Saturday, May 18, 2024
HomeIndiaകേന്ദ്രത്തിന്റെ കള്ളം പൊളിച്ച ദേശീയ കുടുംബാരോഗ്യ സര്‍വേ തലവനെ പുറത്താക്കി

കേന്ദ്രത്തിന്റെ കള്ളം പൊളിച്ച ദേശീയ കുടുംബാരോഗ്യ സര്‍വേ തലവനെ പുറത്താക്കി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ വ്യാജ അവകാശ വാദങ്ങള്‍ പൊളിച്ചടുക്കിയ ഇൻറര്‍നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷൻ സയൻസസ് (ഐ.ഐ.പി.എസ്) തലവനെ കേന്ദ്രം പുറത്താക്കി.

ഐ.ഐ.പി.എസ് ഡയറക്ടര്‍ ഡോ. കെ.എസ്. ജെയിംസിനെ ആണ് പുറത്താക്കിയത്. ഈയിടെ ഐ.ഐ.പി.എസ് നടത്തിയ അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സര്‍വേ ഫലം സര്‍ക്കാറിന്റെ അവകാശവാദങ്ങള്‍ക്ക് എതിരായിരുന്നു.

ശൗചാലയങ്ങള്‍, പാചകവാതകം, വിളര്‍ച്ച തുടങ്ങിയവ സംബന്ധിച്ച്‌ പൊള്ളയായ വാദങ്ങള്‍ക്ക് വിരുദ്ധമായി സര്‍വേഫലം പുറത്തുവിട്ടതിന് പിന്നാലെയാണ് നടപടി. റിക്രൂട്ട്‌മെന്റിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയതെങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ വാദങ്ങള്‍ കണക്കുകള്‍ നിരത്തി പൊളിച്ചതാണ് പ്രകോപനമെന്നാണ് സൂചന.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനമാണ് ഇൻറര്‍നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷൻ സയൻസസ്. ദേശീയ കുടുംബാരോഗ്യ സര്‍വേ അടക്കം തയ്യാറാക്കുന്നതിന്റെ ചുമതല ഇവര്‍ക്കാണ്. മുംബൈ ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി 2018ലാണ് ജെയിംസ് നിയമിതനായത്. ഹാര്‍വാര്‍ഡ് സെന്റര്‍ ഫോര്‍ പോപ്പുലേഷൻ ആൻഡ് ഡെവലപ്‌മെന്റില്‍ നിന്ന് പോസ്റ്റ്ഡോക്ടറല്‍ ബിരുദം നേടിയ ഇദ്ദേഹം നേരത്തെ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ജനസംഖ്യാ പഠന വിഭാഗം പ്രഫസറായിരുന്നു.

1. വെളിയിട മലമൂത്ര വിസര്‍ജനം: ലക്ഷദ്വീപ് ഒഴികെ ഇന്ത്യയില്‍ ഒരൊറ്റ സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശത്തും മുഴുവൻ വീടുകളിലും കക്കൂസ് സൗകര്യമില്ല. രാജ്യത്തെ 19% വീടുകളിലും കക്കൂസ് ഉപയോഗം ഇല്ലെന്ന് കണ്ടെത്തി. എന്നാല്‍, തുറസ്സായ സ്ഥലങ്ങളിലെ മലമൂത്രവിസര്‍ജ്ജനം രാജ്യത്തുനിന്ന് നിര്‍മാര്‍ജനം ചെയ്തുവെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ അവകാശപ്പെട്ടിരുന്നത്.

2. പാചകവാതകം: രാജ്യത്തെ 40 ശതമാനത്തിലധികം കുടുംബങ്ങള്‍ക്ക് ശുദ്ധമായ പാചക ഇന്ധനം ലഭ്യമല്ലെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ കണ്ടെത്തിയിരുന്നു. ഇത് കേന്ദ്രസര്‍ക്കാര്‍ ഉജ്ജ്വല യോജനയുടെ അവകാശവാദങ്ങളെ ചോദ്യം ചെയ്തു. ഗ്രാമപ്രദേശങ്ങളില്‍ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് എല്‍.പി.ജിയോ പ്രകൃതിവാതകമോ ലഭ്യമല്ലെന്നാണ് സര്‍വേ വ്യക്തമാക്കിയത്.

3. വിളര്‍ച്ച വര്‍ധിക്കുന്നു: ഇന്ത്യയില്‍ അനീമിയ (വിളര്‍ച്ച) വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ വ്യക്തമാക്കിയിരുന്നു. അനീമിയ കുറയ്ക്കാൻ നിരവധി നടപടികള്‍ സ്വീകരിച്ചുവെന്ന സര്‍ക്കാര്‍ വാദങ്ങളെ തള്ളിക്കളയുന്നതായിരുന്നു ഈ കണക്കുകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular