Saturday, May 18, 2024
HomeIndiaമണിപ്പൂരിനെക്കുറിച്ച്‌ പ്രധാനമന്ത്രി സംസാരിച്ചത് വെറും 30 സെകന്‍ഡ് മാത്രം; മോദി സര്‍കാരിനെതിരെ പ്രതിപക്ഷ 'ഇന്‍ഡ്യ' മുന്നണി...

മണിപ്പൂരിനെക്കുറിച്ച്‌ പ്രധാനമന്ത്രി സംസാരിച്ചത് വെറും 30 സെകന്‍ഡ് മാത്രം; മോദി സര്‍കാരിനെതിരെ പ്രതിപക്ഷ ‘ഇന്‍ഡ്യ’ മുന്നണി നല്‍കിയ അവിശ്വാസപ്രമേയ നോടിസ് ലോക്‌സഭയില്‍ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി: നരേന്ദ്ര മോദി സര്‍കാരിനെതിരെ പ്രതിപക്ഷ ‘ഇന്‍ഡ്യ’ മുന്നണി നല്‍കിയ അവിശ്വാസപ്രമേയ നോടിസ് ലോക്‌സഭയില്‍ അവതരിപ്പിച്ചു.
കോണ്‍ഗ്രസ് സഭാകക്ഷി ഉപനേതാവും അസമില്‍ നിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയ നോടിസ് അവതരിപ്പിച്ചത്.

ഒരൊറ്റ ഇന്‍ഡ്യയില്‍ ഇപ്പോള്‍ രണ്ടു മണിപ്പൂരാണുള്ളതെന്ന് അവിശ്വാസ പ്രമേയ നോടിസ് അവതരണത്തിനിടെ തരുണ്‍ ഗൊഗോയ് ചൂണ്ടിക്കാട്ടി. രണ്ടു വിഭാഗങ്ങള്‍ ഇത്തരത്തില്‍ ഏറ്റുമുട്ടുന്ന സംഭവം ഇതിന് മുന്‍പ് ഇന്‍ഡ്യയില്‍ ഉണ്ടായിട്ടില്ല. മണിപ്പൂരില്‍ ലഹരിമാഫിയയ്ക്കു പിന്തുണ നല്‍കുന്നതു മുഖ്യമന്ത്രിയുടെ ഓഫിസ് ആണെന്നും ഗൗരവ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി സഭയില്‍വന്നു സംസാരിക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കിയിരുന്നു.

മണിപ്പൂരിനെക്കുറിച്ച്‌ പ്രധാനമന്ത്രി സംസാരിച്ചത് വെറും 30 സെകന്‍ഡ് മാത്രമാണെന്ന് തരുണ്‍ ഗൊഗോയ് ചൂണ്ടിക്കാട്ടി. മണിപ്പൂരിലെ സാഹചര്യം പരിഗണിക്കുമ്ബോള്‍ ഇരട്ട എന്‍ജിന്‍ സര്‍കാര്‍ പരാജയമാണെന്ന് സമ്മതിക്കേണ്ടി വരും. ലഹരി മാഫിയയ്ക്കായി മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടുവെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉയര്‍ത്തി. മന്ത്രിമാര്‍ക്കും ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നും ഗൊഗോയ് പറഞ്ഞു.

അവിശ്വാസ പ്രമേയ നോടീസില്‍ പറയുന്നത്:

മണിപ്പുരില്‍ സുരക്ഷാ സേനകള്‍ പരാജയപ്പെട്ടു. ആയുധങ്ങള്‍ വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. രണ്ടു വിഭാഗങ്ങള്‍ ഇത്തരത്തില്‍ പോരടിക്കുന്നത് ഇതിനു മുന്‍പ് ഇന്‍ഡ്യ കണ്ടിട്ടില്ല. എന്നിട്ടും പോരടിക്കുന്ന ഇരു വിഭാഗങ്ങളെയും ഒന്നിച്ചിരുത്തി ചര്‍ച ചെയ്യാന്‍ ആഭ്യന്തര മന്ത്രി തയാറായില്ല. അവിടെ സ്വാതന്ത്ര്യസമര സേനാനിയുടെ കുടുംബം ഉള്‍പെടെ കലാപത്തിന് ഇരയായി. എന്നിട്ടും എല്ലാം സാധാരണ നിലയിലാണെന്ന് സര്‍കാര്‍ പറയുന്നു.

അവിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് തരുണ്‍ ഗൊഗോയ് മൂന്നു ചോദ്യങ്ങളും ഉയര്‍ത്തി.

1. പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പൂരില്‍ പോയില്ല?

2. മുഖ്യമന്ത്രിയെ മാറ്റാന്‍ പ്രധാനമന്ത്രി തയാറാകാത്തത് എന്തുകൊണ്ട്

3. പ്രധാനമന്ത്രി എന്തുകൊണ്ട് മൗനം തുടരുന്നു എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

അവിശ്വാസപ്രമേയത്തില്‍ 12 മണിക്കൂറോളമാണ് ചര്‍ച നടക്കുക. ആറ് മണിക്കൂര്‍ 41 മിനിറ്റ് ബിജെപിക്കും ഒരുമണിക്കൂര്‍ 16 മിനിറ്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും ലഭിക്കും. ലോക്‌സഭയില്‍ പ്രതിപക്ഷത്തിന് കേവലഭൂരിപക്ഷമുള്ളതിനാല്‍ അവിശ്വാസം പാസാവില്ലെങ്കിലും മണിപ്പൂര്‍ കലാപത്തില്‍ രണ്ടുദിവസങ്ങളായി നടക്കുന്ന ചര്‍ചയില്‍ പ്രധാനമന്ത്രി മറുപടി പറയുമെന്നതാണ് പ്രതിപക്ഷത്തിന്റെ നേട്ടം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച സഭയിലില്ലെങ്കിലും, വ്യാഴാഴ്ച സഭയില്‍ മറുപടി നല്‍കും.

ഇടവേളയ്ക്കു ശേഷം സഭയിലേക്ക് തിരിച്ചെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പെടെയുള്ളവര്‍ അവിശ്വാസ പ്രമേയ ചര്‍ചയില്‍ പങ്കെടുത്ത് സംസാരിക്കും. രാഹുല്‍, ഗൗരവ് ഗൊഗോയ് എന്നിവര്‍ക്കു പുറമെ മനീഷ് തിവാരി, ദീപക് ബയ്ജ്, അധീര്‍ രഞ്ജന്‍ ചൗധരി, ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, ടിഎന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച്‌ സംസാരിക്കുന്നത്.

ബിജെപിയില്‍നിന്ന് മന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, കിരണ്‍ റിജിജു, ജ്യോതിരാദിത്യ സിന്ധ്യ, സ്മൃതി ഇറാനി, ലോകറ്റ് ചാറ്റര്‍ജി, ബണ്ഡി സഞ്ജയ് കുമാര്‍, റാം കൃപാല്‍ യാദവ്, രാജ്ദീപ് റോയ്, വിജയ് ഭാഗല്‍, രമേഷ് ബിധൂരി, സുനിത ദുഗ്ഗല്‍, ഹീന ഗാവിത്, നിഷികാന്ത് ദുബെ, രാജ്യവര്‍ധന്‍ സിങ് റാത്തോര്‍ എന്നിവരും സംസാരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular