Saturday, May 18, 2024
HomeGulfഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ്: തൂത്തുവാരി ജനാധിപത്യ മുന്നണി

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ്: തൂത്തുവാരി ജനാധിപത്യ മുന്നണി

ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗും ഇടതുപക്ഷവും നയിച്ച ‘ജനാധിപത്യ മുന്നണി’ക്ക് അട്ടിമറി വിജയം.

ഞായറാഴ്ച്ച നടന്ന തെരഞ്ഞെടുപ്പില്‍ 1374 പേരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. വൈകുന്നേരം ഏഴരയോടെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ ജനാധിപത്യ മുന്നണി കരുത്ത് കാട്ടിത്തുടങ്ങി. അര്‍ധരാത്രിയോടെ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ പ്രസിഡന്‍റായി കെ.എം.സി.സിയുടെ നിസാര്‍ തളങ്കരയും ജന. സെക്രട്ടറിയായി മാസിന്‍റെ ശ്രീപ്രകാശ് പുരയത്തും, ട്രഷററായി ഷാജി ജോണും വിജയക്കൊടി പാറിച്ചു.

വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഘട്ടം മുതല്‍ നിസാര്‍ തളങ്കരയുടെയും മതേതര മുന്നണിയുടെ ഇ.പി ജോണ്‍സന്‍റെയും വോട്ടിങ് നിലയില്‍ നേരിയ വിത്യാസമാണ് കാണിച്ചത്. എന്നാല്‍ അവസാന ഘട്ടത്തില്‍ നിസാര്‍ വിജയമുറപ്പിച്ചു.

ഇന്‍കാസ്, ഒ.ഐ.സി.സി, പ്രിയദര്‍ശിനി, ഐ.ഒ.സി തുടങ്ങിയവയുടെ പിന്തുണയിലായിരുന്നു മതേതര ജനാധിപത്യ മുന്നണി മല്‍സരിച്ചത്. കെ.എം.സി.സി, മാസ്, യുവകലാ സാഹിതി, എന്‍.ആര്‍.ഐ ഫോറം, മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം തുടങ്ങിയവയുടെ പിന്തുണയില്‍ മാറ്റത്തിന് ഒരു വോട്ട് അഭ്യര്‍ഥിച്ചാണ് ‘ജനാധിപത്യ മുന്നണി’ മല്‍സരത്തിനിറങ്ങിയത്. 2600ഓളം അംഗങ്ങളുള്ള ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിലെ ഭൂരിപക്ഷം അംഗങ്ങളുടെയും താല്‍പര്യം മാനിച്ചാണ് ‘ജനാധിപത്യ മുന്നണി’ രൂപവത്കരിച്ചതെന്ന് നിസാര്‍ തളങ്കര നേരത്തെ വ്യക്തമാക്കിയിരുന്നു.

നിലവിലെ പ്രസിഡന്‍റും മതേതര മുന്നണിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിയുമായ അഡ്വ. വൈ.എ. റഹീമിനെ വലിയ മാര്‍ജിനില്‍ തോല്‍പിച്ചാണ് ജനാധിപത്യ മുന്നണിയുടെ ശ്രീപ്രകാശ് പുരയത്ത് പുതിയ ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയും മുന്‍ സ്പീക്കര്‍ പി. രാമകൃഷ്ണന്‍റെ സഹോദരനുമാണ് ശ്രീപ്രകാശ് പുരയത്ത്.

സ്കൂള്‍ തലം മുതല്‍ എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും പ്രവര്‍ത്തകനായിരുന്ന ശ്രീ പ്രകാശ് പുരയത്ത് യു.എ.ഇയില്‍ ഇടത് പോഷക സംഘടനയായ മാസിനൊപ്പം സാംസ്കാരിക -സാമൂഹിക രംഗങ്ങളില്‍ സജീവ സാന്നിധ്യമാണ്. മാസിന്‍റെ നേതൃപദവികള്‍ അലങ്കരിച്ചിട്ടുള്ള ശ്രീപ്രകാശ് നേരത്തെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍റെ മാനേജിങ് കമ്മിറ്റിയംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അസോസിയേഷന്‍ നിര്‍വാഹക സമിതിയംഗമായിരുന്ന നാളുകളില്‍ മാപ്പിള പാട്ടിന്‍റെ ചരിത്രവും കലാ മൂല്യവും പരിചയപ്പെടുത്തുന്ന പരിപാടിയുടെ സംഘാടനത്തിലൂടെ ഷാര്‍ജയിലെ മലയാള സമൂഹത്തിന്‍റെ പ്രശംസ നേടിയിരുന്നു. ഷീജയാണ് ഭാര്യ. മക്കള്‍: നീലാംബരി, ചിത്രാംബരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular