Friday, May 3, 2024
HomeIndiaഡല്‍ഹിയില്‍ ഡിപ്പാര്‍ട്മെന്റ് സെക്രട്ടറിയെ നീക്കി; കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി കെജ്രിവാള്‍

ഡല്‍ഹിയില്‍ ഡിപ്പാര്‍ട്മെന്റ് സെക്രട്ടറിയെ നീക്കി; കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി കെജ്രിവാള്‍

ന്യൂഡല്‍ഹി : ദേശീയ തലസ്ഥാനത്തെ ഉദ്യോഗസ്ഥരിലെ നിയന്ത്രണാധികാരം ഡല്‍ഹി സര്‍ക്കാറിനാണെന്ന സുപ്രീംകോടതി ഉത്തരവ് വന്നതിനു പിന്നാലെ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റിലെ സെക്രട്ടറിയെ പദവിയില്‍ നിന്ന് നീക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി ആശിഷ് മോറിനെയാണ് വ്യാഴാഴ്ച വൈകീട്ട് തന്നെ പദവിയില്‍ നിന്ന് ഒഴിവാക്കിയത്. ഉദ്യോഗസ്ഥ തലത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും ഇത് അതിന്റെ തുടക്കം മാത്രമാണെന്നും കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കി.

സുപ്രീംകോടതി ഉത്തരവ് വന്നതിനു തൊട്ടു പിന്നാലെ, പൊതു ജോലികള്‍ക്ക് തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് കെജ്രിവാള്‍ സൂചന നല്‍കിയിരുന്നു. നിരീക്ഷണ സംവിധാനം ഇപ്പോള്‍ ഞങ്ങള്‍ക്കൊപ്പമാണ്. കൃത്യമായി ജോലി ചെയ്യാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകും. -മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

‘തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും നിയമിക്കാനുമുള്ള അധികാരമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ നിയന്ത്രണത്തിലാണ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യേണ്ടത്’ – എന്ന് ആം ആദ്മി പാര്‍ട്ടി ട്വീറ്റ് ചെയ്തു.

തനിക്ക് ഒരു പ്യൂണിനെ പോലും നിയമിക്കാനോ സ്ഥലം മാറ്റാനോ സാധിക്കുന്നില്ലെന്നും ഉദ്യോഗസ്ഥരുടെ നിയന്ത്രണം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനായതിനാല്‍ ആരും ഡല്‍ഹി സര്‍ക്കാറിന്റെ ഉത്തരവുകള്‍ അനുസരിക്കുന്നില്ലെന്നും കെജ്രിവാള്‍ നിരന്തരം പരാതിപ്പെട്ടിരുന്നു.

വ്യാഴാഴ്ച വന്ന സുപ്രീംകോടതി ഉത്തരവാണ് കേന്ദ്രത്തിന്റെയും ഡല്‍ഹിയുടെയും അധികാരത്തര്‍ക്കത്തിന് പരിഹാരം കണ്ടത്. പൊലീസ്, റവന്യൂ, ക്രമസമാധാനം എന്നിവ ഒഴികെയുള്ള എല്ലാ മേഖലകളിലും ഡല്‍ഹി സര്‍ക്കാറിന് തന്നെയാണ് അധികാരമെന്നും ഉദ്യോഗസ്ഥര്‍ക്ക് മേല്‍ നിയന്ത്രണമില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് ഭരണ നിര്‍വ്വഹണം സാധ്യമല്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular