Tuesday, May 21, 2024
HomeIndiaസീറ്റ്‌ബെല്‍റ്റ് ധരിച്ചില്ല! 1 ലക്ഷം നഷ്ടപരിഹാരം കിട്ടിയത് റദ്ദാക്കി കണ്‍സ്യൂമര്‍ കോടതി

സീറ്റ്‌ബെല്‍റ്റ് ധരിച്ചില്ല! 1 ലക്ഷം നഷ്ടപരിഹാരം കിട്ടിയത് റദ്ദാക്കി കണ്‍സ്യൂമര്‍ കോടതി

കാര്‍ ഉപയോഗിക്കുന്നവര്‍ക്ക് സീറ്റ്‌ബെല്‍റ്റിന്റെ പ്രാധാന്യം വിശദീകരിക്കേണ്ട കാര്യമില്ല. വാഹനത്തിലെ ഏറ്റവും സുപ്രധാനമായ സുരക്ഷ സവിശേഷതകളില്‍ ഒന്നാണ് സീറ്റ്‌ബെല്‍റ്റ് എന്നിരിക്കെ തന്നെ നമ്മില്‍ പലരും അവ ധരിക്കാന്‍ വിമുഖത കാണിക്കുന്നു.

എന്നാല്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുന്ന ഒരു പുതിയ സംഭവം കഴിഞ്ഞ ദിവസമുണ്ടായി. അതിനെ കുറിച്ച്‌ വിശദീകരിക്കാം.

വാഹനങ്ങളുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്ബോള്‍ ചില ഉപഭോക്താക്കള്‍ കമ്ബനിയെയും ഡീലര്‍മാരെയും കോടതി കയറ്റാറുണ്ട്. ന്യായമായ കാര്യമാണെങ്കില്‍ പോലും കോടതി വിവഹാരങ്ങളുടെ പിറകെ നടക്കണമെന്ന കാരണം കൊണ്ട് പലരും അതില്‍ നിന്ന് പിന്‍മാറും. എന്നാല്‍ കേസില്‍ അടിയുറച്ച്‌ നില്‍ക്കുന്ന ഉപഭോക്താക്കള്‍ക്ക് പലപ്പോഴും നീതി കിട്ടാറുണ്ട്. എന്നാല്‍ നമ്മള്‍ ഒരു പ്രശ്‌നവുമായി കോടതിയെ സമീപിക്കുമ്ബോള്‍ നമ്മുടെ ഭാഗം ക്ലിയറാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഹോണ്ട കമ്ബനിയോട് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കണമെന്ന സംസ്ഥാന കമ്മീഷന്‍ നിര്‍ദേശം അപകടസമയത്ത് കാറില്‍ എയര്‍ബാഗുകള്‍ വിന്യസിക്കാത്തതിന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അടുത്തിടെ പുറപ്പെടുവിച്ച ഉത്തരവിലൂടെ റദ്ദാക്കിയ ഒരു കേസാണ് ഇങ്ങനെ പറയാന്‍ കാരണം. കാറിലെ ഉപഭോക്താവോ യാത്രക്കാരോ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും അതിനാലാണ് കാറിലെ എയര്‍ബാഗുകള്‍ വിന്യസിക്കാന്‍ കഴിയാത്തതെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുഭാഷ് ചന്ദ്രയും സാധന ശങ്കറും ഉള്‍പ്പെട്ട കമ്മീഷന്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.

സീറ്റ്‌ബെല്‍റ്റ് ധരിച്ചാല്‍ മാത്രമാണ് വാഹനങ്ങളില്‍ എയര്‍ബാഗുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. സംഭവം വിശദീകരിച്ചാല്‍, മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നുള്ള കോത്താരി ഓട്ടോ ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഡീലര്‍ഷിപ്പില്‍ നിന്നാണ് പരാതിക്കാരന്‍ ഹോണ്ട സിവിക് കാര്‍ വാങ്ങിയത്. 13.20 ലക്ഷം രൂപ മുടക്കിയാണ് കാര്‍ വാങ്ങിയത്. 2013-ല്‍ വെസ്‌റ്റേണ്‍ എക്‌സ്പ്രസ്‌വേയില്‍ വെച്ച്‌ നടന്ന ഒരു അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.

കാറിലുണ്ടായിരുന്ന പരാതിക്കാരന് അപകടത്തില്‍ ഇടത് കൈയ്ക്കും തോളെല്ലിനും പരിക്ക് പറ്റിയിരുന്നു. 40000 രൂപയോളമാണ് ചികിത്സക്ക് ചെലവായത്. അപകടസമയത്ത് കാറിന്റെ എയര്‍ബാഗ് വിന്യസിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കമ്ബനിക്കും ഡീലര്‍ക്കുമെതിരെ പരാതിയുമായി ഉടമ മുന്നോട്ട് നീങ്ങിയത്. നിര്‍ദിഷ്ട വ്യവസ്ഥകള്‍ പാലിക്കുമ്ബോള്‍ എയര്‍ബാഗുകള്‍ വിന്യസിക്കുമെന്നും അതില്‍ ഒന്നാണ് സീറ്റ്‌ബെല്‍റ്റ് ബക്കിള്‍ ചെയ്യുന്നതെന്നുമാണ് ഹോണ്ട കമ്ബനി അറിയിച്ചത്. പരാതിക്കാരന്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും അവരെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ കാര്‍ അറ്റകുറ്റപ്പണി ചെയ്തതായും കമ്ബനി കോടതിയെ അറിയിച്ചു.

എന്നാല്‍ ഈ വാദത്തെ പിന്തുണയ്ക്കുന്ന വിദഗ്ധാഭിപ്രായം ഇല്ലെന്നാണ് സംസ്ഥാന കമ്മീഷന്‍ നിരീക്ഷിച്ചത്. കസ്റ്റമര്‍ പണം മുടക്കിയതിനാല്‍ അപകടത്തിന്റെ ആഘാതം കണക്കിലെടുത്ത് സുരക്ഷാ ഫീച്ചറായി എയര്‍ബാഗുകള്‍ വിന്യസിക്കണമെന്നായിരുന്നു സംസ്ഥാന കമ്മീഷന്‍ വിധിച്ചത്. എയര്‍ബാഗിലെ പ്രശ്നങ്ങള്‍ കാരണം ഹോണ്ടയുടെ 58,000 കാറുകള്‍ തിരിച്ചുവിളിച്ച കാര്യവും സ്റ്റേറ്റ് കമ്മീഷന്‍ പരിഗണിച്ചു. ഇതെല്ലാം ചേര്‍ത്താണ് ഹോണ്ട പരാതിക്കാരന് 1 ലക്ഷം രൂപയും കോടതിച്ചെലവിനായി 25,000 രൂപയും നല്‍കാന്‍ വിധിച്ചത്.

ഒപ്പം ഇന്‍ഷൂറന്‍സ് ക്ലെയിമായി 1.60 ലക്ഷം രൂപയും ലഭിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ ഹോണ്ടയ്ക്ക് രണ്ട് മാസത്തെ സമയമാണ് അനുവദിച്ചത്. എന്നാല്‍ ദേശീയ കമ്മീഷനില്‍ അപ്പീലിന് പോകാന്‍ ഹോണ്ട തീരുമാനിക്കുകയായിരുന്നു. പരാതിക്കാരന്‍ നിര്‍മാണ പിഴവ് ആരോപിച്ചിട്ടില്ലെന്നും നിര്‍മാണ പിഴവ് തെളിയിക്കപ്പെടാതെ കമ്ബനിയെ ബാധ്യസ്ഥരാക്കാനാകില്ലെന്നും വാഹന നിര്‍മാതാക്കള്‍ വാദിച്ചു.

ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം വിദഗ്ധാഭിപ്രായമായി കണക്കാക്കപ്പെടാത്ത വെസ്‌റ്റേണ്‍ ഇന്ത്യ ഓട്ടോമൊബൈല്‍ അസോസിയേഷന്റെ അഭിപ്രായത്തെയാണ് പരാതിക്കാരന്‍ ആശ്രയിച്ചതെന്നും നിര്‍മാണത്തകരാര്‍ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും ഹോണ്ട വാദിച്ചു. എയര്‍ബാഗുള്ള കാറിന്റെ വില കൂടുതലാണെന്നും തനിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഓട്ടോമൊബൈല്‍ അസോസിയേഷന്‍ റിപ്പോര്‍ട്ട് ‘വിദഗ്ധാഭിപ്രായം’ ആണെന്നും അപകടത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്ബോള്‍ എയര്‍ബാഗുകള്‍ തുറക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

സെക്ഷന്‍ 13(1)(സി) പ്രകാരം ആവശ്യമായ സാങ്കേതിക, വിദഗ്ധ അഭിപ്രായം ഇല്ലെങ്കില്‍ കാറിന് തകരാറുണ്ടെന്ന് വിധിക്കാനാവില്ലെന്നും ദേശീയ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. എയര്‍ബാഗ് തകരാറുള്ള കാറുകള്‍ തിരിച്ചുവിളിക്കുന്നതുമായി ബന്ധപ്പെട്ട് പത്രവാര്‍ത്തകള്‍ തെളിവായി സ്വീകരിക്കാന്‍ പര്യാപ്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എയര്‍ബാഗ് തകരാറുള്ള അതേ ബാച്ചില്‍ നിന്നുള്ള കാറാണ് തന്റെ കാറെന്ന് തെളിയിക്കുന്ന ഒരു തെളിവും ഹാജരാക്കാന്‍ പരാതിക്കാരന് കഴിഞ്ഞിട്ടില്ല.

എയര്‍ബാഗ് പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ സീറ്റ് ബെല്‍റ്റിന് പങ്കില്ലെന്ന സംസ്ഥാന കമ്മിഷന്റെ വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളോ മുന്‍ വിധികളോ ഇല്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഈ ഒരു കോടതി വിധിയുടെ വെളിച്ചത്തില്‍ സീറ്റ്‌ബെല്‍റ്റിന്റെ പ്രാധാന്യം ഒരിക്കല്‍ കൂടി ഏവര്‍ക്കും ബോധ്യപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് കാര്‍ സ്റ്റാര്‍ട്ടാക്കുന്നതിന് മുമ്ബ് തന്നെ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular