Saturday, May 18, 2024
HomeKeralaബാലുശ്ശേരി ഗവ. കോളജ് രണ്ടാംഘട്ട പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നു

ബാലുശ്ശേരി ഗവ. കോളജ് രണ്ടാംഘട്ട പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നു

ബാലുശ്ശേരി: ബാലുശ്ശേരി ഗവ. കോളജ് രണ്ടാം ഘട്ട പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നു. കിനാലൂരില്‍ പ്രവര്‍ത്തിക്കുന്ന ബാലുശ്ശേരി അംബേദ്കര്‍ മെമ്മോറിയല്‍ ഗവ.

കോളജിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബിയില്‍നിന്നും 10 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പുതിയ അക്കാദമിക് ബ്ലോക്കിന്റെ പണിയാണ് മന്ദഗതിയില്‍ നീങ്ങുന്നത്. പ്ലാസ്റ്ററിങ്ങും ഫ്ലോറിന്റെ പണിയും പൂര്‍ത്തിയാക്കാനുണ്ട്. ഹോസ്റ്റല്‍, കാന്റീൻ എന്നിവയുടെ പണി പൂര്‍ത്തിയായെങ്കിലും വൈദ്യുതി കണക്ഷനും വെള്ളവും ലഭ്യമാക്കിയിട്ടില്ല. അതിനാല്‍ കെട്ടിടം കോളജിനു കൈമാറിയിട്ടുമില്ല.

30 പേര്‍ക്ക് താമസിക്കാവുന്ന സൗകര്യത്തോടെയാണ് ഹോസ്റ്റല്‍ പണിതിട്ടുളളത്. ദൂരസ്ഥലങ്ങളില്‍നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ വാടകക്ക് താമസിച്ചാണ് പഠിക്കുന്നത്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കി കോളജിനു കൈമാറിയാല്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ ഉപകാരപ്രദമാകും. വ്യവസായ വകുപ്പില്‍നിന്നും ലഭിച്ച അഞ്ച് ഏക്കര്‍ സ്ഥലത്താണ് കോളജ് പ്രവര്‍ത്തിക്കുന്നത്. 2019ല്‍ പുരുഷൻ കടലുണ്ടി എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നുള്ള 4.20 കോടി രൂപയും വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള 1.5 കോടി രൂപയും ചെലവിട്ടാണ് കോളജിന്റെ ഒന്നാംഘട്ട പ്രവൃത്തി പൂര്‍ത്തിയാക്കിയത്.

ഒമ്ബത് ക്ലാസ് മുറികളും ഓഫിസ്, ലൈബ്രറി, ലാബ് എന്നിവയുമാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. കോളജിന് കളിസ്ഥലമില്ലാത്തതും മറ്റൊരു ന്യൂനതയാണ്. കോളജിലെ കായിക പരിപാടികള്‍ക്കായി തൊട്ടടുത്തുള്ള ഉഷ സ്കൂള്‍ ഗ്രൗണ്ടാണ് ഉപയോഗിച്ചു വരുന്നത്. കോളജിലേക്ക് ബസ് സര്‍വിസ് ഇല്ലാത്തതും തകര്‍ന്ന റോഡും വിദ്യാര്‍ഥികള്‍ക്ക് ദുരിതമാകുകയാണ്. ബാലുശ്ശേരിയില്‍നിന്നുള്ള സ്വകാര്യ ബസുകള്‍ കിനാലൂര്‍ ഏഴുകണ്ടിവരെ മാത്രമാണ് സര്‍വിസ് നടത്തുന്നത്.

ഇവിടെനിന്നും രണ്ടു കിലോമീറ്ററോളം നടന്നു വേണം വിദ്യാര്‍ഥികള്‍ക്ക് കോളജിലെത്താൻ. ബസ് സര്‍വിസ് കോളജുവരെ നീട്ടണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രിക്കും, ജില്ല കലക്ടര്‍ക്കും ആര്‍.ടി.ഒക്കും നിവേദനം നല്‍കിയെങ്കിലും നടപടി എടുത്തിട്ടില്ല. രണ്ടാംഘട്ട പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ പുതിയ ബിരുദ, ബിരുദാനന്തര കോഴ്സുകളും ഇവിടെ തുടങ്ങുമെന്ന പ്രതീക്ഷയിലാണ്. നിലവില്‍ ബി.എ, ബി കോം, ബി.എസ്.സി, എം.എ കോഴ്സുകള്‍ ഇവിടെ നടക്കുന്നുണ്ട്. അഞ്ഞൂറിലധികം വിദ്യാര്‍ഥികളും, എട്ട് ഗെസ്റ്റ് ലക്ചര്‍മാരടക്കം 20 അധ്യാപകരും 11 ജീവനക്കാരും ഇവിടെയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular