Friday, May 3, 2024
HomeIndiaമധ്യപ്രദേശ് തിരഞ്ഞെടുപ്പ് ; സിന്ധ്യയുടെ ശക്തികേന്ദ്രത്തില്‍ പ്രിയങ്കയെ രംഗത്തിറക്കി കോണ്‍ഗ്രസ്

മധ്യപ്രദേശ് തിരഞ്ഞെടുപ്പ് ; സിന്ധ്യയുടെ ശക്തികേന്ദ്രത്തില്‍ പ്രിയങ്കയെ രംഗത്തിറക്കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തികേന്ദ്രത്തില്‍ പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കി കോണ്‍ഗ്രസിന്റെ പടപ്പുറപ്പാട്.

മധ്യപ്രദേശിലെ ഗ്വാളിയര്‍ – ചമ്ബല്‍ മേഖലയിലാണ് കോണ്‍ഗ്രസിന്റെ പ്രചാരണം നയിക്കാൻ പ്രിയങ്ക ഗാന്ധി രംഗത്തിറങ്ങുക. ഈ മാസം 20നു ശേഷം പ്രിയങ്ക ഇവിടെ റാലി നടത്തുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

സിന്ധ്യ മറുകണ്ടം ചാടിയെങ്കിലും മേഖലയില്‍ പിടിച്ചുനില്‍ക്കാനാകുമെന്നാണു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെയുള്ള 34ല്‍ 26 സീറ്റ് കോണ്‍ഗ്രസ് നേടിയിരുന്നു. ഈ വര്‍ഷമവസാനം നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 26 സീറ്റ് വരെ നേടാമെന്ന ‘സി വോട്ടര്‍’ സര്‍വേ ഫലം പാര്‍ട്ടിക്ക് ഊര്‍ജമായിട്ടുണ്ട്. 2020 ല്‍ സിന്ധ്യയ്ക്കൊപ്പം ബിജെപിയിലേക്കു പോയ രാകേഷ് കുമാര്‍ ഗുപ്ത, ബെയ്ജ്‌നാഥ് സിങ് യാദവ് തുടങ്ങിയ നേതാക്കള്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതും കരുത്താകും.

മറുവശത്ത്, ബിജെപിയുടെ മുന്നേറ്റം ഉറപ്പാക്കേണ്ടത് സിന്ധ്യയ്ക്ക് അഭിമാനപ്രശ്നമാണ്. സിന്ധ്യയെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടില്ലെന്ന സൂചനകള്‍ പ്രകടമാണ്. സിന്ധ്യ അനുകൂലികള്‍ക്ക് സീറ്റ് നല്‍കുന്നതിനോടു പ്രാദേശിക നേതാക്കളില്‍ പലര്‍ക്കും എതിര്‍പ്പുണ്ട്. ഇതിനിടെയാണ് പ്രിയങ്ക ഗാന്ധിയെ നേരിട്ട് രംഗത്തിറക്കി കളം പിടിക്കാനുള്ള കോണ്‍ഗ്രസ് നീക്കം.

അടുത്ത 50 ദിവസത്തിനുള്ളില്‍ മധ്യപ്രദേശിലാകെ 50 റാലികള്‍ നടത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രിയങ്കയ്ക്കു പുറമെ പാര്‍ട്ടി ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരെയും രംഗത്തിറക്കും. ഇത്തവണ ബിജെപിയില്‍നിന്ന് മധ്യപ്രദേശ് പിടിച്ചെടുക്കാൻ എല്ലാ സാഹചര്യങ്ങളുമുണ്ടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഒരുക്കം സജീവമാക്കുന്നതിനുള്ള നടപടികള്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ കമല്‍നാഥ് എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്, അജയ് സിങ് രാഹുല്‍, സംസ്ഥാനത്തിന്റെ ചുതലയുള്ള ജെ.പി. അഗര്‍വാള്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular