Friday, May 3, 2024
HomeKeralaകേന്ദ്രത്തിനെതിരേ നിയമസഭയില്‍ സര്‍ക്കാര്‍ പ്രമേയം; ധനമന്ത്രിക്കെതിരേ അവകാശലംഘന നോട്ടീസ്

കേന്ദ്രത്തിനെതിരേ നിയമസഭയില്‍ സര്‍ക്കാര്‍ പ്രമേയം; ധനമന്ത്രിക്കെതിരേ അവകാശലംഘന നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനങ്ങളെ കീഴ്ഘടകങ്ങളായി കാണുന്ന കേന്ദ്രസർക്കാർ സമീപനം ഉപേക്ഷിക്കണമെന്ന് നിയമസഭ പാസാക്കിയ സംസ്ഥാന സർക്കാർ പ്രമേയത്തില്‍ ആവശ്യം.

ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുകയാണ് കേന്ദ്രം. യൂണിയൻ ലിസ്റ്റില്‍ കേന്ദ്രത്തിനു പരമാധികാരം ഉള്ളതുപോലെ സംസ്ഥാന വിഷയങ്ങളില്‍ സംസ്ഥാന സർക്കാരിനും പരമാധികാരമുണ്ട്. ഭരണഘടന ഇക്കാര്യങ്ങള്‍ ഉറപ്പുനല്‍കുന്നുണ്ടെന്നും പ്രമേയം വിലയിരുത്തി. കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറയ്ക്കുകയും ഗ്രാന്റുകള്‍ തടഞ്ഞുവെയ്ക്കുകയും ചെയ്ത സമീപനത്തില്‍ നിന്നും കേന്ദ്രം പിന്തിരിയണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ പ്രമേയം അവതരിപ്പിച്ചു. മാസപ്പടി പ്രശ്നത്തില്‍ അടിയന്തരപ്രമേയത്തിനുള്ള അനുമതി നിഷേധിച്ചതില്‍ നിയമസഭ ബഹിഷ്കരിച്ച പ്രതിപക്ഷം, കേന്ദ്രവിരുദ്ധപ്രമേയം അവതരിപ്പിച്ച വേളയില്‍ ഹാജരായിരുന്നില്ല.

പ്രതിപക്ഷം ഗർഭഗൃഹത്തില്‍ ബി.ജെ.പിയിലേക്കു വിരിയുന്ന മുട്ടയെന്ന് മന്ത്രി കെ.എൻ. ബാലഗോപാല്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷം കേരളത്തെ വഞ്ചിച്ചു. പ്രമേയത്തിന്റെ പകർപ്പ് പ്രതിപക്ഷനേതാവിനും കൊടുത്തിരുന്നു. ഇതില്‍ വിവാദവിഷയങ്ങള്‍ ഒന്നുമില്ല. കേരളത്തിന്റെ താല്‍പര്യങ്ങള്‍ ഉയർത്തിപ്പിടിച്ചാണ് പ്രമേയം. അതിനെ അനുകൂലിക്കേണ്ടി വരുമെന്നതിനാല്‍ നാടകം കാണിച്ച്‌ പ്രതിപക്ഷം നേരത്തെ ഇറങ്ങിപ്പോയി. ഡല്‍ഹിയില്‍ ഇരിക്കുന്നവർ എന്തെങ്കിലും വിഷമം തോന്നുമോ എന്ന ചിന്തയിലാണ് പ്രതിപക്ഷത്തിന്റെ ബഹിഷ്കരണമെന്നും ധനമന്ത്രി ആരോപിച്ചു.

സാമ്ബത്തികപ്രതിസന്ധി ഉയർത്തിക്കാട്ടി ഫെബ്രുവരി എട്ടിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം നിശ്ചയിച്ചിട്ടുള്ള പശ്ചാത്തലത്തില്‍ കൂടിയാണ് നിയമസഭയിലെ ഔദ്യോഗിക പ്രമേയം. കേന്ദ്രത്തിനെതിരേ ഒന്നിച്ചുള്ള പ്രക്ഷോഭത്തിനു തയ്യാറാവാത്ത പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുക കൂടിയാണ് സർക്കാരിൻ്റെ രാഷ്ട്രീയലക്ഷ്യം. കേന്ദ്രം അർഹതപ്പെട്ടതു നല്‍കാതെ സാമ്ബത്തികമായി ശ്വാസം മുട്ടിക്കുന്നുവെന്നും ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുന്നുവെന്നുമുള്ള വിമർശനമാണ് പ്രമേയത്തിൻ്റെ കാതല്‍.

സാമ്ബത്തിക പ്രതിസന്ധിയില്‍ ചൊവ്വാഴ്ച അടിയന്തരപ്രമേയചർച്ച നടന്നിരുന്നു. പ്രതിസന്ധിക്കു കാരണം സർക്കാറിൻ്റെ ധൂർത്തും നികുതി പിരിവിലെ വീഴ്ചയുമാണെന്നും കേന്ദ്രാവഗണന കാരണങ്ങളില്‍ ഒന്നു മാത്രമെന്നുമാണ് പ്രതിപക്ഷ വിമർശനം. കേന്ദ്രത്തില്‍ കിട്ടാനുള്ള പണത്തിൻ്റെ കണക്കും അവർ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ഔദ്യോഗിക പ്രമേയത്തില്‍ ചർച്ചയ്ക്കുപോലും പ്രതിപക്ഷം നിന്നില്ല.പൊതുതിരഞ്ഞെടുപ്പ് അടുത്തതിനാല്‍ കേന്ദ്രവിമർശനം രൂക്ഷമാക്കാനുള്ള തീരുമാനത്തിലാണ് സി.പി.എം. പ്രമേയത്തില്‍ പ്രതിപക്ഷം സഹകരിക്കാത്തതും ഇടതുപക്ഷം പ്രചാരണ വിഷയമാക്കും. ഇങ്ങനെ, രണ്ടു ലക്ഷ്യങ്ങളിലാണ് വെള്ളിയാഴ്ച നിയമസഭ പാസാക്കിയിട്ടുള്ള പ്രമേയം.

പെൻഷൻ വിഷയത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് ധനമന്ത്രി കെ.എൻ.ബാലഗോപാലിനെതിരേ അവകാശലംഘനത്തിന് നോട്ടീസ്. കോണ്‍ഗ്രസ് എം.എല്‍.എ. പി.സി.വിഷ്ണുനാഥാണ് സ്പീക്കർക്കു നോട്ടീസ് നല്‍കിയത്. എ.കെ. ആന്റണി സർക്കാരിന്റെ കാലത്ത് രണ്ടര വർഷക്കാലം പെൻഷൻ മുടങ്ങിയെന്ന് ബാലഗോപാല്‍ പറഞ്ഞിരുന്നു. എന്നാല്‍, 2007ല്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് നല്‍കിയ മറുപടിയില്‍ മുൻസർക്കാരിന്റെ കാലത്ത് പെൻഷൻ മുടങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു. ഇതു മറച്ചുവെച്ച്‌, നിയമസഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് ബാലഗോപാല്‍. അദ്ദേഹം ബോധപൂർവം കേരളത്തിലെ പൊതുസമൂഹത്തിലും തെറ്റിദ്ധാരണ പരത്തുന്നു. അതിനാലാണ് അവകാശലംഘനത്തിനു നോട്ടീസ് നല്‍കിയതെന്നും പി.സി. വിഷ്ണുനാഥ് മാധ്യമങ്ങളോടു പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 18 മാസം പെൻഷൻ മുടങ്ങിയെന്നായിരുന്നു പ്രചാരണം. അതു തെറ്റായതിനാല്‍ ഇപ്പോഴതു പറയുന്നില്ല -വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular