Saturday, May 18, 2024
HomeKeralaപൊലീസുകാരുടെ കുറവ്; ട്രെയിനിലെ പരിശോധന അവതാളത്തില്‍

പൊലീസുകാരുടെ കുറവ്; ട്രെയിനിലെ പരിശോധന അവതാളത്തില്‍

പുനലൂര്‍: ആവശ്യത്തിന് പൊലീസുകാര്‍ ഇല്ലാത്തത് കൊല്ലം- ചെങ്കോട്ട പാതയില്‍ പ്ലാറ്റ്ഫോം ഡ്യൂട്ടിയും ട്രെയിനിലെ പരിശോധനയും അവതാളത്തിലാക്കുന്നു.

ഈ പാതയില്‍ കിളികൊല്ലൂര്‍മുതല്‍ ആര്യങ്കാവ് കോട്ടവാസല്‍വരെ അമ്ബത് കിലോമീറ്ററോളം ദൂരം പുനലൂര്‍ റെയില്‍വേ പൊലീസ് സ്റ്റേഷന്‍റെ ചുമതലയിലാണ്.

വനമേഖല ആയതിനാല്‍ പ്രകൃതി ദുരന്തങ്ങളും ട്രെയിനുകളില്‍ കുറ്റകൃത്യങ്ങളും കൂടുതലാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് കഞ്ചാവ് അടക്കം ട്രെയിനുകളില്‍ പുനലൂരിലും സമീപ സ്റ്റേഷനുകളിലും എത്തിക്കുന്നത് പതിവാണ്. റെയില്‍വേ സ്റ്റേഷനുകളും പ്ലാറ്റ്ഫോമുകളും കേന്ദ്രീകരിച്ച്‌ ലഹരി വിപണനവും നടക്കാറുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കേണ്ടത് റെയില്‍വേ പൊലീസിന്റെ ചുമതലയാണ്.

ട്രെയിനുകളില്‍ പൊലീസിന്‍റെ സാന്നിധ്യമില്ലാത്തത് ഒട്ടേറെ അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമാകുന്നു. മുമ്ബ് വനിത സ്റ്റേഷൻ മാസ്റ്റര്‍ ആക്രമിക്കപ്പെട്ടിരുന്നു. അടുത്തിടെ ഗുരുവായൂര്‍ എക്സ്പ്രസില്‍ ലേഡീസ് കംപാര്‍ട്ട്മെന്റില്‍ തനിച്ചായ യാത്രക്കാരിക്ക് മധ്യവയസ്കന്‍റെ ആക്രമണം നേരിടേണ്ടിവന്നിരുന്നു.

ചങ്ങല വലിച്ച്‌ ട്രെയിൻ നിര്‍ത്തിയതിനാല്‍ കൂടുതല്‍ ഉപദ്രവത്തില്‍നിന്ന് ഇവര്‍ രക്ഷപ്പെട്ടു. കൊട്ടാരക്കര, കിളികൊല്ലൂര്‍ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം കേന്ദ്രീകരിച്ച്‌ കഞ്ചാവ് അടക്കം ലഹരി ഉല്‍പന്നങ്ങള്‍ വില്‍പന നടക്കുന്നതായി ആക്ഷേപമുണ്ട്. കിളികൊല്ലൂര്‍ ഭാഗത്ത് കോളജുകള്‍ അടക്കമുള്ളതിനാല്‍ പ്രത്യാഘാതം വലുതാണ്.

ഇവിടെ പ്ലാറ്റ്ഫോം ഡ്യൂട്ടിക്ക് ഒരു പൊലീസുകാരൻ ഉണ്ടായിരുന്നു. എന്നാല്‍, കോവിഡിനുശേഷം പൊലീസുകാരെ നിയമിക്കാത്തതിനാല്‍ ഇവിടെ സാമൂഹിക വിരുദ്ധ ശല്യം കൂടി. കൊട്ടാരക്കര സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് പൊലീസുകാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷൻ മാസ്റ്റര്‍ റെയില്‍വേ പൊലീസിന് കത്ത് നല്‍കിയെങ്കിലും ആളില്ലാത്തതിനാല്‍ നിയമനം നടന്നില്ല.

ശബരിമല സീസണ്‍ ആകുമ്ബോള്‍ നിരവധി യാത്രക്കാര്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് പുനലൂര്‍ അടക്കം കിഴക്കൻ മേഖലയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ എത്താറുണ്ട്. ഇവരുടെ സുരക്ഷിതത്വവും മറ്റും കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ നിയമിക്കേണ്ടതുണ്ട്. നിലവില്‍ രണ്ടുപേര്‍ മാത്രമാണ് പുനലൂരില്‍ പ്ലാറ്റ്ഫോം ഡ്യൂട്ടിക്കുള്ളത്. മറ്റു സ്റ്റേഷനുകളില്‍ ഇല്ല. ഈ പാതയില്‍ ഇപ്പോള്‍ 24 മണിക്കൂറും സര്‍വിസ് ഉള്ളതിനാല്‍ എല്ലാ സമയവും പ്രധാന സ്റ്റേഷനുകളിലും പ്ലാറ്റ്ഫോമുകളും കേന്ദ്രീകരിച്ച്‌ പൊലീസിന്റെ സാന്നിധ്യം വേണ്ടതുണ്ട്.

യാത്രക്കാരുടെ സുരക്ഷക്കായി ഇത് വഴിയുള്ള പല ട്രെയിനുകളിലും ഡ്യൂട്ടിക്ക് പൊലീസുകാരില്ല. രാത്രിയുള്ള പാലക്കാട്- തിരുനെല്‍വേലി പാലരുവി എക്സ്പ്രസില്‍ പലപ്പോഴും പൊലീസുകാര്‍ ഉണ്ടാകാറില്ല. ഈ ട്രെയിനില്‍ കോട്ടയം റെയില്‍വേ പൊലീസ് സ്റ്റേഷനിലെ രണ്ടുപേരെ ഡ്യൂട്ടിക്ക് നിയമിച്ചിട്ടുണ്ടെങ്കിലും അവര്‍ മിക്കപ്പോഴും ട്രെയിനില്‍ ഉണ്ടാകാറില്ല. പൊലീസിന്‍റെ സാന്നിധ്യമില്ലാത്തതിനാല്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിന് ഇടയാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular