Friday, May 3, 2024
HomeIndiaഗ്യാന്‍വാപി മസ്ജിദിലെ സര്‍വേ സുപ്രീം കോടതി നിര്‍ത്തിവെപ്പിച്ചു

ഗ്യാന്‍വാപി മസ്ജിദിലെ സര്‍വേ സുപ്രീം കോടതി നിര്‍ത്തിവെപ്പിച്ചു

ക്‌നോ: ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ ഗ്യാന്‍വാപി മസ്ജിദിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ എസ് ഐ)യുടെ ‘ശാസ്ത്രീയ സര്‍വേ’ സുപ്രീം കോടതി താത്കാലികമായി തടഞ്ഞു.

രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ആണ് സര്‍വേ നിര്‍ത്തിവെക്കാൻ നിര്‍ദേശിച്ചത്.

ബുധനാഴ്ച വൈകിട്ട് അഞ്ച് വരെയുള്ള സമയത്ത് മസ്ജിദ് കമ്മിറ്റിക്ക് സര്‍വേക്കെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാം. വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീം കോടതി, വിഷയം പുതുതായി പരിഗണിക്കാൻ അലഹബാദ് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി. സുപ്രീം കോടതി നിര്‍ദേശം അംഗീകരിക്കുന്നുവെന്ന് വാരാണസി ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.

എ എസ് ഐയുടെ സര്‍വേ ഖനനത്തിലേക്ക് നയിക്കുമെന്ന് മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഖനനമുണ്ടാകില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉറപ്പുനല്‍കി. അളക്കല്‍, ഫോട്ടോയെടുക്കല്‍, റഡാര്‍ പഠനം തുടങ്ങിയവയാണ് നടത്തുന്നതെന്നും മേത്ത പറഞ്ഞു. ഇത് തങ്ങള്‍ രേഖപ്പെടുത്തുന്നതായി ചീഫ് ജസ്റ്റിസ് പറഞ്ഞു.

എ എസ് ഐ സംഘമാണ് ഇന്ന് രാവിലെ ഏഴ് മുതല്‍ സര്‍വേ ആരംഭിച്ചത്. വാരാണസി ജില്ലാ കോടതിയാണ് സര്‍വേക്ക് അനുമതി നല്‍കിയത്. സര്‍വേ സീല്‍ ചെയ്ത വുളുഖാന ഒഴികെയുള്ള എല്ലാ സ്ഥലത്തും സര്‍വേ നടത്താനാണ് നീക്കം. 2022ലെ പരിശോധനയില്‍ വുളുഖാനയില്‍ ശിവലിംഗമുണ്ടെന്ന് ഹിന്ദു കക്ഷി അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് ഇത് സീല്‍ ചെയ്തത്.

ആഗസ്റ്റ് നാലിന് എ എസ് ഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വെള്ളിയാഴ്ചയാണ് കോടതി സര്‍വേക്ക് അനുമതി നല്‍കിയത്. ശാസ്ത്രീയ പരിശോധന അനിവാര്യമാണെന്ന് പറഞ്ഞാണ് കോടതി പരിശോധനക്ക് അനുമതി നല്‍കിയത്. കനത്ത പോലീസ് സന്നാഹത്തിലാണ് സര്‍വേ ആരംഭിച്ചിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular