Friday, May 17, 2024
HomeKeralaനെല്ല് സംഭരണം: 1,854 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കി; ഇനി നല്‍കാനുള്ളത് 216 കോടി രൂപ

നെല്ല് സംഭരണം: 1,854 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കി; ഇനി നല്‍കാനുള്ളത് 216 കോടി രൂപ

2022- 23 സീസണില്‍ കര്‍ഷകരില്‍ നിന്ന് സംഭരിച്ച 7,31,184 ടണ്‍ നെല്ലിന്റെ വിലയായി ഇതുവരെ 1854 കോടി രൂപ വിതരണം ചെയ്തു.

2,50,373 കര്‍ഷകരില്‍ നിന്നായാണ് 7,31,184 ടണ്‍ നെല്ല് സംഭരിച്ചത്. ഇതില്‍ 2,30,000 പേര്‍ക്ക് മുഴുവൻ പണവും നല്‍കി. 50,000 രൂപയ്ക്ക് താഴെയുള്ള തുക നല്‍കാനുള്ള എല്ലാ കര്‍ഷകര്‍ക്കും പൂര്‍ണമായി തുക നല്‍കിയെന്നും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 216 കോടിയാണ് നെല്ലിന്റെ വിലയായി ഇനി കര്‍ഷകര്‍ക്ക് നല്‍കാനുള്ളതെന്നും ഇത് ഉടൻ അവരുടെ അക്കൗണ്ടുകളില്‍ എത്തുമെന്നും വിതരണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര വിഹിതം ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നതിനാലാണ് കര്‍ഷകര്‍ക്ക് ഉടൻ പണം കൈമാറുന്നതിനായി ബാങ്ക് കണ്‍സോര്‍ഷ്യവുമായി ധാരണയുണ്ടാക്കിയത്. എന്നാല്‍ ഇത് പ്രകാരം പണം വിതരണം ചെയ്യുന്നതില്‍ ബാങ്കുകളുടെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടായി. എസ്ബിഐ, കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് കണ്‍സോര്‍ഷ്യം വഴി ആദ്യം 700 കോടി രൂപ നല്‍കാനാണ് ധാരണയായത്. രണ്ടാമത് 280 കോടി രൂപ നല്‍കാനും ധാരണാപത്രം ഒപ്പുവച്ചു. എന്നാല്‍ ഓണത്തിന് മുമ്ബ് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിക്കുന്നതില്‍ ബാങ്കുകള്‍ വീഴ്ചവരുത്തി. 12 കോടി രൂപയാണ് എസ്ബിഐ നല്‍കാനുള്ളത്. കാനറാ ബാങ്ക് ഏഴ് കോടിയും ഫെഡറല്‍ ബാങ്ക് ആറ് കോടിയും നല്‍കാനുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ആഗസ്റ്റ് 24ന് ഒപ്പുവച്ച കരാര്‍ പ്രകാരം എസ്.ബി.ഐ ആഗസ്റ്റ് 30 വരെ 465 കര്‍ഷകര്‍ക്കായി 3.04 കോടി രൂപയാണ് നല്‍കിയത്. കാനറാ ബാങ്ക് 4000 കര്‍ഷകര്‍ക്കായി 38.32 കോടി രൂപ (24ന് മാത്രം) നല്‍കി. പി.ആര്‍.എസ് ലോണായി നല്‍കുന്ന തുകയില്‍ ഒരു രൂപയുടെ പോലും ബാധ്യത കര്‍ഷകന് ഉണ്ടാകുന്നില്ല. ഈ വായ്പയുടെ മുഴുവൻ പലിശയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. ഒക്ടോബറില്‍ ആരംഭിക്കുന്ന അടുത്ത സീസണ്‍ മുതല്‍ കര്‍ഷകര്‍ക്ക് പരമാവധി വേഗത്തില്‍ പണം നല്‍കുന്നതിനായി കേരള ബാങ്കുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

2018-2019 മുതല്‍ 2022വരെ നെല്ല് സംഭരണ വിഹിതമായി 637.6 കോടി രൂപ കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുണ്ട്. വിവിധ ഘട്ടങ്ങളിലായി ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ പണം അനുവദിച്ചിട്ടില്ല. സെപ്റ്റംബര്‍ 6ന് കേന്ദ്ര ഭക്ഷ്യ വകുപ്പ് സെക്രട്ടറി കേരളത്തിലെത്തുന്നുണ്ടെന്നും ഈ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.

കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ ചില ഇടങ്ങളില്‍ പാടശേഖരസമതികളും കാലതാമസം വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ പ്രശ്‌നങ്ങളെല്ലാം അടുത്ത സീസണില്‍ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular