Sunday, May 19, 2024
HomeKeralaപ്രിയ വര്‍ഗീസിന് ആശ്വാസം; നിയമനം ശരിവച്ച്‌ ഹൈക്കോടതി, സിംഗിള്‍ ‌ബെഞ്ച് ഉത്തരവ് റദ്ദാക്കി

പ്രിയ വര്‍ഗീസിന് ആശ്വാസം; നിയമനം ശരിവച്ച്‌ ഹൈക്കോടതി, സിംഗിള്‍ ‌ബെഞ്ച് ഉത്തരവ് റദ്ദാക്കി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് ആശ്വാസം.

ആവശ്യമായ അദ്ധ്യാപന പരിചയം പ്രിയ വര്‍ഗീസിന് ഇല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്ബ്യാര്‍, മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഒരു വ്യക്തി എന്ന നിലയില്‍ താൻ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള പ്രശ്നങ്ങള്‍ക്ക് വേട്ട എന്ന വാക്കാണ് പ്രയോഗിക്കാൻ തോന്നുന്നത്. ഒരുപാട് വിഷമം ഉണ്ടാക്കിയിട്ടുണ്ട്. അവസാനം ഇങ്ങനെയൊരു വിധി വന്നതില്‍ വളരെയധികം സന്തോഷമുണ്ടാക്കുന്നുവെന്നും പ്രിയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. നീതി കിട്ടിയതില്‍ സന്തോഷം. ക്ലാസ് മുറികള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുന്നതല്ല അദ്ധ്യാപനം. കോളേജ് യൂണിയനുകളുടെ മുഴുവൻ ചുമതലയും വഹിക്കുന്നത് സ്റ്റുഡൻ‌ഡ് ഡീൻ അല്ലെങ്കില്‍ സ്റ്റുഡൻഡ് സര്‍വീസ് ഡയറക്ടര്‍ എന്ന് ചില സര്‍വകലാശാലകളില്‍ വിളിക്കുന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥരാണ്. ഇതും നാഷണല്‍ സര്‍വീസ് സ്കീമിലെ പ്രവര്‍ത്തനവും അദ്ധ്യാപനത്തിന്റെ ഭാഗമാകില്ലേ എന്നത് ഇനിയെങ്കിലും പരിശോധിക്കണം.

പണ്ട് എൻഎസ്‌എസ് കോ-കരിക്കുലര്‍ ആക്ടിവിറ്റി ആയിരുന്നെങ്കില്‍ ഇന്ന് പുതിയ യുജിസി നിയമപ്രകാരം അത് കരിക്കുലത്തിന്റെ ഭാഗമാണ്. ഒരു അദ്ധ്യാപകനല്ലാതെ സര്‍വകലാശാല ഉദ്യോഗസ്ഥര്‍ക്ക് അതിന്റെ മേല്‍നോട്ടം വഹിക്കാനാകുമോ. അതോ അദ്ധ്യാപകരാരും ഈ മേഖലകളിലേയ്ക്ക് വരരുത് എന്ന ഉദ്ദേശവും ഇതിന് പിന്നിലുണ്ടോ എന്നും പ്രിയ ചോദിച്ചു. എന്തായാലും ഇതൊക്കെ അദ്ധ്യാപനത്തിന്റെ ഭാഗമാണെന്ന് വിദ്യാഭ്യാസത്തെ കുറിച്ച്‌ അറിയുന്ന ആരും സമ്മതിക്കും. ഇന്റര്‍വ്യൂവിന്റെ തലേ ദിവസം വിളിച്ച്‌ ഭീഷണിപ്പെടുത്തുന്നതിനെ ടാര്‍ഗറ്റ് ചെയ്യുക എന്നല്ലാതെ മറ്റൊന്നും പറയാനാകില്ല. പരാതിക്കാരൻ ആദ്യം കോടതിയെ അല്ല മാദ്ധ്യമങ്ങളെ ആണ് സമീപിച്ചത് എന്നതും സംശയമുയര്‍ത്തുന്ന കാര്യമാണെന്ന് പ്രിയ പറഞ്ഞു.

നേരത്തെ, കണ്ണൂര്‍ സര്‍വകലാശാലയിലെ പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ഹൈക്കോടതി അസാധുവാക്കിയിരുന്നു. പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസറായി നിയമിതയാവാനുള്ള യോഗ്യതയില്ലെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. എന്‍എസ്‌എസിലെ പ്രവര്‍ത്തനം അദ്ധ്യാപന പരിചയമല്ല, ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാവില്ല എന്നും കോടതി വ്യക്തമാക്കിയിരുന്നു. റാങ്ക് പട്ടിക പുനഃക്രമീകരിക്കണം എന്ന ആവശ്യവും കോടതി അംഗീകരിച്ചിരുന്നു.

യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചല്ല പ്രിയ വര്‍ഗീസിന്റെ നിയമനമെന്ന് ചൂണ്ടിക്കാട്ടി രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ണായക വിധി. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ അപേക്ഷിക്കാനുള്ള മിനിമം യോഗ്യതയായ എട്ട് വര്‍ഷത്തെ അദ്ധ്യാപനപരിചയം പ്രിയ വര്‍ഗീസിനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular