Saturday, May 18, 2024
Homeഎട്ടു മാസമായി ശമ്ബളമില്ല; ജീവിതം വഴിമുട്ടി ആറളം ഫാം തൊഴിലാളികള്‍

എട്ടു മാസമായി ശമ്ബളമില്ല; ജീവിതം വഴിമുട്ടി ആറളം ഫാം തൊഴിലാളികള്‍

കേളകം: എട്ടു മാസമായി ചെയ്ത ജോലിക്ക് കൂലിയില്ലാതെ ജീവിതം വഴിമുട്ടി ആറളം ഫാമിലെ തൊഴിലാളികള്‍ യാതനകളുടെ നടുക്കയത്തില്‍.

‘ഞങ്ങള്‍ക്ക് മണ്ണ് വാരിത്തിന്ന് ജീവിക്കാൻ പറ്റുമോ?’ എട്ടു മാസമായി ജീവിതം വഴിമുട്ടിയ ആറളം ഫാമിലെ തൊഴിലാളികളുടെ ചോദ്യമാണിത്. ‘പട്ടിണികിടന്ന് മടുത്തു. വേതനം ഇന്ന് കിട്ടും, നാളെക്കിട്ടും എന്ന് പറഞ്ഞ് പറ്റിച്ചാണ് ഇത്രയും നാള്‍ പണിയെടുപ്പിച്ചതെ’ന്ന് തൊഴിലാളികള്‍ പറയുന്നു. പണിയെടുത്താല്‍ മണ്ണില്‍ പൊന്നുവിളയിക്കാൻ കഴിയുന്ന ആറളം ഫാമില്‍ ചോരനീരാക്കി വിയര്‍പ്പൊഴുക്കി ജോലിചെയ്ത ഇവരുടെ കണ്ണുനീരിന് മുന്നില്‍ ഭരണകൂടം മുഖംതിരിഞ്ഞ് നില്‍ക്കുകയാണ്.

380ഓളം വരുന്ന തൊഴിലാളികളില്‍ 80 ശതമാനത്തിലധികം ആദിവാസി തൊഴിലാളികളാണ്. മുപ്പതോളം ജീവനക്കാരുമുണ്ട്. പിരിഞ്ഞുപോയ 21 പേര്‍ക്ക് രണ്ടു വര്‍ഷമായി ആനുകൂല്യങ്ങളും കിട്ടുന്നില്ല. ഇവരൊക്കെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ആറളം ഫാമില്‍ ചെലവഴിച്ചിട്ടും ശിഷ്ടകാലം ശമ്ബളത്തിനും ആനുകൂല്യത്തിനും വേണ്ടി നെട്ടോട്ടമോടുകയാണ്. കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ഇവര്‍ക്ക് സാധനസാമഗ്രികള്‍ കടം കൊടുക്കാതായി. സ്കൂള്‍ തുറന്നതോടെ കുട്ടികളുടെ പഠനത്തെയും ഇത് ബാധിക്കുന്നു.

ശമ്ബളത്തിനായി ഫാം ഓഫിസിന് മുന്നില്‍ 50 ദിവസത്തോളം ഇവര്‍ സമരം നടത്തിയിരുന്നു. ട്രേഡ് യൂനിയൻ നേതാക്കളും ജനപ്രതിനിധികളും മുഖ്യമന്ത്രിയെ കാണുകയും, വിഷയം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ട് രണ്ടാഴ്ച പിന്നെയും പിന്നിട്ടു. മുഖ്യമന്ത്രിയുടെ വാക്കിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ സമരം അവസാനിപ്പിച്ചത്. ഇതിനിടയില്‍ ഉറപ്പുനല്‍കിയ മുഖ്യമന്ത്രി അമേരിക്കയിലേക്ക് വിമാനം കയറുകയും ചെയ്തു.

റേഷൻ കിട്ടുന്നതുകൊണ്ട് മാത്രമാണ് ഇവര്‍ ജീവിച്ചുപോകുന്നത്. മുപ്പതും നാല്പതും വര്‍ഷങ്ങളായി ഇവിടെ തൊഴില്‍ ചെയ്യുന്നവരാണ് തങ്ങള്‍. മറ്റെന്തെങ്കിലും തൊഴില്‍തേടി പോകാമെന്ന് വെച്ചാല്‍ തങ്ങള്‍ക്ക് പ്രായമായെന്നും ഇനി എവിടെ പോകുമെന്നുമാണ് ഇവര്‍ ചോദിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular