Sunday, May 19, 2024
HomeIndiaവൈദ്യുതി നിരക്ക് വര്‍ധന: കര്‍ണാടകയില്‍ ഇന്ന് വ്യവസായ സംഘടനകളുടെ ബന്ദ്; അനാവശ്യമെന്ന് മുഖ്യമന്ത്രി

വൈദ്യുതി നിരക്ക് വര്‍ധന: കര്‍ണാടകയില്‍ ഇന്ന് വ്യവസായ സംഘടനകളുടെ ബന്ദ്; അനാവശ്യമെന്ന് മുഖ്യമന്ത്രി

ബംഗളുരു: വൈദ്യുതി നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച്‌ ജൂണ്‍ 22 ന് കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്ത് വ്യവസായ സംഘടനകള്‍.

ഹുബ്ബള്ളി ആസ്ഥാനമായുള്ള കര്‍ണാടക ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസാണ് ബന്ദ് പ്രഖ്യാപിച്ചത്.

അതേസമയം, അടുത്ത മാസം മുതല്‍ വൈദ്യുതി നിരക്ക് കുറയുമെന്നും അതിനാല്‍ ബന്ദ് നടത്തേണ്ട ആവശ്യമില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു.

“ജൂണ്‍ 22ന് എല്ലാ വ്യവസായികളും തങ്ങളുടെ സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് അപേക്ഷിക്കുന്നു. വൈദ്യുതി നിരക്ക് വര്‍ധനയ്‌ക്കെതിരെയാണ് ഈ പ്രതിഷേധം. കഴിഞ്ഞ എട്ട് ദിവസമായി നിരക്ക് വര്‍ധനയുടെ പ്രത്യാഘാതങ്ങളെപ്പറ്റി അധികൃതരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അധികൃതരില്‍ നിന്ന് അനുകൂല മറുപടി ലഭിച്ചില്ല,” കര്‍ണാടക ചേംബര്‍ ഓഫ് കൊമേഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഗദഗ്, ബീജാപൂര്‍, റാഞ്ച്‌ബെന്നൂര്‍, റായ്ച്ചൂര്‍, താലിക്കോട്ടി, വിജയനഗര്‍, മൈസൂര്‍, ദാവന്‍ഗെരെ, കോപ്പല്‍, ബാഗല്‍കോട്ടി, ധാര്‍വാഡ്, സിര്‍സി, കാര്‍വാര്‍, ബിദാര്‍, ശിവമോഗ, കോലാര്‍, മാണ്ഡ്യ, ചിക്ക്മംഗളൂരു, യാദ്ഗിര്‍, ചിത്രദുര്‍ഗ, ബേരി, കമതാസ്‌ക, ഹാവേരി, കമതാസ്‌കന്‍ എന്നീ ജില്ലാ ചേംബറുകളും മറ്റ് വ്യവസായ സംഘടനകളും ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭമല്ല ഇതെന്നും തങ്ങളുടെ പരാതികള്‍ സര്‍ക്കാരിന്റെ ചെവിയിലെത്തിക്കാനുള്ള ശ്രമമാണിതെന്നുമാണ് കര്‍ണാടക ചേംബര്‍ ഓഫ് കൊമേഴ്‌സ് ആക്ടിംഗ് പ്രസിഡന്റ് സന്ദീപ് ബിദാസരിയ പറഞ്ഞത്. തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചേംബര്‍ ഓഫ് കൊമേഴ്‌സാണ് ബന്ദിന് ആഹ്വാനം ചെയ്തത്. എന്നാല്‍ ഈ തീരുമാനം ആരും ഗൗരവമായി എടുത്തിട്ടില്ല എന്നാണ് വിവരം. പലയിടത്തും കടകളും വാണിജ്യ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ചില ജില്ലകളില്‍ വ്യാപാരികള്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ചിലര്‍ പ്രതിഷേധപ്രകടനം നടത്തിയശേഷം കടകള്‍ തുറക്കുന്നുമുണ്ട്.

നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വ്യവസായികളുമായി ചര്‍ച്ച നടത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. നിലവിലെ പ്രതിഷേധം അനവസരത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസത്തോടെ വൈദ്യുതി നിരക്ക് കുറയുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

” അവര്‍ക്ക് തൃപ്തികരമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. വ്യവസായികളുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്,’ എന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

” വൈദ്യുതി ബില്‍ വര്‍ധിച്ചതായി ചിലര്‍ക്ക് തോന്നിയിട്ടുണ്ടാകും. രണ്ട് മാസത്തെ ബില്ലാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്. അതായിരിക്കാം പലര്‍ക്കും വൈദ്യുതി ബില്‍ അമിതമാണെന്ന് തോന്നിയത്. താരിഫ് കുറയ്ക്കാനാകില്ല. അടുത്ത മാസം മുതല്‍ ഓരോ മാസത്തേയും ബില്ല് അതത് മാസങ്ങളില്‍ തന്നെ നല്‍കും. അതോടെ ബില്‍ തുക കുറയും,’ സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular