Sunday, May 19, 2024
HomeUSAഎച്-1 ബി വിസ അപേക്ഷകളിൽ വ്യാപകമായ തട്ടിപ്പു കണ്ടെത്തിയെന്നു കുടിയേറ്റ വകുപ്പ്: ഒരേയാളുടെ പേരിൽ...

എച്-1 ബി വിസ അപേക്ഷകളിൽ വ്യാപകമായ തട്ടിപ്പു കണ്ടെത്തിയെന്നു കുടിയേറ്റ വകുപ്പ്: ഒരേയാളുടെ പേരിൽ നിരവധി അപേക്ഷകൾ

എച്-1 ബി വിസകൾക്കുള്ള അപേക്ഷകൾ 61% കുതിച്ചുയർന്നതിനു പിന്നിൽ വ്യാപകമായ തട്ടിപ്പു നടന്നിട്ടുണ്ടെന്നു യുഎസ് അധികൃതർ അറിയിച്ചു. 2024 സാമ്പത്തിക വർഷത്തിൽ ലഭ്യമാവുന്ന താത്കാലിക തൊഴിൽ വിസകൾക്കുള്ള അപേക്ഷകളാണിവ.

നടപടി എടുക്കുമെന്നു കുടിയേറ്റ വകുപ്പ് (യുഎസ് സിഐഎസ്) വ്യക്തമാക്കി. അവർ വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു: “തട്ടിപ്പു നടന്നു എന്ന സംശയത്തിൽ വിശാലമായ അന്വേഷണം നടത്തി. ഒട്ടേറെ അപേക്ഷകൾ നിരസിക്കയും റദ്ദാക്കുകയും ചെയ്തു. ക്രിമിനൽ പ്രോസിക്യൂഷനു നടപടി എടുക്കാൻ നിയമ വകുപ്പുമായി ബന്ധപ്പെട്ടു വരികയാണ്.”

ലോട്ടറിക്ക് ഇക്കുറി ഒന്നിലധികം റജിസ്‌ട്രേഷനുള്ള 408,891 അപേക്ഷകരെയാണ് കണ്ടെത്തിയത്. കഴിഞ്ഞ വർഷം അങ്ങിനെ 165,180 അപേക്ഷകൾ ഉണ്ടായിരുന്നു.

എച്-1 ബി വിസകൾക്കു അപേക്ഷിക്കുന്ന ചില കമ്പനികൾ പരസ്‌പര ധാരണയോടെ ഒരേ ആളുടെ പേരിൽ പല അപേക്ഷകൾ സമർപ്പിച്ചിരിക്കാം എന്നു അന്വേഷണത്തിൽ കണ്ടതായി യുഎസ് സിഐഎസ് പറയുന്നു. നറുക്കെടുപ്പിലൂടെ വിസകൾ നൽകുമ്പോൾ ഒന്നിലധികം അപേക്ഷകൾ ഉണ്ടെങ്കിൽ നറുക്കു വീഴാനുള്ള സാധ്യതയും ഏറുന്നു.

ജോലിക്കു നിയമിക്കാൻ താൽപര്യമുള്ളവരുടെ അപേക്ഷകൾ കമ്പനികൾ തന്നെയാണ് സമർപ്പിക്കുക. 2024നുള്ള അപേക്ഷകളിൽ അസാധാരണ വർധന കണ്ടു. മുൻ വർഷം 483,927 അപേക്ഷകൾ ആണ് ഉണ്ടായിരുന്നത്. ഒക്ടോബറിൽ ആരംഭിച്ച 2024ൽ അത് 780,884 ആയി — വർധന 296.957.

അത്തരമൊരു വർധന സംശയം ഉയർത്തിയെന്നും ഏജൻസി പറയുന്നു. അനാവശ്യ നേട്ടത്തിനു വേണ്ടി ഒരേയാളുടെ  അപേക്ഷകൾ പലർ പരസ്പര ധാരണയോടെ നൽകിയെന്ന സൂചനകൾ കിട്ടി. അതു നറുക്കു വീഴാൻ സഹായിക്കും എന്ന പ്രതീക്ഷയിലാണ്.

“റെജിസ്ട്രേഷൻ പ്രക്രിയയിൽ തട്ടിപ്പു നടക്കുന്നതു തടയാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധമാണ്,” യുഎസ് സിഐഎസ് പറഞ്ഞു. “നിയമം ശരിയായി പാലിക്കുന്നവർക്കു മാത്രമേ എച്-1 ബി അപേക്ഷ സമർപ്പിക്കാൻ അവസരം ലഭിക്കാൻ പാടുള്ളൂ എന്ന കാര്യത്തിൽ ഞങ്ങൾക്കു വിട്ടുവീഴ്ചയില്ല.”

തട്ടിപ്പു നടത്തി എന്നു സംശയിക്കുന്നരുടെ വിവരങ്ങൾ കൂടുതൽ അന്വേഷണത്തിനും പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട ഫെഡറൽ ഏജൻസികൾക്കു കൈമാറും.

2024 വർഷത്തേക്കു 110,791 അപേക്ഷകൾ അംഗീകരിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ 70% വിസകളും ഇന്ത്യക്കാർക്കാണ് ലഭിച്ചിട്ടുള്ളത്.

Massive fraud detected in H-1 B visa applications

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular