Saturday, May 18, 2024
HomeGulfകോണ്‍കകാഫ് ഗോള്‍ഡ് കപ്പ്: ജയിച്ചേ തീരൂ, ഖത്തര്‍ ഇന്ന് വീണ്ടും കളത്തില്‍

കോണ്‍കകാഫ് ഗോള്‍ഡ് കപ്പ്: ജയിച്ചേ തീരൂ, ഖത്തര്‍ ഇന്ന് വീണ്ടും കളത്തില്‍

ദോഹ: കോണ്‍കകാഫ് ഗോള്‍ഡ് കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടാനുള്ള അവസരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഫുട്‌ബാളില്‍ അസാധ്യമായത് ഒന്നുമില്ലെന്നും ഖത്തര്‍ പരിശീലകൻ കാര്‍ലോസ് ക്വിറോസ്.

പ്രതീക്ഷകള്‍ ഇപ്പോഴും അവശേഷിക്കുന്നു. മികച്ച പ്രകടനം നടത്തി ടൂര്‍ണമെന്റില്‍ തിരിച്ചുവരവ് നടത്തും -ക്വിറോസ് പ്രത്യാശ പ്രകടിപ്പിച്ചു. ഗോള്‍ഡ് കപ്പിലെ രണ്ടാം മത്സരത്തില്‍ ഹോണ്ടുറസിനെ നേരിടുന്നതിന് അരിസോണയിലെ ഫീനിക്‌സിലേക്ക് ടീം പുറപ്പെടുന്നതിനു മുമ്ബായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തില്‍ ഖത്തര്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ച 2.45നാണ് മത്സരം.

ഗോള്‍ഡ് കപ്പില്‍ ഗ്രൂപ് ബിയില്‍ ആദ്യ മത്സരത്തില്‍ ഹെയ്തിയോട് അവസാനനിമിഷം വഴങ്ങിയ ഗോളിന് ഖത്തര്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയിരുന്നു. 16 ടീമുകള്‍ മാറ്റുരക്കുന്ന ചാമ്ബ്യൻഷിപ്പില്‍ ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും. അവസാന മത്സരത്തില്‍ ജൂലൈ മൂന്നിന് ശക്തരായ മെക്‌സികോയാണ് ഖത്തറിന്റെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതോടെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തണമെങ്കില്‍ ശേഷിക്കുന്ന രണ്ടു മത്സരങ്ങളും ഖത്തറിന് ജയിക്കണം.

അല്‍ അന്നാബികള്‍ ഹോണ്ടുറസിനെയും മെക്‌സികോയെയും പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ടിക്കറ്റുറപ്പിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഖത്തര്‍ പരിശീലകൻ. രണ്ടു വര്‍ഷം മുമ്ബ് നടന്ന ഗോള്‍ഡ് കപ്പില്‍ മികച്ച പ്രകടനം നടത്തി സെമിഫൈനലില്‍ പ്രവേശിച്ചിരുന്നു. ഹെയ്തിക്കെതിരായ മത്സരത്തില്‍ ജമൈക്കൻ റഫറി ഡാനിയൻ പാര്‍ച്ച്‌മെന്റിന്റെ തീരുമാനങ്ങള്‍ക്കെതിരെ ക്വിറോസ് നേരത്തേതന്നെ ശക്തമായ വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും താരങ്ങളില്‍ ആത്മവിശ്വാസം പുനഃസ്ഥാപിച്ച്‌ ശേഷിക്കുന്ന മത്സരങ്ങളില്‍ പ്രകടനം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ക്വിറോസുള്ളത്.

ആദ്യ മത്സരത്തില്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ആദ്യ മത്സരത്തില്‍ പരാജയം രുചിച്ചെങ്കിലും കളിക്കാരിലും അവരുടെ പ്രകടനത്തിലും എനിക്ക് അഭിമാനിക്കാനേറെയുണ്ടെന്നും അടുത്ത മത്സരത്തില്‍ മികച്ച പ്രകടനമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ക്വിറോസ് വ്യക്തമാക്കി. വരാനിരിക്കുന്ന മത്സരങ്ങളിലെല്ലാം അവസാന നിമിഷംവരെ ശ്രദ്ധകേന്ദ്രീകരിക്കാനും കളിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ടെന്നും കൂടുതല്‍ പ്രയത്‌നിച്ച്‌ രണ്ടാം മത്സരത്തിനായി തയാറെടുക്കണമെന്നും പറഞ്ഞ പരിശീലകൻ, ഞങ്ങളുടെ യുവനിര അവരുടെ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്ന് ഞാൻ കരുതുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.ടീമിലെ എല്ലാ താരങ്ങളുമായും കളിക്കാൻ കഴിഞ്ഞിരുന്നെങ്കില്‍ എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും, എന്നാല്‍ പരിക്കേറ്റ താരങ്ങള്‍ക്ക് മറ്റുള്ളവര്‍ക്കൊപ്പം കളിക്കാനാകില്ലെന്നും ടീമിനെ പുതുക്കുകയും മറ്റുള്ളവര്‍ക്ക് അവസരം നല്‍കുകയുമാണ് ഇപ്പോള്‍ തന്റെ ചുമതലയെന്നും ആദ്യ മത്സരത്തിലെ സ്‌ട്രൈക്കര്‍ അല്‍ മുഇസ് അലിയുടെ അഭാവത്തെക്കുറിച്ച്‌ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

2021ല്‍ ഗോള്‍ഡ് കപ്പില്‍ നാലു ഗോള്‍ നേടി ടോപ്‌സ്‌കോററായ അല്‍ മുഇസ് അലി ഹെയ്തിക്കെതിരെ അവസാന നിമിഷം പേശീവലിവ് മൂലം പിന്മാറുകയായിരുന്നു. ഹോണ്ടുറസിനെതിരായ മത്സരത്തില്‍ കളിക്കുമോ എന്ന കാര്യത്തില്‍ മെഡിക്കല്‍ ടീമിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ക്വിറോസും ഖത്തര്‍ ക്യാമ്ബും.അതേസമയം, ഹോണ്ടുറസിനെ നേരിടുന്നതിന് മുന്നോടിയായുള്ള ഖത്തറിന്റെ ആദ്യ പരിശീലന സെഷൻ ഇന്നലെ സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തില്‍ നടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular