്‍ന്ന സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജയറാം മരണവാര്‍ത്ത അറിഞ്ഞതോടെ നിറകണ്ണുകളോടെയാണ് മടങ്ങിയത്.

ആശുപത്രിയിലുണ്ടായിരുന്ന ദിലീപും ഇന്നസെന്റിന്റെ വിയോഗത്തോടെ വികാരാധീനനായി. അതുല്യ നടന്റെ വിയോഗമറിഞ്ഞതോടെ പല പ്രമുഖ താരങ്ങളും ആശുപത്രിയിലേയ്ക്ക് എത്തി. മമ്മൂട്ടി, സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബന്‍, ലാല്‍ എന്നീ പ്രമുഖതാരങ്ങളും നടനെ ഒരു നോക്ക് കാണാനായി എത്തിച്ചേര്‍ന്നു.

ഇന്നസെന്റിനെ അനുസ്മരിച്ച് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി 

ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് അഭ്രപാളികളിലും കേരളീയ പൊതുസമൂഹത്തിലും നിറഞ്ഞുനിന്ന അതുല്യപ്രതിഭയായിരുന്നു ഇന്നസെന്റ് എന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മലയാളികളുടെ മനം കവര്‍ന്ന ഹാസ്യ-സ്വഭാവനടന്‍ ശ്രീ. ഇന്നസെന്റിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപെടുത്തുകയും ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നെന്ന് കര്‍ദിനാള്‍ അറിയിച്ചു.

സിനിമാനടന്‍ എന്നതിലുപരി മുന്‍ ലോക്‌സഭാംഗവും സിനിമാതാരങ്ങളുടെ സംഘടനയായ AMMAയുടെ പ്രസിഡണ്ടും സാംസ്‌കാരിക പ്രവര്‍ത്തകനും പൊതുജനസേവകനുമായ ശ്രീ. ഇന്നസെന്റ് നമ്മളോട് വിടപറയുമ്പോള്‍ മലയാളികള്‍ക്കെല്ലാം അദ്ദേഹത്തെക്കുറിച്ചുള്ള ചിന്തകളും സ്‌നേഹവികാരങ്ങളും മനസ്സിലുണരുന്നുണ്ട്.

കാരുണ്യപ്രവര്‍ത്തനങ്ങളിലും വികസനകാര്യങ്ങളിലും ജനക്ഷേമകരമായ സത്കൃത്യങ്ങളിലും ശ്രീ. ഇന്നസെന്റ് നല്ല മാതൃക കാട്ടിയിട്ടുണ്ട്. സീറോമലബാര്‍സഭയുടെ പേരിലും എല്ലാ സഹൃദയരുടെ പേരിലും ശ്രീ. ഇന്നസെന്റിന്റെ നിര്യാണത്തില്‍ ദുഃഖിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തോടും സിനിമാപ്രവര്‍ത്തകരോടും മറ്റെല്ലാവരോടും അനുശോചനം രേഖപെടുത്തുന്നതായി കര്‍ദിനാള്‍ അറിയിച്ചു.

വിസ്മയിപ്പിക്കുന്ന മനുഷ്യന്‍ ; അനുസ്മരിച്ച് രാഹുല്‍ ഗാന്ധി

ഇന്നസെന്റിന്റെ നിര്യാണത്തില്‍ അനുസ്മരണം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അനുകരണീയമായ ശൈലിയിലൂടെ ജനങ്ങളുടെ ഹൃദയത്തില്‍ ആഴത്തിലുള്ള മുദ്ര പതിപ്പിച്ച വ്യക്തിയാണ് ഇന്നസെന്റ് എന്ന് രാഹുല്‍ ഗാന്ധി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:

‘മലയാളത്തിലെ ശ്രദ്ധേയനായ നടനും മുന്‍ എംപിയും വിസ്മയിപ്പിക്കുന്ന മനുഷ്യനുമായ ഇന്നസെന്റിന്റെ വിയോഗവാര്‍ത്ത കേള്‍ക്കുന്നതില്‍ ദുഖമുണ്ട്. അനുകരണീയമായ ശൈലിയിലൂടെ അദ്ദേഹം ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും ആഴത്തിലുള്ള മുദ്ര പതിപ്പിച്ചു. തന്റെ അഭിനയ മികവ് കൊണ്ട് കൊണ്ട് ആളുകളെ ചിരിപ്പിച്ചതും ക്യാന്‍സറിനെതിരായ ധീരമായ പോരാട്ടവും അദ്ദേഹത്തിന്റെ പുസ്തകങ്ങളും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അസംഖ്യം ആരാധകര്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം.’

ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍

എറണാകുളം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അതുല്ല്യ നടന്‍ ഇന്നസെന്റിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചപ്പോള്‍ പ്രിയപ്പെട്ട നടനെ അവസാനമായി ഒരു നോക്കു കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും എത്തിയത് ആയിരങ്ങള്‍. എറണാകുളത്തെ എല്ലാ വഴികളും ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേയ്ക്ക് എന്ന നിലയിലായിരുന്നു അവസ്ഥ.

സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ കലാ സിനിമാ രംഗത്തെ പ്രമുഖരും ആബാലവൃദ്ധം സാധാരണ ജനങ്ങളുമടക്കം ജീവിതത്തിന്റെ വിവധ തുറകളില്‍ നിന്നുള്ളവര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേയ്ക്ക് ഒഴുകിയെത്തി. പൊതുജനങ്ങള്‍ക്കായും സിനിമാ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും രണ്ട് കവാടങ്ങളാണ് ഇവിടെ ക്രമീകരിച്ചിരുന്നത്. നാളെ രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം.

മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടന്‍ ഇന്നസെന്റ് ഇന്നലെ രാത്രിയാണ് അന്തരിച്ചത്. കൊച്ചിയിലെ വി പി എസ് ലേക്ക്ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗം മൂര്‍ച്ഛിച്ചതോടെ പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായിരുന്നു. മാര്‍ച്ച് മൂന്ന് മുതല്‍ കൊച്ചി ലേക്ക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

ജോബിന്‍സ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular