Friday, May 3, 2024
HomeKeralaസുഡാനിലെ ബഹ്റൈന്‍ എംബസി ആക്രമണം മന്ത്രിസഭ അപലപിച്ചു

സുഡാനിലെ ബഹ്റൈന്‍ എംബസി ആക്രമണം മന്ത്രിസഭ അപലപിച്ചു

നാമ: സുഡാനിലെ ബഹ്റൈൻ എംബസി കെട്ടിടത്തിലും അംബാസഡറുടെ വീട്ടിലും ആയുധ ധാരികള്‍ അതിക്രമിച്ചു കടക്കുകയും കേടുവരുത്തുകയും ചെയ്ത നടപടിയെ ബഹ്റൈൻ ശക്തമായി അപലപിച്ചു.

അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും നയതന്ത്ര മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായ നടപടിയാണിത്. സുഡാനിലെ അതിക്രമങ്ങളും രക്തച്ചൊരിച്ചിലുകളും ഇല്ലാതാക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമാവശ്യമായ നടപടികള്‍ അന്താരാഷ്ട്ര സമൂഹം കൈക്കൊള്ളേണ്ടതുണ്ടെന്നും കാബിനറ്റ് അഭിപ്രായപ്പെട്ടു. ബ്രൂണയ് ദാറുസ്സലാം ഭരണാധികാരി സുല്‍താൻ അല്‍ ഹാജ് അല്‍ ബല്‍ഖിയയുടെയും സംഘത്തിന്‍റെയും ബഹ്റൈൻ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് വിലയിരുത്തി.

രാജാവ് ഹമദ് ബിൻ ഈസ ആല്‍ഖലീഫയുമായി നടത്തിയ ചര്‍ച്ചകളും വിവിധ മേഖലകളില്‍ സഹകരിക്കുന്നതിനുള്ള കരാറുകളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായക വഴിത്തിരിവായിരിക്കുമെന്നും വിലയിരുത്തി. അഡ്മിറല്‍ ശൈഖ് ഈസ ബിൻ സല്‍മാൻ ബിൻ ഹമദ് ആല്‍ ഖലീഫ യു.എസിലെ സൈനിക യൂനിവേഴ്സിറ്റിയില്‍നിന്നും പരിശീലനം പൂര്‍ത്തിയാക്കിയതില്‍ അദ്ദേഹത്തിനും രാജാവ് ഹമദ് ബിൻ ഈസ ആല്‍ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്‍മാൻ ബിൻ ഹമദ് ആല്‍ ഖലീഫക്കും കാബിനറ്റ് ആശംസകള്‍ നേര്‍ന്നു.

സര്‍ക്കാര്‍ ഭൂമി വിവിധ കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതി വിലയിരുത്തുകയും പ്രതീക്ഷിത ലക്ഷ്യം നേടിയെടുക്കുന്നതിന് സാധ്യമാവുകയും ചെയ്യുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. സ്വകാര്യ മേഖലയുമായി സഹകരിച്ച്‌ എട്ട് പാര്‍പ്പിട പദ്ധതികള്‍ നടപ്പാക്കാൻ പ്രധാനമന്ത്രി പാര്‍പ്പിട മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.

പാര്‍പ്പിട ലോണുകളും പദ്ധതികളും സര്‍വിസുകളും മനസ്സിലാക്കുന്നതിനുതകുന്ന തരത്തില്‍ എക്സിബിഷനുകളും പരിപാടികളും സംഘടിപ്പിക്കാനും നിര്‍ദേശിച്ചു. പൊതു പദ്ധതികള്‍ക്കായി ഭൂമി അക്വയര്‍ ചെയ്യുന്നതിന് മുനിസിപ്പല്‍, കാര്‍ഷിക മന്ത്രി സമര്‍പ്പിച്ച ബില്ലിന് കാബിനറ്റ് അംഗീകാരം നല്‍കി. ദേശീയ അസംബ്ലി കെട്ടിടത്തിന്‍റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ പൊതുമരാമത്ത് മന്ത്രി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിവിധ മന്ത്രിമാരുടെ വിദേശ സന്ദര്‍ശനങ്ങളും പങ്കെടുത്ത പരിപാടികളുടെ വിശദാംശങ്ങളും അവതരിപ്പിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്‍മാൻ ബിൻ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലായിരുന്നു മന്ത്രിസഭ യോഗം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular