Tuesday, May 21, 2024
HomeIndiaരോഹിത്തിന്റെ പിന്‍ഗാമിയാകാന്‍ ഏറ്റവും യോഗ്യന്‍ സഞ്ജു; ലോകകപ്പ് ടീമില്‍ എടുത്തില്ലെങ്കില്‍ അതിലും വലിയ നീതികേട് സ്വപ്നങ്ങളില്‍...

രോഹിത്തിന്റെ പിന്‍ഗാമിയാകാന്‍ ഏറ്റവും യോഗ്യന്‍ സഞ്ജു; ലോകകപ്പ് ടീമില്‍ എടുത്തില്ലെങ്കില്‍ അതിലും വലിയ നീതികേട് സ്വപ്നങ്ങളില്‍ മാത്രം

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങളിലാണ് ബിസിസിഐ. ഇന്ത്യയെ സംബന്ധിച്ച്‌ എല്ലാ പൊസിഷനുകളിലേക്കും അവസരം കാത്തിരിക്കുന്ന ഒന്നിലധികം താരങ്ങളുണ്ട്.

യുവത്വവും പരിചയസമ്ബന്നതയും ഒരുപോലെ പരിഗണിച്ച ശേഷമായിരിക്കും അന്തിമ ടീം പ്രഖ്യാപനം. എന്നാല്‍ ടീം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച്‌ കൃത്യമായ ധാരണ പരിശീലകനും സെലക്ടര്‍ക്കും രോഹിത് ശര്‍മ്മ നല്‍കിക്കഴിഞ്ഞുവെന്നാണ് വിവരം. സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍ ഇടംപിടിക്കുമോ എന്ന ആകാംക്ഷയിലാണ് മലയാളികള്‍. ഇപ്പോഴല്ലെങ്കില്‍ ഇനിയെപ്പോള്‍ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ഐപിഎല്ലിലെ പ്രകടനങ്ങളല്ല ഇന്ത്യന്‍ ടീമിലേക്കുള്ള മാനദണ്ഡം എന്നാണ് പറയാറുള്ളത്. എന്നാല്‍ സഞ്ജു സാംസണ്‍ ഇന്ന് വെറും ഒരു ഐപിഎല്‍ താരമല്ല. രാജസ്ഥാന്‍ റോയല്‍സ് എന്ന ടീമിന്റെ നായകനാണ് അയാള്‍. അതായത് നിലവിലെ ടി20 ലോകചാമ്ബ്യന്‍മാരായ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടെ ഐപിഎല്‍ ക്യാപ്റ്റന്‍ ആണയാള്‍. സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ ഒമ്ബത് കളികളില്‍ എട്ടെണ്ണം വിജയിച്ച്‌ സീസണ്‍ പകുതി പിന്നിട്ടപ്പോള്‍ തന്നെ പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. കിരീടം നേടാന്‍ ഏറ്റവും അധികം സാദ്ധ്യതയും സഞ്ജുവിന്റെ ടീമിന് തന്നെയാണ്.

ക്യാപ്റ്റനായി അയാള്‍ ഗ്രൗണ്ടില്‍ നടപ്പിലാക്കുന്ന പല തീരുമാനങ്ങളും അത്ഭുതപ്പെടുത്തുന്നുണ്ട്. സഹതാരങ്ങള്‍ക്ക് പിന്തുണ നല്‍കി അവരെ മികവ് കാണിക്കാന്‍ പ്രേരണയായി മാറുന്നതും ഇന്ത്യയുടെ സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്‍മാരായ സാക്ഷാല്‍ എംഎസ് ധോണിയേയും രോഹിത് ശര്‍മ്മയേയും അനുസ്മരിപ്പിക്കുന്ന രീതിയിലാണ്. പകരക്കാരനായി ഐപിഎല്ലില്‍ എത്തി തിളങ്ങുന്ന സന്ദീപ് ശര്‍മ്മയുടെ പ്രകടനത്തില്‍ നല്ലൊരു ക്രെഡിറ്റ് സഞ്ജു അര്‍ഹിക്കുന്നു.

അതോടൊപ്പം തന്നെ ടീമിലെ സഹതാരങ്ങളേയും യുവതാരങ്ങളേയും ഒരുമിച്ച്‌ മുന്നോട്ട് കൊണ്ടുപോകാന്‍ സഞ്ജുവിന് കഴിയുന്നുവെന്നത് ചെറിയ കാര്യമല്ല. ലോകചാമ്ബ്യന്‍മാരുടെ നായകന്‍ ബട്‌ലര്‍, വിന്‍ഡീസ് ടി20 നായകന്‍ റോവ്മാന്‍ പവല്‍, ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട് തുടങ്ങി അനവധി സീനിയര്‍ താരങ്ങളെ ഒരുമിച്ച്‌ കൊണ്ടുപോകാന്‍ സഞ്ജുവിന് കഴിയുന്നത് ടീമിന്റെ പ്രകടനത്തെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്.

ക്യാപ്റ്റന്‍സിയുടെ അമിതഭാരം താരത്തിന്റെ ബാറ്റിംഗിനെ ബാധിച്ചിട്ടില്ല. മാത്രവുമല്ല ഐപിഎല്‍ സീസണിലുടനീളം സ്ഥിരത പുലര്‍ത്തുന്നില്ലെന്ന വിമര്‍ശകരുടെ ആരോപണവും മലയാളി സൂപ്പര്‍ താരം ഈ സീസണില്‍ ബൗണ്ടറിക്ക് പുറത്തേക്ക് അടിച്ച്‌ കളയുകയാണ്. സീസണില്‍ ഒമ്ബത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 77.00 ശരാശരിയിലും 161 സ്‌ട്രൈക്ക് റേറ്റിലും 385 റണ്‍സാണ് തിരുവനന്തപുരത്തുകാരന്‍ ഇതുവരെ അടിച്ച്‌ കൂട്ടിയത്.

280+ സ്‌കോര്‍ വരെ പിറക്കുന്ന ഐപിഎല്ലില്‍ ഇതൊക്കെ ഒരു പ്രകടനമാണോ എന്ന് ചോദിച്ചാല്‍ അയാളുടെ ടീമിന്റെ ഹോംഗ്രൗണ്ട് ആഞ്ഞ് ഒന്ന് വീശിയാല്‍ സിക്‌സര്‍ പോകുന്ന വാംഖഡെയോ, ചിന്നസ്വാമിയോ, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയമോ അല്ലെന്ന് ഓര്‍മ്മിപ്പിക്കേണ്ടി വരും. രാജസ്ഥാനിലെ എസ്‌എംഎസ് സ്റ്റേഡിയം വലിയ ബൗണ്ടറികളുള്ള മൈതാനമാണ്. രാജസ്ഥാന്റെ അവസാന മത്സരത്തില്‍ 33 പന്തുകളില്‍ നിന്ന് 71 റണ്‍സ് താരം നേടിയത് ലക്‌നൗവിലെ എ.ബി വാജ്‌പേയ് സ്റ്റേഡിയത്തിലാണ്. ഇന്ത്യയിലെ വലിയ ഗ്രൗണ്ടുകളില്‍ ഒന്നാണത്.

വളരെ അനായാസമാണ് എകാന സ്റ്റേഡിയത്തിലെ അതിര്‍ത്തിക്ക് മുകളിലൂടെ അയാള്‍ സിക്‌സറുകള്‍ പായിച്ചത്. ഒപ്പം ഗ്രൗണ്ടിലെ ഗ്യാപ്പുകളിലൂടെ പന്തിനെ ബൗണ്ടറി പായിക്കുന്നതിലും താരം മികവ് കാണിച്ചു. അതിലെല്ലാം ഉപരിയായി മത്സരം ഫിനിഷ് ചെയ്ത ശേഷമാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ ഗ്രൗണ്ട് വിട്ടത്. മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് പറഞ്ഞ വാക്കുകള്‍ കടമെടുത്താല്‍ രോഹിത് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യന്‍ ടി20 ടീമിന്റെ നായകനാകാന്‍ ഏറ്റവും യോഗ്യന്‍ സഞ്ജു തന്നെയാണ്.

ഒരു സീസണില്‍ ഗുജറാത്തിനെ കിരീടമണിയിച്ചപ്പോള്‍ ഹാര്‍ദിക്കിനെ ഭാവി നായകനായി അവരോധിക്കാമെങ്കില്‍ പ്രകടനം കൊണ്ടും കഴിവ് കൊണ്ടും സഞ്ജു സാംസണ്‍ അതുക്കും മേലെയാണ്. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ധോണിക്കും, രോഹിത്തിനും, ഗൗതം ഗംഭീറിനും ശേഷം ഇത്രയോളം നായകമികവ് പുലര്‍ത്തിയ മറ്റൊരു ഇന്ത്യന്‍ താരം വേറെയുണ്ടോയെന്ന് സംശയമാണ്. കളത്തിലെ കണക്കും പ്രകടനവും പരിശോധിച്ചാല്‍ ലോകകപ്പിനുള്ള ടീം വിമാനം കയറുമ്ബോള്‍ അതിലൊരു സീറ്റ് സഞ്ജുവിന്റേതാകണം. ലോകകപ്പ് ടീമില്‍ എടുത്തില്ലെങ്കില്‍ അതിലും വലിയ നീതികേട് സ്വപ്നങ്ങളില്‍ മാത്രം.

കീപ്പര്‍മാരുടെ പോര് കാണുന്ന ഐപിഎല്‍

ഒരു കാലത്ത് മഷിയിട്ട് നോക്കിയാലും നല്ല വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെ കിട്ടില്ലായിരുന്നുവെങ്കില്‍ ഇന്ന് അതല്ല അവസ്ഥ. ലോകകപ്പ് ടീമിലേക്കുള്ള വിളിയെത്തുമെന്ന് പ്രതീക്ഷിച്ച്‌ ആറ് താരങ്ങളാണ് ഈ സ്ലോട്ടിനായി മത്സരിക്കുന്നത്. മുന്‍പന്തിയില്‍ തന്നെയുണ്ട് മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണ്‍. കാറപകടത്തില്‍ പരിക്കേറ്റ ശേഷം മടങ്ങിയെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തും മികച്ച ഫോമിലാണ്. ഇവര്‍ രണ്ടുപേരും തമ്മിലാണ് അന്തിമ സ്‌ക്വാഡില്‍ എത്താനുള്ള പ്രധാന പോരാട്ടം.

ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാന്‍ ഇരുവരും യോഗ്യരാണ്.പന്തും സഞ്ജുവും പരസ്പരം പ്രകടനങ്ങള്‍ കൊണ്ട് വെല്ലുവിളിക്കുമ്ബോള്‍ ഇരുവരേയും ഒപ്പം സ്വന്തം പ്രായത്തേയും വെല്ലുവിളിക്കുകയാണ് ദിനേശ് കാര്‍ത്തിക് എന്ന 38കാരന്‍. ലോകകപ്പ് തുടങ്ങുമ്ബോള്‍ പ്രായം 39 ആകുമെങ്കിലും ദിനേശ് കാര്‍ത്തിക് തകര്‍ത്തടിക്കുകയാണ് ഐപിഎല്ലില്‍. മുംബയ് ഇന്ത്യന്‍സില്‍ രോഹിത്തിന്റെ സഹ ഓപ്പണര്‍ ഇഷാന്‍ കിഷനും മിന്നും ഫോമിലാണ്. ഇവര്‍ക്ക് പുറമേ ജിതേഷ് ശര്‍മ്മ, കെഎല്‍ രാഹുല്‍ എന്നിവരും അവസരം കാത്തിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular