Monday, May 20, 2024
HomeKeralaറോഡ് തകര്‍ന്നു; കാര്‍ഷിക ഉല്‍പന്നങ്ങള്‍ എത്തിക്കാന്‍ കഴുതകള്‍

റോഡ് തകര്‍ന്നു; കാര്‍ഷിക ഉല്‍പന്നങ്ങള്‍ എത്തിക്കാന്‍ കഴുതകള്‍

മൂന്നാര്‍: ഗ്രാമീണ റോഡുകള്‍ തകര്‍ന്ന് തരിപ്പണമായതോടെ വട്ടവട പഞ്ചായത്തില്‍പെട്ട വിദൂര അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് കാര്‍ഷിക ഉല്‍പന്നങ്ങള്‍ എത്തിക്കാൻ ആശ്രയം കഴുതകള്‍.

കോവിലൂര്‍-ചിലന്തിയാര്‍, കോവിലൂര്‍-കൊട്ടക്കാമ്ബൂര്‍ റോഡുകളാണ് തകര്‍ന്നത്. ഇതില്‍ ഏഴു കി.മീ. ദൂരം വരുന്ന കോവിലൂര്‍-ചിലന്തിയാര്‍ റോഡ് പൂര്‍ണമായി തകര്‍ന്ന് ഗതാഗതം അസാധ്യമായ നിലയിലാണ്.

വട്ടവട പഞ്ചായത്തിലെ ആദിവാസി ഊരുകള്‍ ഈ മേഖലയിലാണ്. സ്കൂള്‍ വാഹനങ്ങള്‍ എത്താതായതോടെ ആദിവാസി ഊരുകളായ കൂടല്ലാര്‍, വത്സപ്പട്ടി, സാമിയാര്‍ അള, പട്ടികജാതി കോളനി ഉള്‍പ്പെട്ട പഴത്തോട്ടം എന്നിവിടങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്ക് സ്കൂളുകളില്‍ എത്താൻ കഴിയാതായി. സ്കൂളിലേക്കും തിരിച്ചും 14 കി. മീ. നടക്കണം. ഇതുമൂലം ആദിവാസി മേഖലയില്‍നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്കും വര്‍ധിച്ചിട്ടുണ്ട്.

2010ല്‍ പി.എം.എസ്.വൈ പദ്ധതിയില്‍പെടുത്തി നിര്‍മിച്ചതാണ് കോവിലൂര്‍-ചിലന്തിയാര്‍ റോഡ്. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന ഈ റോഡ് രണ്ടാഴ്ച മുമ്ബുണ്ടായ കനത്ത മഴയില്‍ മണ്ണിടിഞ്ഞും മറ്റും പൂര്‍ണമായി തകര്‍ന്നു. ഇതുവഴി കോവിലൂരില്‍നിന്ന് പഴത്തോട്ടത്തേക്ക് 15 കിലോമീറ്ററാണ് ദൂരം. നാല് ഊരുകളിലായി നാനൂറോളം ആദിവാസി കുടുംബങ്ങളാണുള്ളത്. കൃഷിയും ചെറുകിട വനവിഭവ ശേഖരണവുമാണ് ഇവരുടെ പ്രധാന ഉപജീവന മാര്‍ഗം.

തങ്ങളുടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിപണനത്തിന് പഞ്ചായത്ത് ആസ്ഥാനമായ കോവിലൂരില്‍ എത്തിക്കാൻ മാര്‍ഗം അടഞ്ഞതോടെ ഇവക്ക് വിലയും കിട്ടാതായി. കഴുതപ്പുറത്ത് കയറ്റി നടന്നാണ് ഇപ്പോള്‍ ഇവര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കുന്നത്.

ഈ മേഖലയില്‍ ആര്‍ക്കെങ്കിലും അടിയന്തര ചികിത്സ ആവശ്യമായി വന്നാല്‍ മണിക്കൂറുകള്‍ നടന്നുവേണം സി.എച്ച്‌.സി പ്രവര്‍ത്തിക്കുന്ന കോവിലൂരില്‍ എത്താൻ. റോഡുകള്‍ തകര്‍ന്നത് മൂലം പഞ്ചായത്തിലെ മുഴുവൻ ആദിവാസി ഊരുകളും ഒറ്റപ്പെട്ട നിലയിലാണ്. അടിയന്തരമായി ഈ റോഡുകള്‍ ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ മഴ കനക്കുന്നതോടെ ജനങ്ങളുടെ ദുരിതവും വര്‍ധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular