Monday, May 20, 2024
HomeIndiaഡാം തകരാൻ കാരണം മുൻ സര്‍ക്കാരിൻറെ കാലത്തെ നിലവാരമില്ലാത്ത നിര്‍മാണം- സിക്കിം മുഖ്യമന്ത്രി

ഡാം തകരാൻ കാരണം മുൻ സര്‍ക്കാരിൻറെ കാലത്തെ നിലവാരമില്ലാത്ത നിര്‍മാണം- സിക്കിം മുഖ്യമന്ത്രി

ഗാങ്ടോക്ക്: സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ ചുങ്താങ് അണക്കെട്ട് തകര്‍ന്നതില്‍ മുൻസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പ്രേം സിങ് തമങ്.

കഴിഞ്ഞ സര്‍ക്കാര്‍ നിലവാരമില്ലാതെ നിര്‍മിച്ചതിനാലാണ് അണക്കെട്ട് തകര്‍ന്നതെന്ന് അദ്ദേഹം ആരോപിച്ചു. എൻ.ഡി.ടി.വിയോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

1,200 മെഗാവാട്ട് ശേഷിയുള്ള ചുങ്താങ് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ അണക്കെട്ട് ബുധനാഴ്ചത്തെ മിന്നല്‍ പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. ലോനാക് തടാകത്തിന് മേലെയുണ്ടായ മേഘവിസ്ഫോടനവും തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയവുമാണ് സംസ്ഥാനത്തെ വലിയ ദുരന്തത്തിലേക്ക് നയിച്ചത്.

24 കൊല്ലത്തിലേറെ ഭരണത്തിലിരുന്ന സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് സര്‍ക്കാരാണ് ദുരന്തത്തിന് ഉത്തരവാദികളെന്നും തമാങ് ആരോപിച്ചു. അണക്കെട്ട് പൂര്‍ണമായും തകര്‍ന്നു. താഴ്ന്ന മേഖലയില്‍ ദുരന്തമുണ്ടാകാൻ ഇതാണ് കാരണം. മേഘവിസ്ഫോടനമുണ്ടാകുകയും ലോനാക് തടാകം തകരുകയും ചെയ്തു. എന്നാല്‍, മുൻ സര്‍ക്കാര്‍ നിലവാരമില്ലാതെ നിര്‍മിച്ചതിനാലാണ് അണക്കെട്ട് തകര്‍ന്നതും ലോവര്‍ സിക്കിം മേഖലയെ പ്രളയം കൂടുതലായി ബാധിച്ചതും, തമാങ് ആരോപിച്ചു.

പ്രളയത്തില്‍ ഇതുവരെ 21 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ബുര്‍ദാങ് മേഖലയില്‍നിന്ന് കാണാതായ 23 സൈനികരില്‍ ഏഴുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ജവാന്മാര്‍ ഉള്‍പ്പെടെ 103 പേരെ കാണാതായിട്ടുണ്ട്. ദുരന്തത്തില്‍ കാണാതായവര്‍ക്കു വേണ്ടി സൈന്യവും എൻ.ഡി.ആര്‍.എഫും തിരച്ചില്‍ തുടരുകയാണ്.

ഇതിനകം 2,411 പേരെ ദുരന്തമേഖലയില്‍നിന്ന് ഒഴിപ്പിക്കുകയും ദുരിതാശ്വാസ ക്യാമ്ബുകളില്‍ പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. 22,000-ല്‍ അധികംപേരെ ദുരന്തം ബാധിച്ചിട്ടുണ്ടെന്ന് സിക്കിം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular