Friday, May 17, 2024
HomeKeralaഅണിനിരന്നത് 7,027 നര്‍ത്തകിമാര്‍; ലോക റെക്കോര്‍ഡ് സ്വന്തമാക്കി തൃശൂരിലെ മെഗാ തിരുവാതിര

അണിനിരന്നത് 7,027 നര്‍ത്തകിമാര്‍; ലോക റെക്കോര്‍ഡ് സ്വന്തമാക്കി തൃശൂരിലെ മെഗാ തിരുവാതിര

തൃശൂര്‍: ലോക റെക്കോര്‍ഡ് സ്വന്തമാക്കി തൃശൂരിലെ മെഗാ തിരുവാതിര. 7,027 കുടുംബശ്രീ നര്‍ത്തകിമാര്‍ അണിനിരന്ന മെഗാ തിരുവാതിര തൃശൂരിലെ ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടനെല്ലൂരിലാണ് സംഘടിപ്പിച്ചത്.

ഒരേ താളത്തില്‍ ഏഴായിരത്തോളം നര്‍ത്തകിമാര്‍ ചുവടുവെച്ചപ്പോള്‍ കുട്ടനെല്ലൂരിലെ ഗവണ്‍മെന്റ് കോളേജ് ഗ്രൗണ്ടില്‍ പിറന്നത് പുതു ചരിത്രമായിരുന്നു. കുടുംബശ്രീ കലാകാരികള്‍ ഒരേ വേഷമണിഞ്ഞ് മെയ് വഴക്കത്തോടെ അവതരിപ്പിച്ച മെഗാ തിരുവാതിര ലിംക ബുക്ക്‌ ഓഫ് റെക്കോര്‍ഡ്സ്, ടാലന്റ് റെക്കോര്‍ഡ് ബുക്ക്‌ എന്നിവയിലാണ് ഇടംനേടിയത്.

ലോക റെക്കോര്‍ഡ് നിരീക്ഷകരുടെ നേതൃത്വത്തില്‍ എണ്ണം തിട്ടപ്പെടുത്തിയാണ് തിരുവാതിര കളിക്കായി കുടുംബശ്രീ പ്രവര്‍ത്തകരെ ഗ്രൗണ്ടിനുള്ളില്‍ പ്രവേശിപ്പിച്ചത്. സംസ്കാരിക നഗരിയെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ കലാ പ്രകടനം റവന്യു മന്ത്രി കെ. രാജൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ചരിത്രത്തിലേക്ക് ചുവടുവെക്കാൻ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ഇനിയും റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നും കലാകാരികള്‍ പറഞ്ഞു.

10 മിനിറ്റിലേറെ നീണ്ടു നിന്ന തിരുവാതിരയ്‌ക്ക് സാക്ഷ്യം വഹിക്കുവാൻ നിരവധി പേരാണ് ഗ്രൗണ്ടിലേക്കെത്തിയിരുന്നത്. മെഗാ തിരുവാതിര ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടുന്നതിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പരിപാടിയില്‍ ജില്ലാകളക്ടര്‍ കൃഷ്ണതേജ, തൃശൂര്‍ റേഞ്ച് ഡിഐജി അജിത ബീഗം, മേയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular