Saturday, May 18, 2024
HomeIndiaഇന്ന് വൈകീട്ട് 6.04 ആ നിമിഷം കണ്‍നിറയെ പൊന്നമ്ബിളി

ഇന്ന് വൈകീട്ട് 6.04 ആ നിമിഷം കണ്‍നിറയെ പൊന്നമ്ബിളി

ബംഗളൂരു: രാജ്യത്തിന്റെയും ശാസ്ത്രലോകത്തിന്റെയും കണ്ണും കാതും ഇന്ന് ചന്ദ്രനിലേക്കും ചന്ദ്രയാനിലേക്കും ചുരുങ്ങും.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ബഹിരാകാശ പേടകം ഇറക്കുന്ന ആദ്യ രാജ്യം എന്ന നേട്ടത്തിന് ഒരു ചുവടകലെ ഇന്ത്യ. ബുധനാഴ്ച വൈകീട്ട് 6.04ന് ലാൻഡര്‍ മൊഡ്യൂള്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മൃദു ഇറക്കം (സോഫ്റ്റ് ലാൻഡിങ്) നടത്തുന്നതോടെ രാജ്യത്തിന്റെ ബഹിരാകാശ നേട്ടത്തില്‍ അത് നാഴികക്കല്ലാവും.

പര്യവേക്ഷണത്തേക്കാളുപരി, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പേടകത്തെ സുരക്ഷിതമായി ഇറക്കുക എന്നതാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ) ലക്ഷ്യമിടുന്നത്. മറ്റു ഗ്രഹങ്ങളിലേക്കുള്ള പര്യവേക്ഷണ യാത്രകള്‍ക്ക് അത് ഊര്‍ജം നല്‍കും. ചന്ദ്രനിലെ ശാസ്ത്ര രഹസ്യം തേടിയുള്ള അഭിമാന ദൗത്യമായ ചന്ദ്രയാൻ- മൂന്നിന്റെ ഇതുവരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ശരിയായ രീതിയിലാണെന്ന് ഐ.എസ്.ആര്‍.ഒ സ്ഥിരീകരിച്ചു.

നാലുവര്‍ഷത്തിനിടെ ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമാണിത്. പരാജയപ്പെട്ട ചന്ദ്രയാൻ- രണ്ട് ദൗത്യത്തിന്റെ തുടര്‍ച്ചയായാണ് എല്ലാ പരാജയ സാധ്യതകള്‍ക്കും പരിഹാര സംവിധാനങ്ങളുമായി ചന്ദ്രയാൻ- മൂന്ന് ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്. ചന്ദ്രനില്‍നിന്ന് കുറഞ്ഞത് 25 കിലോമീറ്ററും കൂടിയത് 134 കിലോമീറ്ററും അകലത്തിലുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ -മൂന്ന് ദൗത്യത്തിന്റെ പ്രധാന ഭാഗമായ ലാൻഡര്‍ മൊഡ്യൂള്‍ സഞ്ചരിക്കുന്നത്. പേടകത്തിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മൃദു ഇറക്കത്തിനായി ചന്ദ്രോപരിതലത്തില്‍ സൂര്യപ്രകാശം പതിയുന്ന വേള കാത്തിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. എല്ലാ ഘടകങ്ങളും ഒത്തുവന്നാല്‍ ബംഗളൂരു ബ്യാലലുവിലെ ഐ.എസ്.ആര്‍.ഒയുടെ ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്‍വര്‍ക്കില്‍നിന്ന് (ഐ.ഡി.എസ്.എൻ) ലാൻഡര്‍ മൊഡ്യൂളിന് വൈകീട്ട് നാലോടെ അന്തിമഘട്ടത്തിന് അനുമതി നല്‍കും. ലാൻഡര്‍ മൊഡ്യൂളില്‍ എന്തെങ്കിലും പ്രശ്നം കണ്ടെത്തിയാല്‍ ലാൻഡിങ് ആഗസ്റ്റ് 27 ലേക്ക് മാറ്റുമെന്ന് ഐ.എസ്.ആര്‍.ഒയുടെ സ്പേസ് ആപ്ലിക്കേഷൻ സെന്റര്‍ ഡയറക്ടര്‍ നിലേഷ് ദേശായി അറിയിച്ചു.

വിക്രം എന്നുപേരുള്ള ലാൻഡറും പ്രഗ്യാൻ എന്നുപേരുള്ള റോവറുമടങ്ങുന്ന ലാൻഡര്‍ മൊഡ്യൂള്‍ 19 മിനിറ്റ് നീളുന്ന പ്രക്രിയയിലൂടെയാണ് പതിയെ ചന്ദ്രനിലിറങ്ങുക. വൈകീട്ട് 5.45ന് ഇതിന് തുടക്കമാവും. ‘ഭീകര നിമിഷങ്ങള്‍’ എന്ന് ശാസ്ത്രജ്ഞര്‍ തന്നെ വിശേഷിപ്പിക്കുന്ന ഈ ഘട്ടത്തില്‍, ലാൻഡറിലെ ത്രസ്റ്റര്‍ എൻജിനുകള്‍ കൃത്യസമയത്ത് കൃത്യ ഉയരത്തില്‍ കൃത്യ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുകയും ലാൻഡിങ് ഏരിയ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും വേണം. മൃദുവിറക്കം വിജയകരമായാല്‍ പര്യവേക്ഷണത്തിനായി ലാൻഡറിന്റെ വാതിലുകള്‍ തുറന്ന് ആറു ചക്രങ്ങളുള്ള റോബോട്ടിക് വാഹനമായ റോവര്‍ പുറത്തിറങ്ങും.

ചന്ദ്രയാൻ -3 ലക്ഷ്യത്തിലെത്തിയാല്‍, സോവിയറ്റ് യൂനിയൻ, യു.എസ്, ചൈന എന്നിവക്കുശേഷം ചന്ദ്രനില്‍ മൃദു ഇറക്കംനടത്തുന്ന നാലാമത്തെ രാജ്യമാവും ഇന്ത്യ. ചന്ദ്രന്റെ രാസഘടനയെ കുറിച്ചും ദക്ഷിണധ്രുവത്തിലെ ജലം, ടൈറ്റാനിയം, മഗ്നീഷ്യം എന്നിവയുടെ സാന്നിധ്യം സംബന്ധിച്ചും പര്യവേക്ഷണം നടത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.

അതേസമയം, ആഗസ്റ്റ് 19ന് ലാൻഡറിലെ ലാൻഡര്‍ പൊസിഷൻ ഡിറ്റക്ഷൻ കാമറയും 20ന് ലാൻഡര്‍ ഇമേജര്‍ കാമറ-4 ഉം പകര്‍ത്തിയ ചന്ദ്രന്റെ ഏതാനും ചിത്രങ്ങള്‍കൂടി ചൊവ്വാഴ്ച ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു. ലാൻഡിങ് പ്രദേശത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയാണ് എല്‍.പി.ഡി.സി കാമറയുടെ ദൗത്യം. നാലു കിലോമീറ്റര്‍ നീളവും രണ്ടു കിലോമീറ്റര്‍ വീതിയുമുള്ള ലാൻഡിങ് പ്രദേശത്ത് ഗര്‍ത്തങ്ങളെയും പാറക്കെട്ടുകളെയും ഒഴിവാക്കി സുരക്ഷിതമായി മൃദുവിറക്കം നടത്താൻ ലാൻഡര്‍ മൊഡ്യൂളിനെ ഇത് സഹായിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular