Sunday, May 5, 2024
HomeUSAഇസ്രായേലിന് ദിവസവും അമേരിക്ക നല്‍കുന്നത് 159 ടണ്‍ ആയുധങ്ങള്‍

ഇസ്രായേലിന് ദിവസവും അമേരിക്ക നല്‍കുന്നത് 159 ടണ്‍ ആയുധങ്ങള്‍

വാഷിങ്ടണ്‍: അടിയന്തര വെടിനിര്‍ത്തലിന് ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിന്നിട്ടും യു.എൻ പ്രമേയത്തെ ഒറ്റക്ക് എതിര്‍ത്തുതോല്‍പിച്ച യു.എസ്, ഇസ്രായേലിന് വീണ്ടും ആയുധങ്ങള്‍ നല്‍കുന്നു.

യു.എസ് കോണ്‍ഗ്രസിനെ മറികടന്നാണ് ബൈഡൻ ഭരണകൂടം 13,000 റൗണ്ട് ടാങ്ക് വെടിമരുന്നുകള്‍ നല്‍കാൻ തീരുമാനമെടുത്തത്. ശരാശരി 159 ടണ്‍ എന്ന തോതില്‍ ഓരോ ദിവസവും ഇസ്രായേലിലെത്തുന്നുവെന്ന് കണക്കുകള്‍ പറയുന്നു. ഒക്ടോബര്‍ ഏഴിനു ശേഷം മാത്രം ഇസ്രായേലിന് യു.എസ് 10,000 ടണ്‍ ആയുധങ്ങള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുദിവസം മുമ്ബാണ് യു.എസ് ആയുധങ്ങള്‍ വഹിച്ച 200ാമത് ചരക്കുവിമാനം ഇസ്രായേലിലെത്തിയത്.

വിദേശരാജ്യങ്ങള്‍ക്ക് ആയുധം നല്‍കുംമുമ്ബ് കോണ്‍ഗ്രസ് പരിശോധന വേണമെന്ന് യു.എസില്‍ നിര്‍ബന്ധമാണ്. ഇതിന് സമയമെടുക്കുമെന്നുകണ്ടാണ് ആയുധ കയറ്റുമതി നിയന്ത്രണ നിയമത്തിലെ അടിയന്തര വകുപ്പ് പ്രയോഗിച്ച്‌ വെള്ളിയാഴ്ച രാത്രി 11 മണിക്ക് വെടിക്കോപ്പുകള്‍ നല്‍കുന്നതായി സ്റ്റേറ്റ് വകുപ്പ് കോണ്‍ഗ്രസിന് അറിയിപ്പ് നല്‍കിയത്. 10.6 കോടി ഡോളര്‍ വിലമതിക്കുന്നതാണ് ആയുധ കൈമാറ്റം. ”ഉടൻ കൈമാറേണ്ട അടിയന്തര സാഹചര്യം നിലനില്‍ക്കുന്നു”- എന്നായിരുന്നു സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രതികരണം. വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് യു.എസ് ഇതേ വകുപ്പ് ഉപയോഗിച്ച്‌ വിദേശരാജ്യത്തിന് ആയുധങ്ങള്‍ നല്‍കുന്നത്.

ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യക്കെതിരെ സ്വന്തം പാളയത്തില്‍ത്തന്നെ കടുത്ത വിമര്‍ശനം നിലനില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസില്‍ അനുകൂല തീരുമാനമുണ്ടാകില്ലെന്നുകണ്ടാണ് ബൈഡന്റെ നീക്കമെന്ന് റിപ്പോര്‍ട്ടുണ്ട്. ഗസ്സയിലെ ഇസ്രായേല്‍ കൂട്ടക്കുരുതിയില്‍ 40 ശതമാനം ഇരകളും കുട്ടികളാണ്. യു.എസ് ആയുധങ്ങള്‍ നല്‍കുന്ന രാജ്യങ്ങള്‍ യുദ്ധക്കുറ്റങ്ങള്‍ നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ 13 ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ നിയമനിര്‍മാണത്തിന്റെ പണിപ്പുരയിലാണ്.

കഴിഞ്ഞ ദിവസം യു.എന്നില്‍ വെടിനിര്‍ത്തല്‍ പ്രമേയത്തെ യു.എസ് ഒറ്റക്ക് വീറ്റോ ചെയ്തതിന് തൊട്ടുടൻ ആയുധക്കൈമാറ്റം നടത്തുന്നതും അറബ് ലോകത്തുള്‍പ്പെടെ വിമര്‍ശനം ശക്തമാക്കുമെന്നുറപ്പാണ്. മൊത്തം 45,000 വെടിക്കോപ്പുകള്‍ ആവശ്യപ്പെട്ടതില്‍ ഒന്നാംഗഡുവായാണ് അനുവദിച്ചത്.

യുദ്ധവിമാനങ്ങള്‍, കവചിത വാഹനങ്ങള്‍, തോക്കുകള്‍, വെടിക്കോപ്പുകള്‍ എന്നിവ മാത്രമല്ല, സൈനികര്‍ക്കുള്ള മെഡിക്കല്‍ സേവനങ്ങള്‍വരെ യു.എസ് കൈമാറുന്നുണ്ട്. ഇതിനു പുറമെ, 2000 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വേറെയും നല്‍കിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular