Sunday, May 19, 2024
HomeKerala'മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതെ വന്നാല്‍ അരിക്കൊമ്ബനെപോലെ പടയപ്പെയും പിടികൂടി ഉള്‍വനത്തിലാക്കും' : എ.കെ ശശീന്ദ്രന്‍

‘മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതെ വന്നാല്‍ അരിക്കൊമ്ബനെപോലെ പടയപ്പെയും പിടികൂടി ഉള്‍വനത്തിലാക്കും’ : എ.കെ ശശീന്ദ്രന്‍

കൊച്ചി: മൂന്നാറില്‍ അതിക്രമങ്ങള്‍ നടത്തുന്ന കാട്ടാന പടപ്പയെ ഉള്‍വനത്തിലേക്ക് അയയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍.

മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതെ വന്നാല്‍ അരിക്കൊമ്ബന്റെ കാര്യത്തില്‍ സ്വീകരിച്ച അതേ നടപടി സ്വീകരിച്ച്‌ പടയപ്പയെ ഉള്‍വനത്തിലേക്ക് മാറ്റുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം മൃഗങ്ങളെ ബാധിച്ചിട്ടുണ്ട്. ചൂടില്‍ നിന്ന് രക്ഷപ്പെടാനാണ് മൃഗങ്ങള്‍ പുറത്തേക്കിറങ്ങുന്നതെന്നും കുറച്ചുകാലം കൂടി ഇത് തുടരുമെന്നും അദ്ദേഹം ഓര്‍പ്പിച്ചു. എറണാകുളം പ്രസ് ക്ലബിന്റെ ‘മീറ്റ് ദ് പ്രസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ആക്രമണങ്ങള്‍ വര്‍ധിച്ചതോടെയാണ് അരിക്കൊമ്ബനെ ചിന്നക്കനാല്‍ മേഖലയില്‍നിന്നു മയക്കുവെടി വച്ച്‌ പിടികൂടി മറ്റൊരു സ്ഥലത്തു കൊണ്ടുപോയി വിട്ടത്. അരിക്കൊമ്ബന് ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ല, സസുഖം ജീവിക്കുന്നു. പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് അയയ്ക്കാനുള്ള വഴികള്‍ നോക്കുകയാണ്. മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ അരിക്കൊമ്ബനെ പിടികൂടിയതു പോലെ പടയപ്പയേയും പിടികൂടി ഉള്‍വനത്തിലേക്ക് മാറ്റും. കാലാവസ്ഥാ വ്യതിയാനം എല്ലാവരെയും ബാധിച്ചതു പോലെ മൃഗങ്ങളെയും ബാധിച്ചിട്ടുണ്ട്. കാട്ടില്‍ ചൂട് വര്‍ധിച്ചു. അതില്‍നിന്ന് രക്ഷപെടാന്‍ കൂടിയാണ് മൃഗങ്ങള്‍ പുറത്തേക്കിറങ്ങുന്നത്. ഈ പ്രതിഭാസം കുറച്ചുകാലം കൂടി തുടരും.

കാടിനുള്ളിലെ സ്വാഭാവിക സന്തുലിതാവസ്ഥ തിരിച്ചു കൊണ്ടുവരാനാണ് ശ്രമം. അതിനു ചതുപ്പുകളും കുളങ്ങളും സംരക്ഷിക്കണം. കാട്ടിനുള്ളില്‍ ജലലഭ്യത ഉറപ്പു വരുത്താന്‍ കുളങ്ങളും തടയണകളും തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റും സഹകരണത്തോടെ സംരക്ഷിക്കാന്‍ പദ്ധതിയുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഇതിന് തുടക്കമിട്ടു കഴിഞ്ഞു. സര്‍ക്കാരിന് അധികബാധ്യത വരാതെ തദ്ദേശ, പൊതു സ്ഥാനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ പദ്ധതി നടപ്പാക്കും. കൂടുതല്‍ താല്‍ക്കാലിക വാച്ചര്‍മാരെ നിയമിക്കും. വനത്തില്‍ നേരത്തേ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയെങ്കിലും ഇതൊന്നും കാര്യക്ഷമമായില്ല. പഞ്ചായത്ത് പ്രസിഡന്റുമാരുടെയും റേഞ്ച് ഓഫിസര്‍മാരുടെയും നേതൃത്വത്തിലാണ് ഇപ്പോള്‍ പദ്ധതികള്‍ നടപ്പാക്കുന്നത്”- ശശീന്ദ്രന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular