Tuesday, May 21, 2024
HomeKerala4 പേര്‍ ഇങ്ങനെ പരാതിനല്‍കിയാല്‍ ചിലപ്പോള്‍ നന്നാകും! മോശം സേവനം: BSNL 25000 രൂപ പിഴയടച്ചേ...

4 പേര്‍ ഇങ്ങനെ പരാതിനല്‍കിയാല്‍ ചിലപ്പോള്‍ നന്നാകും! മോശം സേവനം: BSNL 25000 രൂപ പിഴയടച്ചേ പറ്റൂ

4ജി സേവനങ്ങള്‍ എല്ലായിടത്തും അ‌വതരിപ്പിച്ചുകൊണ്ട് ഇന്ത്യൻ ടെലിക്കോം മേഖലയിലെ തങ്ങളുടെ പ്രതിച്ഛായ നന്നാക്കാനും വരുമാനം വർധിപ്പിക്കാനും ബിഎസ്‌എൻഎല്‍ ശ്രമം ആരംഭിച്ചിട്ട് ഏറെ നാളായി.

എന്നാല്‍ കാര്യങ്ങള്‍ ഒച്ചിഴയുംപോലെ ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത് എന്നുമാത്രം. ചന്ദ്രനില്‍ 4ജി സേവനം ആരംഭിച്ചാലും ബിഎസ്‌എൻഎല്‍ സമ്ബൂർണ്ണ 4ജി വ്യാപനം പൂർത്തിയാക്കുമോയെന്ന് കണ്ടറിയണം.

ഇന്ത്യൻ ടെലിക്കോം മേഖലയില്‍ പൊതുഉടമസ്ഥതയില്‍ പ്രവർത്തിക്കുന്ന ഏക സ്ഥാപനമാണ് ബിഎസ്‌എൻഎല്‍. സർക്കാർ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനം ആയതിനാല്‍ തന്നെ അ‌തിന്റേതായ ചില പ്രശ്നങ്ങള്‍ ബിഎസ്‌എൻഎല്‍ നേരിടുന്നുണ്ട്. 4ജി വ്യാപനം ഉള്‍പ്പെടെ വൈകുന്നതും അ‌തിനാലാണ് എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ ഇന്ത്യൻ ടെലിക്കോം കമ്ബനികളില്‍ നാലാമതാണ് ബിഎസ്‌എൻഎല്‍.

ബിഎസ്‌എൻഎല്ലിന്റെ നിലവിലെ അ‌വസ്ഥയ്ക്ക് അ‌തിനെ നയിച്ചവരും ജീവനക്കാരും ഒരേപോലെ ഉത്തരവാദികളാണ് എന്ന ആക്ഷേപം ഏറെ നാളായുണ്ട്. ഉപയോക്താക്കള്‍ പരാതി പറഞ്ഞാലും അ‌തൊന്നും കണ്ടില്ലെന്ന് നടിക്കുന്ന ജീവനക്കാരുടെ രീതി തങ്ങളെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്ന് നിരവധി പേർ സാക്ഷ്യപ്പെടുത്തുന്നു. ചില ജീവനക്കാർ കാണിക്കുന്ന അ‌ലംഭാവമാകാം ജീവനക്കാരെ ഒന്നാകെ പ്രതിക്കൂട്ടിലാക്കുന്നത്.

പരാതി പറഞ്ഞാലും കേട്ടില്ലെന്ന് നടിക്കുന്ന ബിഎസ്‌എൻഎല്‍ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും താക്കീതും പാഠവുമാകുന്ന ഒരു സംഭവം അ‌ടുത്തിടെ ഉണ്ടായിരിക്കുന്നു. ഉപയോക്താവിന്റെ പരാതിയില്‍ വേണ്ട സമയത്ത് നടപടി സ്വീകരിക്കാത്തതിന് ബിഎസ്‌എൻഎല്‍ 25000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കോഴിക്കോട് ജില്ലാ ഉപഭോക്തൃ കമ്മിഷൻ്റെ നിർദ്ദേശം സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ശരിവച്ചു എന്നതാണ് ആ സംഭവം.

വിനീത ആർ. കോട്ടായി എന്ന ഉപയോക്താവിന്റെ പരാതിയിലാണ് ബിഎസ്‌എൻഎല്‍ നഷ്ടപരിഹാരം നല്‍കാൻ വിധി ഉണ്ടായിരിക്കുന്നത്. പരാതിപ്പെട്ട ഉപയോക്താവിന് മികച്ച രീതിയില്‍ സേവനം സമയോചിതമായി ലഭ്യമാക്കുന്നതില്‍ ബിഎസ്‌എൻഎല്‍ പരാജയപ്പെട്ടു എന്ന് ബോധ്യമായതിനെ തുടർന്നാണ് സംസ്ഥാന കമ്മിഷൻ ജില്ലാ ഉപഭോക്തൃ കമ്മിഷൻ്റെ നിർദ്ദേശം ശരിവച്ചിരിക്കുന്നത്.

സംഭവം ഇങ്ങനെ: 2015ല്‍ കോഴിക്കോട് മൊകേരി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് വഴി വിനീത ബിഎസ്‌എൻഎല്‍ ബ്രോഡ്‌ബാൻഡ് കണക്ഷൻ എടുത്തു. പിന്നീട് 2018 ജൂണ്‍ മുതല്‍ ഡിസംബർ 2018 വരെ ഈ കണക്ഷൻ തകരാറിലായി. അ‌റ്റകുറ്റ പണി നടത്തി പ്രശ്നം പരിഹരിക്കണെമന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും തുടക്കത്തില്‍ നടപടി ഉണ്ടായില്ല എന്നാണ് പരാതിക്കാരി പറയുന്നത്.

ഉയർന്ന ഉദ്യോഗസ്ഥർക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ജൂനിയർ ടെലികോം ഓഫീസർ 2018 ജൂലൈ 4 വരെ അവധിയിലായിരുന്നതിനാല്‍ ആണ് പരാതിയില്‍ നടപടി ഉണ്ടാകാത്തത് എന്നാണ് ആദ്യം അ‌റിയിച്ചിരുന്നത്. പിന്നീട് ഈ ഓഫീസർ തിരിച്ചെത്തിയ ശേഷവും നടപടിയുണ്ടായില്ല. ഇതിനിടയില്‍ പരാതിക്കാരിയുടെ ലാൻഡ് ഫോണ്‍ കണക്ഷൻ പ്രവർത്തനവും നിലച്ചു.

ടെലിക്കോം സേവനങ്ങള്‍ തടസപ്പെട്ടതിനെ തുടർന്ന് പരാതിക്കാരിക്ക് മകനുമായും മറ്റ് ബന്ധുക്കളുമായും സുഹൃത്തുക്കളുമായുമൊക്കെ ബന്ധപ്പെടുന്നതിന് തടസം നേരിട്ടു. കോഴിക്കോട് ബിഎസ്‌എൻഎല്‍ ജനറല്‍ മാനേജർക്ക് ഉള്‍പ്പെടെ ഇവർ പരാതി നല്‍കി എന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ഏറ്റവുമൊടുവില്‍ 2018 ജൂലൈ 25-ന് അവളുടെ ബ്രോഡ്‌ബാൻഡ് കണക്ഷൻ പുനസ്ഥാപിക്കപ്പെട്ടു. എന്നാല്‍ അ‌ന്നു രാത്രിയായതോടെ കണക്ഷൻ വീണ്ടും പ്രവർത്തന രഹിതമായി.

തുടർന്ന് വിനീത കോഴിക്കോട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനില്‍ പരാതി നല്‍കുകയായിരുന്നു. കമ്മിഷൻ പരാതിക്കാരിക്ക് അ‌നുകൂലമായി വിധി പുറപ്പെടുവിച്ചു. പരാതിക്കാരിക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് അ‌വർക്ക് 25000 രൂപ നഷ്ടപരിഹാരം നല്‍കാൻ ബിഎസ്‌എൻഎല്ലിനോടും മൊകേരി ടെലികോം എക്‌സ്‌ചേഞ്ചിനോടും നിർദ്ദേശിച്ചു. എന്നാല്‍ ഇതിനെതിരേ ബിഎസ്‌എൻഎല്ലും മൊകേരി ടെലിക്കോം എക്സ്ചേഞ്ചും സംസ്ഥാന കമ്മിഷനെ സമീപിക്കുകയായിരുന്നു.

വിനീതയുടെ സ്ഥലം എക്സ്ചേഞ്ചില്‍ നിന്ന് 5.5 കിലോമീറ്റർ അകലെയായതിനാല്‍, കേബിള്‍ ലൈനിലെ പ്രശ്നങ്ങള്‍ പെട്ടെന്ന് പരിഹരിക്കുന്നതില്‍ തടസങ്ങള്‍ ഉണ്ടായിരുന്നു, പബ്ലിക് റോഡ് കുഴിക്കുന്നത് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ക്ക് വിവിധ അധികാരികളില്‍ നിന്ന് അംഗീകാരം നേടണം. ഒരാള്‍ക്ക് വേണ്ടി മാത്രമായി സാമ്ബത്തികമായി ഇത്രയും ചെലവഴിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്” എന്ന് അ‌പ്പീലില്‍ ബിഎസ്‌എൻഎല്‍ അ‌റിയിച്ചു.

മാത്രമല്ല, തകരാറിലായ കാലയളവിലെ വാടകയില്‍ പരാതിക്കാരിക്ക് ഇളവ് നല്‍കിയെന്നും 2018 ഡിസംബറില്‍ സ്ട്രിംഗ് മാറ്റിസ്ഥാപിച്ചെന്നും തങ്ങളുടെ ഭാഗത്ത് തെറ്റ് ഇല്ലെന്നും പരാതി തള്ളിക്കളയണമെന്നും എസ്‌എൻഎല്‍ അ‌റിയിച്ചു. എങ്കിലും ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന കമ്മിഷൻ പരാതിക്കാരിയുടെ വാദങ്ങള്‍ക്കൊപ്പം നിന്നു. പരാതി പരിഗണിക്കുന്നതില്‍ വ്യക്തമായ അ‌വഗണന ഉണ്ടായതായും കമ്മിഷൻ നിരീക്ഷിച്ചു.

ഈ പരാതിക്ക് ഇടയാക്കിയ സംഭവം നടക്കുന്നത് 2018 കാലയളവിലാണ്. ഇപ്പോള്‍ ബിഎസ്‌എൻഎല്‍ ജീവനക്കാരില്‍ നിന്ന് കുറച്ചുകൂടി ഉപയോക്തൃസൗഹൃദമായ സമീപനമാണ് പൊതുവേ ഉണ്ടാകുന്നത്. മാത്രമല്ല ടെലിക്കോം സേവനങ്ങളെ അ‌പേക്ഷിച്ച്‌ ബിഎസ്‌എൻഎല്‍ ബ്രോഡ്ബാൻഡ് സേവനങ്ങള്‍ ഇപ്പോള്‍ ഏറെ മികച്ചതുമാണ്. എങ്കിലും തങ്ങള്‍ക്ക് ലഭിക്കുന്ന സേവനത്തില്‍ എന്തെങ്കിലും പോരായ്മയുണ്ടെങ്കില്‍ പരാതിപ്പെടാൻ ഉപയോക്താക്കള്‍ തയാറാകണം.

ഏതെങ്കിലും തരത്തിലുള്ള അ‌സൗകര്യം നേരിട്ടാല്‍ കണ്ക്ഷൻ വിച്ഛേദിച്ച്‌ മറ്റേതെങ്കിലും കമ്ബനിയെ ആശ്രയിക്കുകയാണ് പൊതുവെ എല്ലാവരും ചെയ്യുന്നത്. അ‌ത് തക്കതായ ശിക്ഷയാണ് എങ്കില്‍ക്കൂടിയും വിനീതയെപ്പോലെ ഇത്തരം അ‌നാസ്ഥകള്‍ക്കെതിരേ ബന്ധപ്പെട്ട സംവിധാനങ്ങളില്‍ പരാതി നല്‍കുകയും പോരാടുകയും ചെയ്യാൻ ഉപയോക്താക്കള്‍ തയാറാകണം. നാല് പേർ ഇത്തരത്തില്‍ പരാതിയുമായി രംഗത്തെത്തിയാല്‍ രാജ്യത്തിന് ഗുണമുള്ള ഈ പ്രസ്ഥാനം ചിലപ്പോള്‍ നന്നായേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular