Sunday, May 19, 2024
HomeIndiaഇന്ത്യയും വെസ്‌റ്റിന്‍ഡീസും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റിന്‌ തടസമായി മഴ

ഇന്ത്യയും വെസ്‌റ്റിന്‍ഡീസും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റിന്‌ തടസമായി മഴ

പോര്‍ട്ട്‌ ഓഫ്‌ സ്‌പെയിന്‍: ഇന്ത്യയും വെസ്‌റ്റിന്‍ഡീസും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റിന്‌ തടസമായി മഴ.

അവസാന ദിവസം വിന്‍ഡീസ്‌ രണ്ടിന്‌ 76 റണ്ണെന്ന നില്‍ക്കേയാണു മഴയെത്തിയത്‌. ജെര്‍മെയ്‌ന്‍ ബ്ലാക്ക്‌വുഡ്‌ (39 പന്തില്‍ 20), ടാഗ്നരേന്‍ ചന്ദര്‍പോള്‍ (98 പന്തില്‍ 24) എന്നിവരാണു ക്രീസില്‍. 365 റണ്ണാണു വിന്‍ഡീസിന്റെ വിജയ ലക്ഷ്യം. തോല്‍വി ഒഴിവാക്കാന്‍ അവര്‍ക്ക്‌ 289 റണ്‍ കൂടി വേണം.

നായകന്‍ ക്രെയ്‌ഗ് ബ്രാത്‌വെയ്‌റ്റ് (52 പന്തില്‍ 28), കിര്‍ക്‌ മക്കന്‍സി (0) എന്നിവരെ അവര്‍ക്ക്‌ നാലാം ദിവസം വൈകിട്ടു തന്നെ നഷ്‌ടപ്പെട്ടു. ഓഫ്‌ സ്‌പിന്നര്‍ ആര്‍. അശ്വിനാണു രണ്ടു പേരെയും പുറത്താക്കിയത്‌. ബ്രാത്‌വെയ്‌റ്റിനെ ജയദേവ്‌ ഉനാത്‌കട്ട്‌ പിടികൂടിയപ്പോള്‍ കിര്‍ക്‌ മക്കന്‍സി വിക്കറ്റിനു മുന്നില്‍ കുടുങ്ങി. ഇന്ത്യ രണ്ടാം ഇന്നിങ്‌സ് രണ്ടിന്‌ 181 റണ്ണെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌തിരുന്നു. നായകനും ഓപ്പണറുമായ രോഹിത്‌ ശര്‍മ (44 പന്തില്‍ മൂന്ന്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 57), വിക്കറ്റ്‌ കീപ്പര്‍ ഇഷാന്‍ കിഷന്‍ (34 പന്തില്‍ രണ്ട്‌ സിക്‌സറും നാല്‌ ഫോറുമടക്കം പുറത്താകാതെ 52) എന്നിവര്‍ അര്‍ധ സെഞ്ചുറികളുമായി തിളങ്ങി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും (30 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം 38) കിട്ടിയ അവസരം മുതലാക്കി. മയത്തില്‍ ബാറ്റ്‌ ചെയ്‌ത ശുഭ്‌മന്‍ ഗില്‍ (37 പന്തില്‍ 29) ഇഷാനൊപ്പം പുറത്താകാതെനിന്നു. ഇഷാന്റെ ടെസ്‌റ്റ് കരിയറിലെ ആദ്യ അര്‍ധ സെഞ്ചുറിയാണു പിറന്നത്‌. രോഹിതും ഇഷാനും 50 കടക്കാന്‍ 40 പന്തുകള്‍ വേണ്ടി വന്നില്ല.

ഇന്ത്യന്‍ ബാറ്റര്‍മാര്‍ കത്തിക്കയറിയതോടെ റെക്കോഡുകളും പിറന്നു. മിനിമം 20 ഓവര്‍ നീണ്ട ഒരു ടെസ്‌റ്റ് ഇന്നിങ്‌സില്‍ ഏറ്റവും ഉയര്‍ന്ന റണ്‍റേറ്റ്‌ നിലനിര്‍ത്തിയ ടീം എന്ന റെക്കോഡ്‌ ഇന്ത്യയുടെ പേരിലായി. 7.54 എന്ന റണ്‍ റേറ്റിലായിരുന്നു അടി. 2017 ല്‍ സിഡ്‌നിയില്‍ പാകിസ്‌താനെതിരേ 7.53 റേറ്റില്‍ 32 ഓവറില്‍ രണ്ട്‌ വിക്കറ്റിന്‌ 241 റണ്ണെടുത്ത ഓസ്‌ട്രേലിയന്‍ ടീമിന്റെ റെക്കോഡാണു മറികടന്നത്‌. ടെസ്‌റ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 100 റണ്‍ തികയ്‌ക്കുന്ന ടീം എന്ന റെക്കോഡും ഇന്ത്യ സ്വന്തമാക്കി. വിന്‍ഡീസിനെതിരേ 12.2 ഓവറിലാണ്‌ (74 പന്തുകള്‍) ഇന്ത്യ സെഞ്ചുറിയടിച്ചത്‌. 22 വര്‍ഷം ശ്രീലങ്ക സൂക്ഷിച്ച റെക്കോഡാണ്‌ ക്വീന്‍സ്‌ പാര്‍ക്ക്‌ ഓവലില്‍ വീണത്‌. 2001 ല്‍ ബംഗ്ലാദേശിനെതിരേ 13.2 ഓവറിലാണ്‌ (80 പന്തുകള്‍) ലങ്ക 100 ലെത്തിയത്‌.

രോഹിത്‌ ടെസ്‌റ്റ് കരിയറിലെ തന്റെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറിയാണ്‌ കുറിച്ചത്‌. 33 പന്തില്‍ 50 ലെത്തിയ ഇഷാന്‍ കിഷന്‍ ഒരു ഇന്ത്യന്‍ വിക്കറ്റ്‌ കീപ്പറുടെ രണ്ടാമത്തെ വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന നേട്ടവും സ്വന്തമാക്കി. 28 പന്തില്‍ 50 റണ്ണെടുത്ത ഋഷഭ്‌ പന്തിന്റെ പേരിലാണ്‌ ഈ റെക്കോഡ്‌.

രോഹിത്തിന്റെ പ്രകടനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടായിരുന്നു ഇഷാനും ആഞ്ഞടിച്ചത്‌. ടെസ്‌റ്റ് ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ ഇതാദ്യമായിട്ടാണ്‌ ഒരു ടീമിലെ രണ്ടു കളിക്കാര്‍ ഒരു ഇന്നിങ്‌സില്‍ 35 ലോ അല്ലെങ്കില്‍ അതിലും താഴെയോ പന്തുകളില്‍ അര്‍ധ സെഞ്ചുറി കടക്കുന്നത്‌. ഒരേ ടെസ്‌റ്റില്‍ തന്നെ രണ്ടു കളിക്കാര്‍ 35 ല്‍ താഴെ പന്തുകളില്‍ അര്‍ധ സെഞ്ചുറിയടിക്കുന്നതും ആദ്യമായാണ്‌. വ്യക്‌തിഗത സ്‌കോര്‍ 46 ല്‍ നില്‍ക്കെ സിക്‌സറടിച്ചാണ്‌ ഇഷാന്‍ 50 പൂര്‍ത്തിയാക്കിയത്‌. പേസര്‍ കീമര്‍ റോച്ചിനെതിരേ ഒറ്റക്കൈ കൊണ്ടായിരുന്നു ഇഷാന്‍ സിക്‌സറടിച്ചത്‌. പിന്നാലെ ഇന്ത്യ ഇന്നിങ്‌സും ഡിക്ലയര്‍ ചെയ്‌തു. പരമ്ബരയില്‍ ഗംഭീര ഫോമില്‍ കളിക്കുന്ന രോഹിത്‌ തുടര്‍ച്ചയായി മൂന്നാമത്തെ ഇന്നിങ്‌സിലാണ്‌ 50 ല്‍ കൂടുതല്‍ റണ്ണെടുക്കുന്നത്‌. ഡൊമിനിക്കയില്‍ ഇന്ത്യ ഇന്നിങ്‌സ്‌ ജയം നേടിയ ഒന്നാം ടെസ്‌റ്റില്‍ രോഹിത്‌ സെഞ്ചുറിയടിച്ചിരുന്നു. രണ്ടാം ടെസ്‌റ്റിലെ ഒന്നാം ഇന്നിങ്‌സിലും രോഹിത്‌ സെഞ്ചുറി കുറിക്കുമെന്ന്‌ പ്രതീക്ഷിച്ചു. 20 റണ്‍ അകലെ കാലിടറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular