Saturday, May 4, 2024
HomeIndiaയാസീന്‍ മാലിക് എത്തി, സുപ്രീംകോടതിയില്‍ സുരക്ഷാവീഴ്ച,

യാസീന്‍ മാലിക് എത്തി, സുപ്രീംകോടതിയില്‍ സുരക്ഷാവീഴ്ച,

ന്യൂഡല്‍ഹി: ഭീകര ഫണ്ടിംഗ് കേസില്‍ തീഹാര്‍ ജയിലില്‍ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന കാശ്‌മീരി വിഘടനവാദി നേതാവ് യാസിൻ മാലിക് സ്വന്തം കേസ് വാദിക്കാൻ സുപ്രീംകോടതിയില്‍ ഹാജരായതില്‍ സുരക്ഷാവീഴ്ച വിവാദം.

ജയിലില്‍ നിന്ന് പുറത്തിറക്കാൻ പാടില്ലാത്ത അതീവ സുരക്ഷാ കാറ്റഗറിയിലുള്ള യാസീൻ മാലിക്കിനെ ജയില്‍ ഉദ്യോഗസ്ഥര്‍ അങ്ങേയറ്റം അശ്രദ്ധമായി കോടതിയില്‍ കൊണ്ടുവന്നത് സുപ്രീംകോടതിയെയും കേന്ദ്ര സര്‍ക്കാരിനെയും അമ്ബരപ്പിച്ചു.

ജമ്മു കാശ്‌മീര്‍ മുൻ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മകളെ തട്ടിക്കൊണ്ടുപോയ കേസിലും, നാല് വ്യോമസേനാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലും വിചാരണയ്‌ക്ക് യാസിൻ മാലികിനെ നേരിട്ട് ഹാജരാക്കണമെന്ന് ജമ്മുവിലെ പ്രത്യേക കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെ മാലിക് സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിന്റെ വാദത്തിനാണ് ഇന്നലെ നേരിട്ട് ഹാജരാക്കിയത്. ജസ്റ്റിസ്‌മാരായ സൂര്യകാന്തും, ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ച് ഇതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഹാജരാക്കാനുളള ഉത്തരവില്ലാതെ എന്തിനാണ് കൊണ്ടുവന്നെന്ന് ചോദിച്ചു. വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്രിസ് ദീപാങ്കര്‍ ദത്ത പിന്മാറുകയും ചെയ്തു. യാസിൻ മാലികിനെ ഭാവിയില്‍ വീഡിയോ കോണ്‍ഫറൻസ് മുഖേന ഹാജരാക്കിയാല്‍ മതിയെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

കോടതി ഉത്തരവ് തെറ്രായി വ്യാഖ്യാനിച്ച്‌ ജയില്‍ അധികൃതര്‍ വരുത്തിയ പിഴവാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു വിശദീകരിച്ചു.

 യാസിൻ മാലിക് നേരിട്ട് ഹാജരായത് വൻസുരക്ഷാ വീഴ്ചയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. ഹൈ റിസ്‌ക് കാറ്റഗറി തടവുകാരനാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും കോടതിക്ക് ഉറപ്പ് നല്‍കി. പിന്നാലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയ്ക്ക് കടുത്ത ഭാഷയില്‍ കത്തെഴുതുകയും ചെയ്തു. കോടതിയില്‍ കൊണ്ടുവരവേ യാസിൻ മാലിക് രക്ഷപ്പെടാനോ, കൊല്ലപ്പെടാനോ സാദ്ധ്യതയുണ്ടായിരുന്നെന്നും കത്തില്‍ അറിയിച്ചു.

സംഭവത്തില്‍ അന്വേഷണത്തിന് തീഹാര്‍ ജയില്‍ ഡയറക്ടര്‍ സഞ്ജയ് ഉത്തരവിട്ടു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തണം. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular