Sunday, May 19, 2024
HomeIndiaആര്‍.എസ്.എസ് ആസ്ഥാനമുള്ള നാഗ്പൂരിലെ രാഹുലിന്റെ റാലി: ബി.ജെ.പിക്കെന്താണ് പേടി

ആര്‍.എസ്.എസ് ആസ്ഥാനമുള്ള നാഗ്പൂരിലെ രാഹുലിന്റെ റാലി: ബി.ജെ.പിക്കെന്താണ് പേടി

ന്യൂഡല്‍ഹി : എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ റാലി നടത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.

ഇതോടെ പ്രതിപക്ഷ പാര്‍ട്ടികളും ബിജെപിയും തമ്മില്‍ പുതിയൊരു പോര്‍ക്കളമാണ് തുറന്നിരിക്കുന്നത്.

‘രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ നാഗ്പൂരില്‍ വന്ന് റാലി നടത്തട്ടെ, നമുക്ക് ഒരു പ്രശ്‌നവുമില്ല, അത് ഞങ്ങളുടെ ജനപിന്തുണയെ ബാധിക്കുകയോ സല്‍പേരില്ലാതാക്കുകയോ ചെയ്യില്ല. എന്നാല്‍ റാലിയിലൂടെ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ പ്രതിപക്ഷം ശ്രമിച്ചാല്‍ നിയമനടപടികള്‍ നേരിടേണ്ടി വരും’ മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ഭവന്‍കുലെ പറഞ്ഞു.

സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോളയും വിഷയത്തില്‍ അഭിപ്രായം പറഞ്ഞു. ‘റാലി നടത്തുന്നത് ബിജെപി അത്ര എളുപ്പമാക്കില്ലെന്ന് ഞങ്ങള്‍ക്കറിയാം, അനുമതി മുതല്‍ റാലി വേദി, ലോജിസ്റ്റിക്‌സ് എന്നിവ വരെയുള്ള ഞങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്, എന്നാല്‍ ജനാധിപത്യ രാജ്യത്ത് പൊതു റാലികള്‍ നടത്തുന്നതില്‍ നിന്ന് ആര്‍ക്കും ആരെയും തടയാനാകില്ല’ അദ്ദേഹം വ്യക്തമാക്കി.

‘ഷിന്‍ഡെ -ഫഡ്‌നവിസ് സര്‍ക്കാര്‍ നിയമവിരുദ്ധമായി ഒന്നും ചെയ്യില്ല. എല്ലാ പാര്‍ട്ടികള്‍ക്കും റാലികളും യോഗങ്ങളും സംഘടിപ്പിക്കാന്‍ അവകാശമുണ്ട്, സംസ്ഥാന സര്‍ക്കാര്‍ അങ്ങനെ ഇടപെടുമായിരുന്നുവെങ്കില്‍, കലാപങ്ങള്‍ നടന്ന സംഭാജി നഗറിലെ മഹാ വികാസ് അഘാഡി റാലി തടയുമായിരുന്നു’ വിദര്‍ഭയിലെ മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു.

റാലിയേക്കാള്‍ ബിജെപിയെ സംബന്ധിച്ച്‌ പ്രധാനം ഒ.ബി.സി പിന്തുണ നിലനിര്‍ത്തുകയാണ്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും അവര്‍ ബിജെപിയെയാണ് തുണച്ചിരുന്നത്. കോട്ടണ്‍ ബെല്‍റ്റായ വിദര്‍ഭയില്‍ നിലയുറപ്പിക്കേണ്ടത് 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അവര്‍ക്ക് പ്രധാനമാണ്.

2019ല്‍ വിദര്‍ഭ പ്രദേശത്തെ 62 നിയമസഭാ സീറ്റുകളില്‍ 29 എണ്ണമാണ് ബിജെപി നേടിയത്. കോണ്‍ഗ്രസ് -15, എന്‍.സി.പി-6, ശിവസേന-4, മറ്റുള്ളവര്‍-8 എന്നിങ്ങനെയും സീറ്റുകള്‍ നേടി. എന്നാല്‍ 2014ല്‍ ബിജെപി 44 സീറ്റുകള്‍ കയ്യിലാക്കിയിരുന്നു. കോണ്‍ഗ്രസ് പത്തും എന്‍സിപി ഒന്നും സീറ്റ് നേടി. ശിവസേന നാലും മറ്റുള്ളവര്‍ മൂന്നുമായിരുന്നു നേടിയത്.

കാര്‍ഷിക പ്രശ്‌നങ്ങളും വിദര്‍ഭ സംസ്ഥാനത്തിനായുള്ള ആവശ്യവും മുതലെടുത്താണ് കോണ്‍ഗ്രസ് കോട്ടയായിരുന്ന പ്രദേശം ബിജെപി പിടിച്ചത്. പ്രതിപക്ഷത്തിരിക്കെ ബിജെപി ശക്തിയായി പിന്തുണച്ച വിദര്‍ഭ സംസ്ഥാന രൂപീകരണത്തിനായുള്ള ആവശ്യം 2014ല്‍ ഭരണപക്ഷത്തെത്തിയപ്പോള്‍ മാറ്റിവെച്ചിരുന്നു. മഹാരാഷ്ട്രയെ വിഭജിക്കുന്നതിനെതിരെയുള്ള ശിവസേന നിലപാടായിരുന്നു കാരണം.

അതേസമയം, കേന്ദ്ര മന്ത്രി നിതിന്‍ ഖഡ്കരിയു ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും നാഗ്പൂരിലേക്ക് വിവിധ പദ്ധതികള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. നിലവില്‍ ബിജെപിയുടെ ആശങ്ക മഹാവികാസ് അഘാഡി ദലിത്-ഒ.ബി.സി വോട്ടുകള്‍ ഏകീകരിക്കുന്നതിലാണ്. 2019ല്‍ തേലി സമുദായത്തിന്റെ അമര്‍ഷം കാരണം ബിജെപിക്ക് പല സീറ്റുകളും നഷ്ടമായിരുന്നു. ചന്ദ്രശേഖര്‍ ഭവന്‍കുലെക്ക് നിയമസഭാ സീറ്റ് നിഷേധിച്ചതായിരുന്നു അന്നത്തെ പ്രശ്‌നം. എന്നാല്‍ ഇദ്ദേഹത്തെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്‍റാക്കിയാണ് ബിജെപി പരിഹാരം ചെയ്തത്.

എട്ട് വര്‍ഷത്തിന് ശേഷം തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബിജെപിയും ശിവസേനയുടെ ഷിന്‍ഡെ വിഭാഗവും തെരഞ്ഞെടുപ്പിനിറങ്ങുന്നത്. ലൗവ് ജിഹാദിനെതിരയുള്ള സകല്‍ ഹിന്ദു സമാജിന്റെ ജന്‍ ആക്രോഷ് റാലികള്‍ മുതല്‍ മി സവര്‍ക്കര്‍ റാലികള്‍ വരെ ഇതിനായി ഉപയോഗിക്കപ്പെടുന്നു. സവര്‍ക്കറെ പരിഹസിച്ച്‌ രാഹുല്‍ ഗാന്ധി ‘മാഫിവീര്‍’ പരാമര്‍ശം നടത്തിയതിന് നന്ദിയുണ്ടെന്നും അതുകൊണ്ടാണ് ഞങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതവും സംഭാവനകളും വീണ്ടും ഉയര്‍ത്തിക്കൊണ്ട് വന്നതെന്നും ദിവസങ്ങള്‍ക്ക് മുമ്ബ് നാഗ്പൂരിലെ റാലിയില്‍ ഗഡ്കരി പറഞ്ഞിരുന്നു. രാഹുലിന്റെ റാലി നടക്കാനിരിക്കെ സവര്‍ക്കറിനെ മുന്‍നിര്‍ത്തിയുള്ള പ്രചാരണങ്ങളിലാണ് ബിജെപി പ്രവര്‍ത്തകര്‍. അതേസമയം, നരേന്ദ്ര മോദി സര്‍ക്കാറിന്റെ അഴിമതിയും സ്വജനപക്ഷപാതവും തുറന്നുകാട്ടുന്നതിലൂടെ വിദര്‍ഭയില്‍ നഷ്ടപ്പെട്ട അടിത്തറ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് രാഹുല്‍ ഗാന്ധി. ആര്‍എസ്‌എസ് ആസ്ഥാനത്തിന് പുറമേ വേറെയും പ്രാധാന്യങ്ങള്‍ മഹാരാഷ്ട്രയിലെ ഓറഞ്ച് നഗരത്തിനുണ്ട്. 1956 ഒക്ടോബര്‍ 14-ന് ദീക്ഷഭൂമിയില്‍ ആയിരക്കണക്കിന് അനുയായികളോടൊപ്പം ഡോ.ബി.ആര്‍.അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചതും ഇവിടെയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular