Friday, May 3, 2024
HomeIndiaനമ്മ മെട്രോ മൂന്നാംഘട്ടത്തിന് കേന്ദ്രം ഉടൻ അനുമതി നല്‍കണം -സിദ്ധരാമയ്യ

നമ്മ മെട്രോ മൂന്നാംഘട്ടത്തിന് കേന്ദ്രം ഉടൻ അനുമതി നല്‍കണം -സിദ്ധരാമയ്യ

ബംഗളൂരു: നമ്മ മെട്രോയുടെ ആര്‍.വി റോഡുമുതല്‍ ബൊമ്മസാന്ദ്രവരെയുള്ള യെല്ലോ ലൈനില്‍ (19 കിലോമീറ്റര്‍ പാത) 2024 ഏപ്രിലോടെ വാണിജ്യ സര്‍വിസ് തുടങ്ങുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

നാഗസാന്ദ്രയില്‍നിന്ന് തുമകുരു റോഡുവരെയുള്ള ഗ്രീൻലൈനിന്റെ നീളം കൂട്ടിയ പാതയിലും (മൂന്ന് കി.മീ.) അപ്പോഴേക്കും സര്‍വിസ് തുടങ്ങും. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഐ.ടി ഹബ്ബായ ഇലക്‌ട്രോണിക് സിറ്റിയുമായി ബന്ധപ്പെടുത്തുന്നതാണ് യെല്ലോ ലൈൻ.

നമ്മ മെട്രോയുടെ കെ.ആര്‍. പുരം-ബൈയ്യപ്പനഹള്ളി, കെങ്കേരി-ചല്ലഘട്ട സ്ട്രെച്ചുകളുടെ ഔദ്യോഗിക ഓണ്‍ലൈൻ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കവേയാണ് സിദ്ധരാമയ്യ ഇക്കാര്യം പറഞ്ഞത്. രണ്ടു മെട്രോ പാതകളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

വെള്ളിയാഴ്ച രാവിലെ ഉത്തര്‍പ്രദേശില്‍ ആര്‍.ആര്‍.ടി.എസ് കോറിഡോര്‍ ഉദ്ഘാടനച്ചടങ്ങിനിടെ ഓണ്‍ലൈനായാണ് ബംഗളൂരു മെട്രോയുടെ പാതകള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തത്. ബംഗളൂരു വിധാൻസൗധയില്‍നിന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു.

പൊതുജനങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഈ പാതകളില്‍ ഒക്ടോബര്‍ ഒമ്ബതിന് സര്‍വിസ് തുടങ്ങിയിരുന്നു. ഇതാദ്യമായാണ് സര്‍വിസ് തുടങ്ങിയതിനു ശേഷം ഔദ്യോഗികമായി പാതകളുടെ ഉദ്ഘാടനം നടക്കുന്നത്.

നമ്മ മെട്രോയുടെ മൂന്നാംഘട്ടത്തിന് ഉടൻ അനുമതി നല്‍കണമെന്ന് സിദ്ധരാമയ്യ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കെംപപുര-ജെ.പി നഗര്‍ (നാലാമത് ഘട്ടം), ഹൊസഹള്ളി-കദബഗരെ (മൂന്നാം ഘട്ടം) എന്നിവക്കായുള്ള വിശദ പദ്ധതി രൂപരേഖ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് ഇതിനകം സമര്‍പ്പിച്ചിട്ടുണ്ട്.

ഇരുപാതകളുടെയും ആകെ നീളം 45 കിലോമീറ്റര്‍ ആണ്. 15,611 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കുന്നത്. സര്‍ജാപുരയില്‍നിന്ന് ഹെബ്ബാളിലേക്കുള്ള 37 കിലോമീറ്റര്‍ പാതക്കുള്ള പദ്ധതിരേഖ തയാറാക്കല്‍ പുരോഗമിക്കുകയാണ്. ഇത് 3എ ഘട്ടത്തില്‍ ഉള്‍പ്പെടുന്ന പദ്ധതിയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

ബൈയപ്പനഹള്ളി-കെ.ആര്‍ പുരം, ചല്ലഘട്ട-കെങ്കേരി പാതകള്‍ തുറന്നുകൊടുത്തതോടെ നമ്മ മെട്രോയുടെ പര്‍പ്ള്‍ ലൈനില്‍ പൂര്‍ണമായി ഒറ്റ സ്ട്രെച്ചില്‍ സഞ്ചരിക്കാൻ കഴിയുന്നത് യാത്രക്കാര്‍ക്ക് ഏറെ ഗുണകരമായിട്ടുണ്ട്. ചല്ലഘട്ടെ മുതല്‍ കാടുഗോഡി (വൈറ്റ്ഫീല്‍ഡ്) വരെ 42.49 കിലോമീറ്റര്‍ ഒറ്റ ട്രെയിനില്‍ സഞ്ചരിക്കാൻ സഹായിക്കുന്നതാണ് ഇരുപാതകളും.

നേരത്തേ കെങ്കേരി ഭാഗത്ത് നിന്ന് വൈറ്റ്ഫീല്‍ഡിലേക്ക് പോകുന്നവര്‍ ബൈയപ്പനഹള്ളിയില്‍ ഇറങ്ങി മറ്റ് മാര്‍ഗങ്ങളിലൂടെ കെ.ആര്‍ പുരത്തെത്തി വീണ്ടും മെട്രോ യാത്ര തുടങ്ങേണ്ടിയിരുന്നു. ഈ അവസ്ഥയാണ് പുതിയ പാതകളിലൂടെ മാറിയത്. നേരത്തേ പ്രത്യേക ഉദ്ഘാടനച്ചടങ്ങുകള്‍ ഒന്നുമില്ലാതെയാണ് ബി.എം.ആര്‍.സി.എല്‍ പാതകള്‍ തുറന്നുകൊടുത്തത്. ഇരുപാതകളും ആകെ 4.15 കിലോമീറ്ററാണുള്ളത്. ഇതോടെ നമ്മ മെട്രോയുടെ ആകെ ദൂരം 69.66 കിലോമീറ്ററില്‍നിന്ന് 73.81 കിലോമീറ്റര്‍ ആയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular