Friday, May 17, 2024
HomeIndiaപട്ടികജാതിക്കാരില്‍ ഉപസംവരണം: കര്‍ണാടകയില്‍ പ്രതിഷേധം തുടരുന്നു

പട്ടികജാതിക്കാരില്‍ ഉപസംവരണം: കര്‍ണാടകയില്‍ പ്രതിഷേധം തുടരുന്നു

ബംഗളൂരു : പട്ടികജാതി വിഭാഗക്കാരുടെ സംവരണത്തില്‍ ഉപജാതികള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരായ പ്രതിഷേധം തുടരുന്നു.

ചൊവ്വാഴ്ചയും ജില്ലയിലെ വിവിധയിടങ്ങളില്‍ പ്രതിഷേധം തുടര്‍ന്നു. കുഞ്ചെനഹള്ളിയിലെ പ്രതിഷേധത്തില്‍ ശിവമൊഗ്ഗക്കും ശിക്കാരിപുരക്കും ഇടയില്‍ ഗതാഗതം തടസ്സപ്പെട്ടു. റോഡില്‍ ടയറുകള്‍ കത്തിച്ച പ്രതിഷേധക്കാര്‍ സംസ്ഥാന സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചു. അതിനിടെ, ശിക്കാരിപുരയില്‍ എത്തിയ ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര ജനപ്രതിനിധികളുടെയും പൊലീസിന്റെയും യോഗം വിളിച്ചു. പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തയാറാണെന്നും ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എല്ലാ സമുദായങ്ങള്‍ക്കും സംവരണം നല്‍കി നീതി ലഭ്യമാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ എടുത്തത്. സമരത്തിനിടെ പൊലീസുകാര്‍ക്ക് പരിക്കേറ്റ സംഭവം ഗൗരവത്തോടെ കാണുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ പൊലീസ് സൂപ്രണ്ട് ജി.കെ. മിഥുന്‍ കുമാര്‍, യെദിയൂരപ്പയുടെ മകനും എം.പിയുമായ ബി.വൈ. രാഘവേന്ദ്ര എന്നിവരും പങ്കെടുത്തു.

തിങ്കളാഴ്ച ശിവമൊഗ്ഗ ശിക്കാരിപുരയില്‍ മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പയുടെ വീടിനുനേരെ ബഞ്ചാര സമുദായാംഗങ്ങള്‍ നടത്തിയ മാര്‍ച്ചില്‍ ആക്രമണമുണ്ടായിരുന്നു.സംവരണം ഏര്‍പ്പെടുത്താന്‍ വെള്ളിയാഴ്ചയാണ് കര്‍ണാടക മന്ത്രിസഭ തീരുമാനിച്ചത്. ജസ്റ്റിസ് എ.ജെ. സദാശിവ കമീഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണിത്. മന്ത്രിസഭ യോഗം റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ഇത് ഭരണഘടനയുടെ ഒമ്ബതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ച്‌ കേന്ദ്രത്തിന് കത്തെഴുതുകയും ചെയ്തു.

ഇതോടെയാണ് സമരം പൊട്ടിപ്പുറപ്പെട്ടത്. കര്‍ണാടകയില്‍ പട്ടികജാതിക്കാര്‍ക്ക് നിലവില്‍ 17 ശതമാനമാണ് സംവരണം. കമീഷന്‍ റിപ്പോര്‍ട്ട് പ്രകാരം പട്ടികജാതിക്കാരെ എസ്.സി ലെഫ്റ്റ്, എസ്.സി. റൈറ്റ്, ടച്ചബിള്‍സ്, മറ്റുള്ളവര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളാക്കും. ഇവര്‍ക്കായി യഥാക്രമം ആറ് ശതമാനം, 5.5 ശതമാനം, 4.5 ശതമാനം, ഒരു ശതമാനം എന്നിങ്ങനെ ഉപസംവരണം ഏര്‍പ്പെടുത്തും. ഇതില്‍ ടച്ചബിള്‍സ് എന്ന വിഭാഗത്തിലാണ് ബഞ്ചാര, ഭോവി, കൊറച്ച, കൊറമ സമുദായങ്ങള്‍ ഉള്‍പ്പെടുന്നത്.

ഉപസംവരണ നീക്കം അശാസ്ത്രീയവും ഭരണഘടനാവിരുദ്ധവുമാണെന്നാണ് പിന്നാക്കവിഭാഗങ്ങള്‍ പറയുന്നത്. സാഹോദര്യത്തില്‍ കഴിയുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാനുള്ള കുടിലബുദ്ധിയാണ് ഇത്. ഉപസംവരണം വന്നാല്‍ സമുദായത്തിന് നീതി കിട്ടില്ലെന്നും കമീഷന്‍ റിപ്പോര്‍ട്ട് തള്ളണമെന്നുമാണ് ബഞ്ചാര സമുദായത്തിന്‍റെ ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular