Sunday, May 19, 2024
HomeUncategorizedഈ യുദ്ധത്തിന് ഇസ്രായേല്‍ കൊടുക്കുന്നത് കനത്തവില -മന്ത്രി ബെന്നി ഗാന്റ്സ്

ഈ യുദ്ധത്തിന് ഇസ്രായേല്‍ കൊടുക്കുന്നത് കനത്തവില -മന്ത്രി ബെന്നി ഗാന്റ്സ്

ഇപ്പോള്‍ നടക്കുന്നത് ഇസ്രായേലിന്റെ രണ്ടാം സ്വാതന്ത്ര്യയുദ്ധമാണെന്നും ഇതിന് നാം കനത്തതും വേദനാജനകവും പ്രയാസമേറിയതുമായ വിലയാണ് നല്‍കുന്നതെന്നും ഇസ്രായേല്‍ മന്ത്രിയും മുൻ ആര്‍മി ജനറലുമായ ബെന്നി ഗാന്റ്സ്.

ചൊവ്വാഴ്ച ഗസ്സയില്‍ ഹമാസ് പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട എട്ട് ഇസ്രായേലി അധിനിവേശ സൈനികരുടെ പേരുവിവരം പുറത്തുവിട്ട് സമൂഹ മാധ്യമത്തില്‍ എഴുതിയ കുറിപ്പിലാണ് ഗാന്റ്സിന്റെ പരാമര്‍ശം.

“യുദ്ധത്തില്‍ മരിച്ചുവീഴുന്ന എല്ലാ സൈനികരും ഇസ്രായേല്‍ രാജ്യത്തിന് മുഴുവൻ മായാത്ത മുറിവാണ്. അത്തരം ഓരോ മുറിവുകളും നമ്മുടെ യോദ്ധാക്കളുടെ ധീരതയുടെ ഓര്‍മ്മപ്പെടുത്തലാണ്. ശുജായിയില്‍ ഇന്നലെ കൊല്ലപ്പെട്ടവരുടെയും നമ്മുടെ അതിജീവനത്തിനായി ജീവൻ വെടിഞ്ഞ എല്ലാവരുടെയും കുടുംബങ്ങള്‍ക്ക് ഹൃദയംഗമമായ അനുശോചനം’ -ബെന്നി ഗാന്റ്സ് എക്സില്‍ കുറിച്ചു.

ഇന്നലെ ഗസ്സയില്‍ 10 സൈനികരെ കൂടി ഹമാസ് കൊലപ്പെടുത്തിയതായി ഇസ്രായേല്‍ സൈന്യം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ആദ്യം എട്ടുപേരുടെ പേരുവിവരങ്ങളാണ് പുറത്തുവിട്ടത്. പിന്നാലെയാണ് രണ്ടുപേര്‍ കൂടി കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് അറിയിച്ചത്. ചൊവ്വാഴ്ച ഗസ്സ മുനമ്ബില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രായേലി ദിനപത്രമായ ഹാരെറ്റ്സ് ഇസ്രായേല്‍ സേനയെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗോലാനി ബ്രിഗേഡിന്റെ 13-ാം ബറ്റാലിയൻ കമാൻഡന്റായ ലെഫ്റ്റനന്റ് കേണല്‍ ടോമര്‍ ഗ്രിൻബെര്‍ഗ് കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. മേജര്‍ റോയി മെല്‍ദാസ്, മേജര്‍ മോഷെ അവ്രാം ബാര്‍ ഓണ്‍, മേജര്‍ ബെൻ ഷെല്ലി, ക്യാപ്റ്റൻ ലീല്‍ ഹായോ, സ്റ്റാഫ് സര്‍ജന്റ് ഒറിയ യാക്കോവ്, സര്‍ജന്റ് ഫസ്റ്റ് ക്ലാസ് റോം ഹെക്റ്റ്, സര്‍ജന്റ് അച്ചിയ ദസ്കല്‍, കേണല്‍ എറാൻ അലോനി, ഇത്സാക് ബെൻ ബസത് എന്നിവരാണ് കൊല്ലപ്പെട്ടത്.

അതിനിടെ, കരയുദ്ധം ശക്തിപ്പെടുത്തിയ ശേഷം ഹമാസ് പ്രത്യാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെടുന്നത് കുത്തനെ ഉയര്‍ന്നതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ ഉയര്‍ന്ന ഓഫിസര്‍മാരടക്കം 435 സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷൻ വെളിപ്പെടുത്തി. 20 സൈനികര്‍ സഹപ്രവര്‍ത്തകരുടെ തന്നെ ‘സൗഹൃദ വെടിവെപ്പില്‍’ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം ചൊവ്വാഴ്ച അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular