Friday, May 3, 2024
HomeIndiaലോക്‌സഭയിലെ പ്രതിഷേധം; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി പൊലീസ്, അന്വേഷണം ആരംഭിച്ചു

ലോക്‌സഭയിലെ പ്രതിഷേധം; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി പൊലീസ്, അന്വേഷണം ആരംഭിച്ചു

ലോക്സഭയില്‍ അതിക്രമിച്ച്‌ കയറി പ്രതിഷേധം നടത്തിയവര്‍ക്കെതിരെ യുഎപിഎ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആറ് പേര്‍ ചേര്‍ന്നാണ് പ്രതിഷേധത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കിയതെന്നും നാല് പേര്‍ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. യുഎപിഎ കൂടാതെ ഐപിസി പ്രകാരമുള്ള വിവിധ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ലഖ്നൗ സ്വദേശി സാഗര്‍ ശര്‍മ്മ, മൈസൂര്‍ സ്വദേശി ഡി. മനോരഞ്ജൻ, ഹരിയാനയിലെ ഹിസാര്‍ സ്വദേശി നീലംദേവി, മഹാരാഷ്ട്ര സ്വദേശി അമോല്‍ ഷിൻഡെ എന്നിവരാണ് സംഭവ സ്ഥലത്ത് അറസ്റ്റിലായത്. സഹായിയായ ലളിത് ഝായെ പിന്നീട് പിടികൂടി . കൂട്ടാളിയായ വിക്കി ശര്‍മ്മയെ തെരയുകയാണ്. ലളിത് ഝായുടെ വീട്ടില്‍ തങ്ങിയാണ് ഗൂഢാലോചന നടത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് 12.55ന് ശൂന്യവേള നടക്കുമ്ബോള്‍ ലോക്സഭയിലെ മാദ്ധ്യമ ഗാലറിക്ക് സമീപമുള്ള സന്ദര്‍ശക ഗാലറിയിലെ മുൻനിരയില്‍ ഇരുന്ന സാഗര്‍ ശര്‍മ്മയും ഡി. മനോരഞ്ജനും മൂന്നാള്‍ ഉയരത്തില്‍ നിന്ന് താഴോട്ട് ചാടുകയായിരുന്നു.

ഇവര്‍ ഡെസ്‌കിനു മുകളിലൂടെ മുദ്രാവാക്യം വിളിച്ച്‌ സ്പീക്കറുടെ ഇരിപ്പിടം ലക്ഷ്യമാക്കി നീങ്ങി. ഷൂസില്‍ ഒളിപ്പിച്ച പുക സ്‌പ്രേ ക്യാനെടത്തു പ്രയോഗിച്ചു. സാഗര്‍ ശര്‍മ്മയെ ആര്‍എല്‍പി എംപി ഹനുമാൻ ബേനിവാളും കോണ്‍ഗ്രസിലെ ഗുര്‍ജിത് സിംഗ് ഓജ്ലയും ചേര്‍ന്ന് കിഴടക്കി. പിന്നാലെ മനോരഞ്ജനും പിടിയിലായി. സഭയില്‍ മഞ്ഞപ്പുക പടലം വ്യാപിച്ചു. വിഷവാതകമാണെന്ന് ഭയന്ന് എംപിമാര്‍ പുറത്തേക്ക് പാഞ്ഞു.

2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം ഏര്‍പ്പെടുത്തിയ നാലു തല സുരക്ഷാ സന്നാഹങ്ങള്‍ മറികടന്നാണ് ഷൂവിനുള്ളില്‍ ഒളിപ്പിച്ച വാതക ഷെല്ലുമായി രണ്ടുപേര്‍ അകന്നു കടന്നത്. മെറ്റല്‍ഡിറ്റക്ടര്‍ പരിശോധനയില്‍ അതു കണ്ടെത്താതിരുന്നത് വീഴ്ചയായി.

ഗാലറിയില്‍ സന്ദര്‍ശകര്‍ക്കൊപ്പം ഇരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും രണ്ടുപേര്‍ താഴോട്ട് ചാടിയത് തടയാനായില്ല. സന്ദര്‍ശക ഗാലറിയില്‍ ചില്ലു ഘടിപ്പിക്കാൻ തീരുമാനിച്ചു. സംഭവം നടന്നതിന് ശേഷം 2 മണിവരെ പിരിഞ്ഞ സഭ പിന്നീട് ചേര്‍ന്ന് അക്രമണത്തെ അപലപിച്ചു. അക്രമികളെ നേരിട്ട എംപിമാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും സ്പീക്കര്‍ പ്രശംസിച്ചു.

മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഭോപ്പാലിലായിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ്സിംഗ്, ഹര്‍ദീപ് സിംഗ് പുരി, അനുപ്രിയ പട്ടേല്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മലയാളി എം.പിമാരായ കെ മുരളീധരൻ, എംകെ രാഘവൻ, ഡീൻ കുര്യാക്കോസ്, ബെന്നി ബെഹ്നാൻ, രമ്യാഹരിദാസ് തുടങ്ങിയവര്‍ സഭയിലുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular