Saturday, May 18, 2024
HomeKeralaഭയം വിടാതെ വേട്ടയാടും: ഇനി പഴയ അരിക്കൊമ്ബനാവില്ല

ഭയം വിടാതെ വേട്ടയാടും: ഇനി പഴയ അരിക്കൊമ്ബനാവില്ല

തിരുവനന്തപുരം : അരിക്കൊമ്ബന്‍ ഇനി പഴയ അരിക്കൊമ്ബനാകില്ല. കരുത്തും വീര്യവും ചോര്‍ന്ന് ഭയപ്പാടുള്ള ആനയായിട്ടായിരിക്കും അരിക്കൊമ്ബന്‍ ഇനി കാടുവാഴുക.

എത്ര അക്രമകാരിയായ മൃഗവും മനുഷ്യന് കീഴ്പ്പെടുന്നത് ഏറ്റവും ഒടുവില്‍ ഭയന്നിട്ടാണ്. ആ ഭയപ്പാടില്‍ നിന്ന് പിന്നീട് ഒരിക്കലും ആ മൃഗം വിമുക്തിനേടില്ല എന്ന് മൃഗപരിപാലകര്‍ പറയുന്നു. ആന ഉള്‍പ്പെടെ മൃഗങ്ങള്‍ മനുഷ്യനോട് മെരുങ്ങുന്നതും അങ്ങനെയാണ്.

കാട്ടാനകളെ സംബന്ധിച്ച്‌ മയക്കുവെടി വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കില്ല. ഒറ്റവെടിയാണ് അരിക്കൊമ്ബന് നല്‍കിയത്. അനുബന്ധമായി നല്‍കിയ നാലെണ്ണം ബൂസ്റ്റര്‍ ഡോസുകളും. മയക്കുവെടി അതിന്‍റെ ബുദ്ധിക്കോ ചലനങ്ങള്‍ക്കോ ഭാവിയില്‍ ഒരുവിധ പ്രശ്നങ്ങളും ഉണ്ടാക്കില്ലെന്നാണ് വെറ്ററിനറി ഡോക്ടര്‍മാരും പറയുന്നത്. ആനയുടെ മസിലുകളുടെ ബലച്ചോര്‍ച്ചയാണ് മയക്കുവെടികൊണ്ട് ദൗത്യസംഘങ്ങള്‍ ലക്ഷ്യമിടുന്നത്. തുറന്നുവിടുന്ന സമയത്ത് മയക്കംമാറാനുള്ള ആന്‍റിഡോട്ട് (മറുമരുന്ന്) കൂടി നല്‍കുന്നതോടെ ആരോഗ്യം തിരിച്ചുവരും.

ഇപ്പോള്‍ തുറന്നുവിട്ടിടത്ത് മറ്റ് ആനകളെ കൂട്ടിന് കിട്ടിയില്ലെങ്കില്‍ അരിക്കൊമ്ബന്‍ തന്‍റെ പഴയ ആവാസം തേടിയെത്താനുള്ള സാധ്യതയും വനംവകുപ്പ് തള്ളിക്കളയുന്നില്ല. ആനകള്‍ ദിവസവും 15 ഉം 20 ഉം കിലോമീറ്റര്‍ സഞ്ചരിക്കും.

ഇപ്പോള്‍ തുറന്നുവിട്ട മുല്ലക്കൊടി ഭാഗത്തുനിന്ന് റോഡ് മാര്‍ഗം 120 കി.മീറ്ററോളമുണ്ടെങ്കിലും വനത്തിനകത്ത് കൂടി സഞ്ചരിച്ചാല്‍ 60 കി.മീ താണ്ടിയാല്‍ ആനമുടിച്ചോലയിലെത്താം. അരിക്കൊമ്ബന്‍റെ വിഹാരകേന്ദ്രമായിരുന്ന മൂന്നാര്‍ ആനമുടിച്ചോലയുടെ മറുകരയിലാണ് ഇപ്പോള്‍ തുറന്നുവിട്ടിരിക്കുന്നത്. അരിക്കൊമ്ബന്‍റെ താവളം എപ്പോഴും ആനമുടിച്ചോലയായിരുന്നു.

അവിടെ നിന്ന് തമിഴ്നാട്ടിലേക്കും ചിന്നക്കനാലിലേക്കും ഇറങ്ങാം. അതിനാല്‍ എപ്പോള്‍ വേണമെങ്കിലും പഴയ തട്ടകത്തില്‍ അരിക്കൊമ്ബന്‍ എത്തിയേക്കാം. എങ്കിലും പഴയ ശൗര്യം കാണില്ലെന്ന് ഏതാണ്ട് ഉറപ്പിക്കാനാകും. ഇപ്പോള്‍ തുറന്നുവിട്ടയിടം ജനവാസമേഖലയല്ല, പൂര്‍ണമായും വനത്തിനകത്താണ്. ഇവിടെ വനംവകുപ്പിന്‍റെ ഒരു ക്യാമ്ബ് ഓഫിസ് മാത്രമാണുള്ളത്. ഏതെങ്കിലും വാഹനങ്ങള്‍ എത്തുന്നത് വര്‍ഷത്തിലൊരിക്കല്‍ മംഗളാദേവി ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടാണ്. റേഡിയോ കോളര്‍ ഘടിപ്പിച്ച്‌ വിട്ടതിനാല്‍ ആനയുടെ ഓരോനീക്കവും വനംവകുപ്പിന് അറിയാന്‍ സാധിക്കും. ആ നിരീക്ഷണം ഇപ്പോള്‍ കൃത്യമായി കിട്ടുന്നുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular