Friday, May 3, 2024
HomeKeralaകുമാരനാശാന്റെ ജീവനെടുത്ത ബോട്ടപകടം: നൊമ്പരമായി തട്ടേക്കാടും തേക്കടിയുമെല്ലാം...(എ.എസ്)

കുമാരനാശാന്റെ ജീവനെടുത്ത ബോട്ടപകടം: നൊമ്പരമായി തട്ടേക്കാടും തേക്കടിയുമെല്ലാം…(എ.എസ്)

മലപ്പുറം : താനൂരിലെ തൂവല്‍തീരത്ത് ഇന്നലെയുണ്ടായ ബോട്ടപകടത്തിന്റെ ഞെട്ടലിലാണ് കേരളം. സ്ത്രീകളും കുട്ടികളുമടക്കം 22 പേരുടെ ജീവനുകളാണ് പൂരപ്പുഴയില്‍ പൊലിഞ്ഞത്. 10 പേരെ രക്ഷിക്കുകയും ചെയ്തു. അഞ്ച് പേര്‍ അപകടം നടന്ന സ്ഥലത്ത് നിന്ന് നീന്തിക്കയറിയെന്നും വിവരമുണ്ട്. സ്വകാര്യ ബോട്ടായതിനാല്‍ അപകടത്തില്‍ പെട്ടവരുടെ കൃത്യമായ കണക്ക് കണ്ടെത്തുന്നത് സര്‍ക്കാരിന് വെല്ലുവിളിയാവുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കേരളം കണ്ട ബോട്ടപകടങ്ങള്‍ നിരവധിയുണ്ട്. ആ അപകടങ്ങളിലെല്ലാം താനൂരിലേതുപോലെ സുരക്ഷാ വീഴ്ചതന്നെയായിരുന്നു പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. അവയെല്ലാം മായാത്ത നൊമ്പരമായി അവശേഷിക്കുകയും ചെയ്യുന്നു. അതിലൊന്നാണ് ആണ് കേരളം ഞെട്ടലോടെ ഓര്‍മ്മിക്കുന്ന ആദ്യ ബോട്ടപകടം. മഹാകവി കുമാരനാശാന്റെ മരണത്തിന് കാരണമായ ബോട്ടപകടമാണിത്.

മലയാള കവിതാ ലോകത്തു നിറസാന്നിദ്ധ്യമായി നിറഞ്ഞുനില്‍ക്കുന്ന സമയത്തായിരുന്നു അദ്ദേഹത്തിന്റെ അകാല വിയോഗം. 1924 ജനുവരി 16ന് വെളുപ്പിന് മൂന്നു മണിക്ക്, പല്ലനയാറ്റില്‍ ട്രാവന്‍കൂര്‍ ആന്റ് കൊച്ചിന്‍ മോട്ടോര്‍ സര്‍വ്വീസ് വക റെഡീമര്‍ ബോട്ടുമറിഞ്ഞാണ് കുമാരനാശാന്‍ അന്തരിച്ചത്. 51 വയസ്സേ അപ്പോള്‍ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. കൊല്ലത്തുനിന്ന് ആലപ്പുഴയിലേയ്ക്കുള്ള യാത്രയ്ക്കിടയിലാണ്് ദുരൂഹമായ ഈ അപകടംനടന്നത്,

കൊല്ലം ബോട്ട് ജെട്ടിയില്‍നിന്ന് രാത്രി 10.30ന്  റെഡീമര്‍ ബോട്ട് ആലപ്പുഴയ്ക്ക് തിരിക്കുമ്പോള്‍ യാത്രക്കാരുടെ മുഖത്ത്  ഭയാശങ്കകള്‍ നിഴലിച്ചിരുന്നു. തൊണ്ണൂറ്റിയഞ്ച് യാത്രക്കാരെ മാത്രം കയറ്റാന്‍ ലൈസന്‍സ് ലഭിച്ചിരുന്ന ബോട്ടില്‍ 145 യാത്രക്കാരും ഭാരിച്ച ചരക്കുകളും കയറ്റിയതാണ് യാത്രക്കാരെ ആശങ്കാകുലരാക്കിയത്. അപകടത്തില്‍ ഭൂരിഭാഗം യാത്രക്കാരും രക്ഷപെട്ടെങ്കിലും കുമാരനാശാന്‍ ഉള്‍പ്പെടെ 24 ഓളം പേര്‍ പല്ലനയാറ്റില്‍ നിദ്രയിലാണ്ടു.

കുമരകം

29 പേരുടെ ജീവനെടുത്തതാണ് 2002 ജൂലൈ 27ന് ഉണ്ടായ കുമരകം ബോട്ടപകടം. മുഹമ്മയില്‍ നിന്ന് രാവിലെ 5.45ന് നിറയെ യാത്രക്കാരുമായി കുമരകത്തേക്ക് പോയ ജലഗതാഗത വകുപ്പിന്റെ എ 53 നമ്പര്‍ ബോട്ടാണ് അപകടത്തില്‍പെട്ടത്. ദുരന്തത്തില്‍ 15 സ്ത്രീകളും ഒരു പിഞ്ചുകുഞ്ഞും ഉള്‍പ്പെടെ 29 പേരാണ് മരിച്ചത്. 104 പേര്‍ സഞ്ചരിക്കേണ്ട ബോട്ടില്‍ ഇരട്ടിയിലേറെ യാത്രക്കാര്‍ കയറിയതും ബോട്ടിന്റെ കാലപ്പഴക്കവുമാണ് അപകടത്തിന് കാരണം.

പി.എസ്.സി ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് പരീക്ഷ എഴുതാന്‍ കോട്ടയത്തേക്ക് പോയ മുഹമ്മ, കായിപ്പുറം, പുത്തനങ്ങാടി പ്രദേശങ്ങളിലെ ഉദ്യോഗാര്‍ഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നവരില്‍ ഏറെയും. സ്ഥിരം യാത്രക്കാരായ കൂലിപ്പണിക്കാരും മത്സ്യവില്‍പനക്കാരും ബോട്ടിലുണ്ടായിരുന്നു. എണ്ണത്തില്‍ കൂടുതല്‍ ആളെ കയറ്റിയ ബോട്ട് കായലിലെ മണല്‍ത്തിട്ടയില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കരുതുന്നു.

തട്ടേക്കാട് 

മലയാളികളെ കണ്ണീരിലാഴ്ത്തിയ മറ്റൊരു ബോട്ടപകടമായിരുന്നു എറണാകുളം തട്ടേക്കാടുണ്ടായത്. 2007 ഫെബ്രുവരി 20 നായിരുന്നു 15 സ്‌കൂള്‍ കുട്ടികളും മൂന്ന് അദ്ധ്യാപകരും തട്ടേക്കാട് ബോട്ട് മുങ്ങി മരിച്ചത്. അങ്കമാലി എളവൂര്‍ സെന്റ് ആന്റണീസ് സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്കു പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടില്‍ അനുവദനീയമായതില്‍ കൂടുതല്‍ പേരെ കയറ്റിയതായിരുന്നു അപകടകാരണമെന്നാണ് കണ്ടെത്തല്‍. വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ടിന്റെ അടിഭാഗം ഇളകി വെള്ളം കയറുകയായിരുന്നു. അപകടത്തില്‍പ്പെട്ട ബോട്ടിന് യാത്രാനുമതി ഇല്ലായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.

കോതമംഗലത്തു നിന്നും ഇരുപതു കിലോമീറ്റര്‍ അകലെ ഭൂതത്താന്‍ കെട്ട് അണക്കെട്ട് പരിസരത്തു നിന്നാണ് യാത്രാസംഘം ബോട്ടുകളില്‍ കയറിയത്. ഇവിടെ നിന്നും സമീപമുള്ള തട്ടേക്കാട് പക്ഷിസങ്കേതം സന്ദര്‍ശിച്ചു മടങ്ങുമ്പോഴാണ് വിനോദയാത്രികര്‍ സഞ്ചരിച്ചിരുന്ന മൂന്നു ബോട്ടുകളിലൊന്ന് മുങ്ങിയത്. നീന്തല്‍ അറിയാവുന്ന അധ്യാപകര്‍ നാല്പതോളം കുട്ടികളെ രക്ഷപ്പെടുത്തി.

തേക്കടി

45 പേരുടെ ജീവനെടുത്ത ബോട്ടപകടമായിരുന്നു തേക്കടിയില്‍ 2009 സെപ്റ്റംബര്‍ 30ന് ഉണ്ടായത്. വൈകുന്നേരം നാല് മണിയോടെയാണ് തേക്കടിയില്‍നിന്ന് മുല്ലപ്പെരിയാറിലേക്ക് പോകുകയായിരുന്ന കെ.ടി.ഡി.സിയുടെ ജലകന്യക എന്ന ബോട്ട് അപകടത്തില്‍പ്പെട്ടത്. 76 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ഈ ബോട്ട് പുറപ്പെട്ടിടത്തു നിന്ന് 12 കിലോമീറ്റര്‍ അകലെ മണക്കാവല എന്ന പ്രദേശത്തു വെച്ചാണ് മറിഞ്ഞത്. സംഭവത്തില്‍ 46 പേര്‍ മരിച്ചു.

ബോട്ടിലെ വിനോദ സഞ്ചാരികള്‍ കരയില്‍ കാട്ടാനക്കൂട്ടത്തെ കണ്ടതോടെ ഒരു വശത്തേക്കു നീങ്ങി. ഇതു കാരണം ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു എന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ ഭൂരിഭാഗം പേരും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരോ വിദേശികളോ ആമണ്. മരിച്ചവരില്‍ 11 സ്ത്രീകളും 13 കുട്ടികളും ഉള്‍പ്പെടുന്നു. രണ്ട് പേര്‍ മുംബൈ സ്വദേശികളും രണ്ടു പേര്‍ തമിഴ്നാട് സ്വദേശികളുമാണ്.

മട്ടാഞ്ചേരി

2015ല്‍ ഫോര്‍ട്ട് കൊച്ചി-വൈപ്പിനില്‍ ഉണ്ടായ ബോട്ടപകടത്തില്‍ അന്ന് മരിച്ചത് പതിനൊന്ന് പേരായിരുന്നു. കൊച്ചി നഗരസഭയുടെ എം.ബി ഭാരതെന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. യാത്രാബോട്ടിനെ സ്പീഡിലെത്തിയ മല്‍സ്യബന്ധന പോട്ട് ഇടിക്കുകയും ബോട്ട് തകരുകയായിരുന്നു. 45 പേരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. അന്നും ബോട്ടിന്റെ കാലപ്പഴക്കം സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

അപകടങ്ങള്‍ ഇങ്ങനെ തുടര്‍ക്കഥയാവുമ്പോള്‍ അത് ഒഴിവാക്കാനുള്ള ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കര്‍ശന നടപടിക ഉണ്ടവുന്നില്ലെന്നതാണ് സങ്കടകരം. ബോട്ടിന്റെ കാലപ്പഴക്കം, സുരക്ഷാ മാനദണ്ഡങ്ങള്‍ ഇവയൊന്നും വേണ്ടവിധം പരിശോധിക്കപ്പെടുന്നില്ല. ഒരു അപകടം ഉണ്ടായി നിരവധി പേര്‍ക്ക് ജീവഹാനി സംഭവിക്കുമ്പോള്‍ മാത്രമാണ് അധികൃതര്‍ ഉണരുന്നത്. പിന്നെ അന്വേഷണക്കസര്‍ത്തായി. കുറേക്കഴിയുമ്പോള്‍ നാമെല്ലാം അത് മറക്കും…അടുത്ത ദുരന്തം ഉണ്ടാകുന്നതുവരെ…നഷ്ടം ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മാത്രം…

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular