Saturday, May 18, 2024
HomeKeralaനാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത അഭിനയശൈലിയുടെ ഉടമ : മാമുക്കോയയെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി

നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത അഭിനയശൈലിയുടെ ഉടമ : മാമുക്കോയയെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി

നടന്‍ മാമുക്കോയയുടെ വിയോഗത്തിൽ   അനുശോചിച്ച്‌ പ്രമുഖര്‍ .

നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമയായിരുന്നു മാമുക്കോയയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. മാമുക്കോയ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഹാസ്യ മുഹൂര്‍ത്തങ്ങള്‍ അവിസ്മരണീയങ്ങളാണ്, മലയാള സിനിമയുടെ മാത്രമല്ല മലയാളിയുടെ തന്നെ ഒരു കാലഘട്ടത്തിന്റെ ചിരിയാണ് മാമുക്കോയയുടെ വിയോഗത്തിലൂടെ മായുന്നത്.

കോഴിക്കോടന്‍ തനിമയുള്ള അഭിനയരീതിയും സംഭാഷണ ചാതുര്യവും നര്‍മബോധവും മാമുക്കോയയെ വ്യത്യസ്തനാക്കി. നാടകരംഗത്ത് കൂടി ചലച്ചിത്ര രംഗത്തെത്തി ആസ്വാദക ഹൃദയങ്ങളില്‍ മായാത്ത സ്ഥാനം ഉറപ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കേരള സാംസ്‌കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി കുറിച്ചു.  നാലര പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതത്തിലൂടെയും അതിന് മുന്‍പത്തെ നാടക പ്രവര്‍ത്തനത്തിലൂടെയും മാമുക്കോയ അഭിനയ കലാരംഗത്തെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വിലപ്പെട്ട പാഠപുസ്തകമായി   മാറിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

തന്റേതായ അഭിനയ ശൈലിയിലൂടെയും, മലബാറിലെ ഭാഷാശൈലിയിലൂടെയും, ഹാസ്യനടനായും സ്വഭാവ നടനായും മലയാളികളുടെ എക്കാലത്തേയും പ്രിയനടനായ മാമുക്കോയയുടെ വേര്‍പാട് ഏറെ ദുഃഖിപ്പിക്കുന്നതാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.

മാമുക്കോയ എന്ന അഭിനേതാവിനെ കുറിച്ച്‌ മലയാളിക്ക് ഇനിയും വായിച്ചോ കണ്ടോ അറിയേണ്ടതില്ലെന്നും അത്രയ്ക്ക് സുപരിചിതനാണ് അദ്ദേഹം മലയാളിക്കെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എക്കാലത്തെയും വലിയ ‘തഗ്’ ഡയലോഗുകള്‍ മലയാളിക്ക് കാഴ്ചവച്ച സുല്‍ത്താനാണ് അദ്ദേഹം. ”ഗഫൂര്‍ കാ ദോസ്ത്’ എന്ന പ്രയോഗത്തെക്കുറിച്ച്‌ അറിയാത്ത മലയാളി ഉണ്ടോ..! ദാസനും വിജയനും മാത്രമല്ല ”ഗഫൂര്‍ കാ ദോസ്ത്” പറഞ്ഞത്. നാടോടിക്കാറ്റിലെ ഗഫൂര്‍ക്കയെ കണ്ടറിഞ്ഞത് മുതല്‍ എല്ലാ മലയാളികളും ‘ഗഫൂര്‍ കാ ദോസ്ത്’ ആണ്- അനുശോചന സന്ദേശത്തില്‍ വി ശിവന്‍ കുട്ടി കുറിച്ചു.

മലയാള സിനിമയില്‍ ഹാസ്യത്തിന് വേറിട്ട ശെെലി സംഭാവന ചെയ്ത അതുല്യനായ കലാകാരനാണ് മാമുക്കോയയെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അനുസ്മരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular