Sunday, May 19, 2024
HomeIndiaനഗ്നരാക്കി നടത്തിച്ചത് ക്രൂരം, ഭയാനകം' ; അമേരിക്ക

നഗ്നരാക്കി നടത്തിച്ചത് ക്രൂരം, ഭയാനകം’ ; അമേരിക്ക

ന്യൂയോര്‍ക്ക്: മണിപ്പൂരിെല വംശഹത്യ ആശങ്കാജനകമാണെന്ന് അമേരിക്ക. കുക്കി സ്ത്രീകളെ നഗ്നരാക്കി ആള്‍ക്കൂട്ടം ബലാത്സംഗം ചെയ്ത സംഭവം ക്രൂരവും ഭയാനകവുമാണെന്ന് അമേരിക്കൻ വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി.

പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തണമെന്നും എല്ലാ വിഭാഗങ്ങളുടെയും വീടുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും സംരക്ഷണം നല്‍കണമെന്നും മാനുഷിക സഹായം എത്തിക്കണമെന്നും അധികൃതരോട് യു.എസ് വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു.

മണിപ്പൂരിലെ വംശഹത്യക്കിടെ തോബാലില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത ദൃശ്യങ്ങള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രതികരണം.

അതിനിടെ, മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ ആദിവാസി സംഘടനകള്‍ ബസ്തര്‍ മേഖലയില്‍ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണം. കടകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആദിവാസി സംഘടനകളുടെ കൂട്ടായ്മയായ സര്‍വ ആദിവാസി സമാജാണ് ബന്ദിന് ആഹ്വാനം ചെയ്തത്.

വംശീയ സംഘര്‍ഷത്തെ തുടര്‍ന്ന് ആളുകള്‍ ഉപേക്ഷിച്ചുപോയ പത്തോളം വീടുകള്‍ക്കും ഒരു സ്കൂളിനും സ്ത്രീകളടങ്ങുന്ന സംഘം തീയിട്ടു. ചുരാചന്ദ്പുര്‍ ജില്ലയില്‍ ടോര്‍ബങ് ബസാറിലെ ചില്‍ഡ്രൻ ട്രഷര്‍ ഹൈസ്കൂളാണ് ശനിയാഴ്ച തീവെച്ച്‌ നശിപ്പിച്ചത്. വെടിയുതിര്‍ത്തും ബോംബെറിഞ്ഞും ആളുകളെ അകറ്റിയായിരുന്നു ആക്രമണം. ബി.എസ്.എഫ് സംഘം സ്ഥലത്തുണ്ടായിരുന്നുവെങ്കിലും അക്രമാസക്തരായ ജനക്കൂട്ടത്തിന്റെ മുൻനിരയില്‍ സ്ത്രീകളായിരുന്നതിനാല്‍ തിരികെ വെടിവെച്ചില്ല.

ബി.എസ്.എഫിന്റെ വാഹനം പിടിച്ചെടുക്കാൻ നോക്കിയപ്പോള്‍ വെടിയുതിര്‍ത്ത് ചെറുത്തു തോല്പിച്ചെന്നും ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു.

മണിപ്പൂരില്‍ കലാപം ആരംഭിച്ച ശേഷം കുക്കി വിഭാഗത്തിലെ ഏഴ് സ്ത്രീകള്‍ ബലാത്സംഗത്തിനിരയായെന്ന് വിവിധ സംഘടനകള്‍ പറഞ്ഞു. രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും നഗ്നരാക്കി നടത്തുകയും ചെയ്ത സംഭവത്തിന്റെ വിഡിയോ പുറത്തുവന്ന പശ്ചാത്തലത്തിലാണ് സംഘടനകളുടെ വെളിപ്പെടുത്തല്‍. എന്നാല്‍, ഒരൊറ്റ ബലാത്സംഗം മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നാണ് മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ വാദം. 6068 കേസുകളാണ് കലാപവുമായി ബന്ധപ്പെട്ട് രജിസ്‍റ്റര്‍ ചെയ്തിട്ടുള്ളതെന്നും അതില്‍ ഒന്ന് മാത്രമാണ് ബലാത്സംഗ കേസെന്നും അദ്ദേഹം ‘ഇന്ത്യ ടുഡേ’ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മേയ് നാലിന് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ചതിന് പിന്നാലെ മേയ് അഞ്ചിന് ഇംഫാലില്‍ രണ്ട് സ്ത്രീകളെ അക്രമിസംഘം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. അക്രമികള്‍ക്കൊപ്പം ഉണ്ടായിരുന്ന സ്തീകളുടെ സംഘമാണ് ബലാത്സംഗം ചെയ്യാന്‍ ഇവരെ പിടിച്ച്‌ നല്‍കിയതെന്നാണ് ദൃക്സാക്ഷി മൊഴി. കൊല്ലപ്പെട്ട യുവതികളുടെ മൃതദേഹം ഇപ്പോഴും കുടുംബത്തിന് കൈമാറിയിട്ടില്ല. രണ്ട് മൃതദേഹവും ഇംഫാലിലെ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇപ്പോഴും മകള്‍ കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കാനായിട്ടില്ലെന്നും മകള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കഴിയുന്നതെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

മണിപ്പൂര്‍ വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായി ഇന്ത്യ രംഗത്തെത്തിയത് പാര്‍ലമെന്റിനെ ഇന്ന് പ്രക്ഷുബ്‌ധമാക്കി. പ്രധാനമന്ത്രി മറുപടി പറയണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മറുപടി നല്‍കാൻ എഴുന്നേറ്റെങ്കിലും സംസാരിക്കാൻ പ്രതിപക്ഷം അനുവദിച്ചില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular