Friday, May 3, 2024
HomeIndiaമോദിയും ബി.ജെ.പി.യും തകര്‍ത്തത് സ്വന്തം മുദ്രാവാക്യം

മോദിയും ബി.ജെ.പി.യും തകര്‍ത്തത് സ്വന്തം മുദ്രാവാക്യം

ന്യൂഡല്‍ഹി: ഹിന്ദി ഹൃദയഭൂമിയിലെ ഹൈന്ദവ വോട്ടുബാങ്ക് ആവർത്തിച്ചുറപ്പിക്കാനും ആദ്യഘട്ടത്തിലെ വോട്ടുശതമാനക്കുറവുണ്ടാക്കിയ ആശങ്ക നേരിടാനും പ്രതീക്ഷിച്ചതുപോലെ അതിതീവ്ര ഹൈന്ദവകാർഡുകള്‍ പുറത്തിറക്കി മോദിയും ബി.ജെ.പി.യും.

വികസനമുദ്രാവാക്യങ്ങളും സർക്കാർ നടപ്പാക്കിയ പദ്ധതികളും രാമക്ഷേത്രം ഉള്‍പ്പെടെയുള്ള പതിവ് അജൻഡകളും ഉയർത്തിയുള്ള പ്രചാരണം ആദ്യഘട്ടത്തെ കാര്യമായി സ്വാധീനിച്ചില്ലെന്നു കണ്ടാണ് തീവ്രായുധങ്ങളുമായുള്ള പുതിയ നീക്കം. വിവാദപ്രസംഗത്തിലൂടെ പ്രധാനമന്ത്രിയും ബി.ജെ.പി.യും തകർത്തത് ‘സബ് കാ സാഥ്, സബ്കാ വിശ്വാസ്’ എന്ന സ്വന്തം മുദ്രാവാക്യത്തെത്തന്നെയാണെന്നതാണ് പ്രധാനം.

വിദ്വേഷപ്രസംഗത്തിന്റെ നിർവചനത്തില്‍പ്പെട്ടേക്കാവുന്ന മോദിയുടെ പരാമർശങ്ങള്‍ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടലുണ്ടാവുമോയെന്ന് വ്യക്തമല്ല. എങ്കിലും തിരഞ്ഞെടുപ്പു കളത്തില്‍ വർഗീയതയുടെ മുദ്രാവാക്യമുയരാൻ അതു വഴിയൊരുക്കുന്നു. മോദി നിശ്ചയിക്കുന്ന അജൻഡകളുടെ പിന്നാലെപോകുന്ന പ്രതിപക്ഷത്തിന്റെ പതിവുരീതിയും ബി.ജെ.പി.യുടെ പ്രതീക്ഷയിലുണ്ട്.

അപ്രതീക്ഷിതമല്ല ബി.ജെ.പി.യുടെയും മോദിയുടെയും കരുനീക്കം. ഒന്നാംഘട്ടം പതിഞ്ഞ താളത്തിലാണെങ്കില്‍ രണ്ടാംഘട്ടംമുതല്‍ രൂക്ഷമായ അജൻഡകള്‍ പ്രയോഗിക്കാൻ ബി.ജെ.പി. അണിയറയിലൊരുങ്ങുന്നതിന്റെ സൂചനകള്‍ മുൻകൂട്ടി ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഉത്തരേന്ത്യൻ രാഷ്ട്രീയഭൂമിയിലേക്ക് കടക്കുന്നതിനൊപ്പം പ്രയോഗിക്കാൻ കരുതിവെച്ച ആയുധങ്ങളിലൊന്നാണ് ഞായറാഴ്ച പടിഞ്ഞാറൻ രാജസ്ഥാനിലെ ആദിവാസിമേഖലകളില്‍ മോദി പ്രയോഗിച്ചത്. അതായിരുന്നു ആ വിവാദപ്രസംഗം. ഭരണം നയിക്കുന്ന ഒരു പാർട്ടിയും അതിന്റെ നേതാവും സ്വീകരിക്കേണ്ട സമവായസമീപനം കരുതിക്കൂട്ടി വലിച്ചെറിഞ്ഞ് ധാർഷ്ട്യവും ആക്ഷേപവും വിക്ഷേപിച്ചത് തിരഞ്ഞെടുപ്പിനപ്പുറം ധാർമിക ചർച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. നുഴഞ്ഞുകയറ്റക്കാർ, കൂടുതല്‍ കുട്ടികളുള്ളവർ തുടങ്ങിയ ആക്ഷേപങ്ങള്‍ ഭരണാധികാരി സ്വന്തം പൗരർക്കെതിരേ ചൊരിയുന്നതിന്റെ നിറംകെട്ട ഉള്ളടക്കവും ചർച്ചയാകും.

അയോധ്യ, മുത്തലാഖ് നിരോധനം, പൗരത്വനിയമം, ജമ്മു-കശ്മീരിലെ നടപടി, ഏക സിവില്‍ കോഡ് തുടങ്ങിയ ഹിന്ദുത്വ മുദ്രാവാക്യങ്ങളുയർത്തിയാണ് ബി.ജെ.പി. നാളിതുവരെയുള്ള തിരഞ്ഞെടുപ്പുകളെ നേരിട്ടിരുന്നത്. ഇക്കുറി ആദ്യഘട്ടം വോട്ടെടുപ്പിലും ഇതായിരുന്നു പ്രധാന പ്രചാരണം. എന്നാല്‍, ഇവയിലേറെയും നടപ്പാക്കിക്കഴിഞ്ഞ പദ്ധതികളായതിനാല്‍ അണികള്‍ക്കിടയിലും വോട്ടർമാർക്കിടയിലും ആകാംക്ഷയുളവാക്കാൻ പര്യാപ്തമാകുന്നില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് രണ്ടാംഘട്ടത്തില്‍ വഴിമാറിയത്.

2019-ല്‍ ബി.ജെ.പി.ക്കൊപ്പം പൂർണമായും നിലയുറപ്പിച്ചവയാണ് ഹിന്ദി സംസ്ഥാനങ്ങള്‍. വോട്ടുവിഹിതം വർധിപ്പിക്കുക, മൂന്നില്‍രണ്ട് ഭൂരിപക്ഷം നേടുക എന്നീ ലക്ഷ്യങ്ങളുമായി തിരഞ്ഞെടുപ്പിലിറങ്ങിയ ബി.ജെ.പി.ക്ക് അത് സാധിക്കാൻ ഈ മേഖലകള്‍ നിർണായകം. എന്നാല്‍, 2019-ല്‍നിന്ന് ഭിന്നമായി വോട്ട് ചോർത്തുന്ന ചില അടിയൊഴുക്കുകള്‍ ഈ പ്രദേശങ്ങളിലുണ്ടെന്ന് തിരിച്ചറിഞ്ഞാണ് വർഗീയകാർഡുകളുടെ പ്രയോഗം. 80 ശതമാനവും 20 ശതമാനവും തമ്മിലുള്ള ഏറ്റുമുട്ടലെന്നാണ് 2020-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചത്. ആ സമവാക്യത്തിലേക്ക് തിരഞ്ഞെടുപ്പിനെ ചുരുക്കാനാണ് ബി.ജെ.പി. മെനയുന്ന തന്ത്രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular