Sunday, May 19, 2024
HomeGulfവാഹന പരിശോധന പൂര്‍ത്തിയാക്കാന്‍ ഓണ്‍ലൈന്‍ ബുക്കിങ് നിലവില്‍ വന്നു

വാഹന പരിശോധന പൂര്‍ത്തിയാക്കാന്‍ ഓണ്‍ലൈന്‍ ബുക്കിങ് നിലവില്‍ വന്നു

ജിദ്ദ : സൗദിയില്‍ വാഹനങ്ങളുടെ സാങ്കേതിക സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കാന്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഈ മാസം ഒന്ന് മുതല്‍ നിലവില്‍ വന്നു.

സൗദി സ്റ്റാന്‍ഡേര്‍ഡ്സ് മെട്രോളജി ആന്‍ഡ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ (എസ്.എ.എസ്.ഒ) ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ മോട്ടോര്‍ വെഹിക്കിള്‍ പീരിയോഡിക് ഇന്‍സ്‌പെക്ഷന്‍ (എം.വി.പി.ഐ) കേന്ദ്രങ്ങളില്‍ ലഭ്യമായ കൗണ്ടറുകളുടെ 50 ശതമാനം ഇത്തരത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

എം.വി.പി.ഐ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ബുക്കിങ് പൂര്‍ത്തിയാക്കാം. വാഹന ഉടമകള്‍ക്ക് തങ്ങളുടെ ഏറ്റവും അടുത്തുള്ള പരിശോധന സ്ഥലങ്ങള്‍ അറിയുന്നതിനും ഉചിതമായ തീയതി ബുക്ക് ചെയ്യുന്നതിനും ഇതുവഴി സാധിക്കും. പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം, ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച്‌ വാഹന പരിശോധന റിപ്പോര്‍ട്ട് ഗുണഭോക്താവിന് ഇലക്‌ട്രോണിക് ആയി അയക്കും.

പുതിയ വാഹനങ്ങളുടെ ആദ്യത്തെ സാങ്കേതിക പരിശോധന, വാഹനങ്ങളുടെ തരവും രജിസ്‌ട്രേഷനും അനുസരിച്ച്‌ വ്യത്യസ്തമായിരിക്കും. പരിശോധന റിപ്പോര്‍ട്ട് (ഫഹസ്) ലഭിക്കുന്നതിനായി മൂന്നു വര്‍ഷത്തിന് ശേഷമായിരിക്കും പുതിയ സ്വകാര്യ വാഹനങ്ങളുടെ ആദ്യത്തെ സാങ്കേതിക പരിശോധന നടത്തുക. എന്നാല്‍ ടാക്‌സികള്‍, പൊതുഗതാഗത വാഹനങ്ങള്‍, പബ്ലിക് ബസുകള്‍ എന്നിവയുടെ ആദ്യ പരിശോധന രണ്ട് വര്‍ഷത്തിന് ശേഷം തന്നെ നടത്തണം. പരിശോധനക്ക് വിധേയരാകാന്‍ ആഗ്രഹിക്കുന്നവരോട് vi.vsafety.sa എന്ന ലിങ്കില്‍ ലോഗിന്‍ ചെയ്ത് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാന്‍ എസ്.എ.എസ്.ഒ ആഹ്വാനം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular