Sunday, May 19, 2024
HomeKeralaപി ആന്‍ഡ് ടി കോളനി നിവാസികള്‍ക്ക് ഓണം പുതിയ വീട്ടില്‍

പി ആന്‍ഡ് ടി കോളനി നിവാസികള്‍ക്ക് ഓണം പുതിയ വീട്ടില്‍

കൊച്ചി: കടവന്ത്ര പി ആന്‍ഡ്ടി കോളനി നിവാസികള്‍ക്ക് മുണ്ടംവേലിയില്‍ ജിസിഡിഎ നിര്‍മിക്കുന്ന ഭവനസമുച്ചയം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഓണത്തോടെ ഫ്ലാറ്റുകള്‍ ഉടമകള്‍ക്ക് കൈമാറാണ് ലക്ഷ്യമിടുന്നത്. ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്ന് ജിസിഡിഎ അറിയിച്ചു.
മുണ്ടംവേലിയിലെ ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള 70 സെന്‍റ് സ്ഥലത്ത് രണ്ട് ബ്ലോക്കുകളിലായാണ് നാലുനില ഫ്ലാറ്റ് സമുച്ചയം. 82 പേര്‍ക്കാണ് വീടുകള്‍ ലഭിക്കുക. ഒന്നില്‍ 42 ഫ്ലാറ്റുകളും രണ്ടാമത്തേതില്‍ 40 ഫ്ലാറ്റുകളുമുണ്ട്. ഇലക്‌ട്രിക്കല്‍, പ്ലമ്ബിംഗ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. 375 ചതുരശ്രയടിയിലുള്ള ഫ്ലാറ്റില്‍ രണ്ട് കിടപ്പുമുറികള്‍, ഒരു ലിവിംഗ് കം ഡൈനിംഗ് റൂം, അടുക്കള, ടോയ്‌ലെറ്റ് എന്നീ സൗകര്യങ്ങളാണുള്ളത്.

2020 ഒക്ടോബറിലാണ് ഭവനസമുച്ചയം നിര്‍മിക്കാന്‍ തൃശൂര്‍ ജില്ലാ ലേബര്‍ സൊസൈറ്റിയുമായി ജിസിഡിഎ കരാര്‍ ഒപ്പിട്ടത്. 14.61 കോടി രൂപയാണ് പദ്ധതിച്ചെലവ്. ലൈഫ് മിഷന്‍ 9.03 കോടി രൂപയും പിഎംഎവൈ വഴി 1.23 കോടി രൂപയും കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷന്‍ (സിഎസ്‌എംഎല്‍) 4.86 കോടി രൂപയും നല്‍കി. ജില്ലാ കളക്ടര്‍, മേയര്‍, ജിസിഡിഎ ചെയര്‍മാന്‍, അമിക്കസ് ക്യൂറി എന്നിവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നിര്‍മാണം.

പുതിയ താമസസ്ഥലത്തേക്ക് മാറുന്നതോടെ പതിറ്റാണ്ടുകളായി പിആന്‍ഡ്ടി കോളനി നിവാസികള്‍ അനുഭവിച്ച ദുരിതത്തിനും അറുതിയാകും. മഴക്കാലത്ത് മലിനജലത്തില്‍ മുങ്ങിയാണ് കോളനി നിവാസികളുടെ ജീവിതം. കോളനിയിലെ വീടുകളില്‍ നിന്നുള്ള കക്കൂസ് മാലിന്യം നേരിട്ട് പേരണ്ടൂര്‍ കനാലിലേക്കാണൊഴുകുന്നത്. വേലിയേറ്റ സമയത്തും മഴക്കാലത്തും ഈ മാലിന്യം വീടിനുള്ളിലെത്തും.

കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കരി ഓയില്‍ കലര്‍ന്ന വെള്ളവും മാലിന്യങ്ങളും പേരണ്ടൂര്‍ കനാല്‍ വഴി വീടുകളിലേക്ക് കയറുന്നതും പതിവാണ്. വാസയോഗ്യമായ വീടു നല്‍കണമെന്നാവശ്യപ്പെട്ട് എല്ലാ മഴക്കാലത്തും കോളനിനിവാസികള്‍ കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ സമരം നടത്താറുണ്ടായിരുന്നു.

കോളനിക്കാരുടെ വീടിന്‍റെ കാര്യത്തില്‍ തീരുമാനമാകാതെ ഗാന്ധിനഗര്‍ വെളിയിട വിസര്‍ജ്ജന വിമുക്ത ഡിവിഷനാണെന്ന സമ്മതപത്രത്തില്‍ ഒപ്പിട്ടുനല്‍കില്ലെന്ന കഴിഞ്ഞ കൗണ്‍സിലിന്‍റെ കാലത്ത് കൗണ്‍സിലര്‍ പൂര്‍ണിമ നാരായണ്‍ നിലപാട് സ്വീകരിച്ചതോടെയാണ് ജിസിഡിഎ ഇക്കാര്യത്തില്‍ ഇടപെട്ടത്.

തുടര്‍ന്ന് മുണ്ടംവേലിയില്‍ പുതിയ ഭവനസമുച്ചയം നിര്‍മിക്കാമെന്ന് അന്നത്തെ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ ഉറപ്പുനല്‍കി. ഇതിനായി ഏഴുകോടിയോളം വിപണി മൂല്യമുള്ള 70 സെന്‍റ് സ്ഥലം ജിസിഡിഎ സൗജന്യമായി വിട്ടുനല്‍കി. വീടിന് അര്‍ഹരായവരെ കോര്‍പറേഷനാണ് തെരഞ്ഞെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular