Saturday, May 4, 2024
HomeIndia"നിര്‍ണായകമായത് ആ നിമിഷമാണ്. വിജയത്തിന്റെ ക്രെഡിറ്റ് എല്ലാവര്‍ക്കും നല്‍കുന്നു"- സഞ്ജുവിന്റെ വാക്കുകള്‍.

“നിര്‍ണായകമായത് ആ നിമിഷമാണ്. വിജയത്തിന്റെ ക്രെഡിറ്റ് എല്ലാവര്‍ക്കും നല്‍കുന്നു”- സഞ്ജുവിന്റെ വാക്കുകള്‍.

മുംബൈയ്ക്കെതിരായ മത്സരത്തില്‍ അത്യുഗ്രൻ വിജയം തന്നെയാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിന്റെ പല സമയത്തും മുംബൈ രാജസ്ഥാന് മേല്‍ സമ്മർദ്ദം ചെലുത്തിയിരുന്നു.

പക്ഷേ തന്റെ നായകത്വ മികവുകൊണ്ട് ഇതില്‍ നിന്ന് പലതവണ ടീമിനെ രക്ഷിക്കാൻ സഞ്ജു സാംസന് സാധിച്ചു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 179 എന്ന ഭേദപ്പെട്ട സ്കോർ സ്വന്തമാക്കിയിട്ടും, രാജസ്ഥാൻ തളർന്നില്ല. ജയസ്വാളിന്റെ കിടിലൻ സെഞ്ചുറിയുടെ ബലത്തിലായിരുന്നു മത്സരത്തില്‍ രാജസ്ഥാന്റെ മിന്നുന്ന വിജയം. മത്സരത്തിലെ 9 വിക്കറ്റുകളുടെ വിജയത്തിന് ശേഷം നായകൻ സഞ്ജു സാംസണ്‍ സംസാരിക്കുകയുണ്ടായി.

വിജയത്തിന്റെ പൂർണമായ ക്രെഡിറ്റ് എല്ലാ താരങ്ങള്‍ക്കും നല്‍കിയാണ് സഞ്ജു സാംസണ്‍ സംസാരിച്ചത്. മത്സരത്തില്‍ പവർപ്ലേ ഓവറുകള്‍ നിർണായകമായ സാന്നിധ്യമായി മാറി എന്ന് സഞ്ജു സാംസണ്‍ പറയുകയുണ്ടായി. മാത്രമല്ല മുംബൈ ഇന്നിംഗ്സിന്റെ അവസാന സമയങ്ങളില്‍ കിടിലൻ ബോളിംഗ് പ്രകടനം കാഴ്ചവെക്കാൻ സാധിച്ചത് മത്സരത്തിലെ വിജയത്തില്‍ പ്രധാന പങ്കു വഹിച്ചു എന്നാണ് സഞ്ജു കൂട്ടിച്ചേർത്തത്.

“മത്സരത്തിലെ വിജയത്തിന്റെ ക്രെഡിറ്റ് ഞാൻ എല്ലാ താരങ്ങള്‍ക്കും നല്‍കുകയാണ്. ഞങ്ങള്‍ക്ക് ബോളിങ്ങില്‍ മികച്ച ഒരു പവർപ്ലേ തന്നെ ലഭിക്കുകയുണ്ടായി. ശേഷം മധ്യ ഓവറുകളില്‍ മുംബൈയുടെ ഇടംകയ്യൻ ബാറ്റർമാർ അവിശ്വസനീയ ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്.”- സഞ്ജു പറയുന്നു.

“ശേഷം മത്സരത്തിലേക്ക് ഞങ്ങള്‍ തിരിച്ചു വന്ന രീതിയാണ് വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത്. ആ സമയത്ത് വിക്കറ്റ് അല്പം ഡ്രൈ ആയാണ് തോന്നിയത്. എന്നാല്‍ മൈതാനത്തേക്ക് ലൈറ്റുകള്‍ എത്തിയപ്പോള്‍ പിച്ചിന്റെ മട്ടുമാറി. രണ്ടാം ഇന്നിങ്സില്‍ പിച്ച്‌ കൂടുതലായി ബാറ്റിംഗിനെ സഹായിക്കുകയുണ്ടായി. മഴയുടെ സമയത്ത് മത്സരത്തില്‍ ഇടവേള ലഭിക്കുകയുണ്ടായി. എല്ലാ താരങ്ങളും പ്രൊഫഷണല്‍ തന്നെയാണ്. അതിനാല്‍ തന്നെ ഇത്തരം ഒരു ഇടവേള ലഭിച്ചാല്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി എല്ലാവർക്കും അറിയാം.”- സഞ്ജു കൂട്ടിച്ചേർത്തു.

മത്സരത്തിലെ ജയസ്വാളിന്റെ പ്രകടനത്തെപ്പറ്റിയും സഞ്ജു സംസാരിച്ചു. “ജയസ്വാളിന് ആരില്‍ നിന്നും ഒരു ഉപദേശവും ആവശ്യമില്ല. കാരണം അത്രമാത്രം ആത്മവിശ്വാസമുള്ള താരമാണ് ജയ്സ്വാള്‍. ഞങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത് വരാനിരിക്കുന്ന മത്സരത്തെ കുറച്ചു മാത്രമാണ്. ലക്നൗവിലാണ് ഞങ്ങളുടെ അടുത്ത മത്സരം നടക്കുന്നത്. അവിടുത്തെ പിച്ചിനെയും വിക്കറ്റിനെയും പറ്റി നമുക്ക് കണ്ടറിയാൻ മാത്രമേ സാധിക്കൂ.”- സഞ്ജു സാംസണ്‍ പറഞ്ഞു വയ്ക്കുന്നു. ഈ ഐപിഎല്ലിലെ രാജസ്ഥാന്റെ ഏഴാം വിജയമാണ് മത്സരത്തില്‍ പിറന്നത്. ഇതോടെ പോയിന്റ്സ് ടേബിളില്‍ ഒന്നാം സ്ഥാനം നിലനിർത്താനും രാജസ്ഥാന് സാധിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular