Tuesday, May 21, 2024
HomeIndiaമല്‍സരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി; രാഹുല്‍ ചുവട് മാറ്റിയേക്കും, സസ്‌പെന്‍സ് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്

മല്‍സരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി; രാഹുല്‍ ചുവട് മാറ്റിയേക്കും, സസ്‌പെന്‍സ് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളാണ് റായ്ബറേലിയും അമേഠിയും. രണ്ടിടത്തും ബിജെപിയും ബിഎസ്പിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ പ്രചാരണം ഏറെ മുന്നോട്ട് പോയിട്ടും കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളായില്ല.

വൈകാതെ ഇക്കാര്യത്തിലുള്ള സസ്‌പെന്‍സ് തീരുമെന്നാണ് വിവരം. സര്‍പ്രൈസ് സ്ഥാനാര്‍ഥികള്‍ രണ്ടിടത്തും എത്തുമെന്ന് നേരത്തെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു.

സോണിയ ഗാന്ധി 2004 മുതല്‍ ജയിച്ചുവരുന്ന മണ്ഡലമാണ് റായ്ബറേലി. ഇനി ലോക്‌സഭാ തിരഞ്ഞെടുപ്പിനില്ല എന്ന് വ്യക്തമാക്കി അവര്‍ രാജ്യസഭയിലേക്ക് മല്‍സരിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് റായ്ബറേലിയില്‍ ആര് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന ചര്‍ച്ച. പ്രിയങ്ക ഗാന്ധി ഇവിടെ മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും താനില്ലെന്ന് അവര്‍ നേതൃത്വത്തെ അറിയിച്ചു എന്നാണ് വിവരം.

രാഷ്ട്രീയത്തിലെ കുടുംബാധിപത്യം ബിജെപി എപ്പോഴും ചര്‍ച്ചയാക്കാറുണ്ട്. രാഹുല്‍ ഗാന്ധിക്ക് പുറമെ താനും മല്‍സരിച്ചാല്‍ ബിജെപിയുടെ പ്രചാരണത്തിന് ആക്കം കൂട്ടുമെന്നാണ് പ്രിയങ്കയുടെ നിലപാടത്രെ. ലോക്‌സഭയിലേക്ക് മല്‍സരിക്കാനില്ലെന്നും രാജ്യത്തുടനീളം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്ത് പകരാനാണ് ഉദ്ദേശിക്കുന്നതെന്നും പ്രിയങ്ക നേതൃത്വത്തെ അറിയിച്ചുവെന്നാണ് വാര്‍ത്തകള്‍.

രാഹുല്‍ ഗാന്ധി ഉത്തരേന്ത്യയിലെ മണ്ഡലത്തില്‍ മല്‍സരിക്കണം എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. അമേഠിയില്‍ തന്നെ മല്‍സരിക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നു. റായ്ബറേലിയില്‍ പ്രിയങ്ക മല്‍സരിക്കണമെന്നും ആവശ്യമുണ്ട്. അന്തിമ തീരുമാനം ഇന്ന് പ്രഖ്യാപിച്ചേക്കും. രാഹുല്‍ ഗാന്ധി അമേഠിക്ക് പകരം റായ്ബറേലിയിലേക്ക് ചുവടുമാറ്റാനുള്ള സാധ്യതയുമുണ്ട്.

2019ല്‍ അമേഠി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടിരുന്നു. ബിജെപിയുടെ സ്മൃതി ഇറാനിയാണ് ഇവിടെ ജയിച്ചത്. ഇത്തവണയും സ്മൃതി ഇറാനിയെ തന്നെ ബിജെപി മല്‍സരിപ്പിക്കുന്നു. ഇരുചക്ര വാഹനത്തില്‍ പ്രചാരണം നടത്തുന്ന സ്മൃതിയുടെ വീഡിയോ വൈറലാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ അമേഠിയേക്കാള്‍ സുരക്ഷിത മണ്ഡലം റായ്ബറേലിയാണ്. ഇവിടെയുള്ള ഏഴില്‍ അഞ്ച് നിയമസഭാ മണ്ഡലത്തിലും എസ്പിയാണ് ജയിച്ചത്.

എസ്പി-കോണ്‍ഗ്രസ് സഖ്യമാണ് യുപിയില്‍ ഇത്തവണ ജനവിധി തേടുന്നത്. അതുകൊണ്ടുതന്നെ റായ്ബറേലിയില്‍ വിജയം ഉറപ്പാണെന്ന് കോണ്‍ഗ്രസ് മനസിലാക്കുന്നു. അമേഠിയിലും എസ്പിയുടെ പിന്തുണയോടെ ജയിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ രാഹുലോ പ്രിയങ്കയോ മല്‍സരിക്കണമെന്നു യുപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, തോല്‍വി ഭയന്നാണ് പ്രിയങ്ക ഗാന്ധി പിന്മാറുന്നതെന്ന് ബിജെപിയുടെ ദിനേശ് ശര്‍മ കുറ്റപ്പെടുത്തി. 2019ല്‍ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് 67 മണ്ഡലത്തില്‍ മല്‍സരിച്ചിരുന്നു. ഇത്തവണ 17 സീറ്റില്‍ മാത്രമാണ് മല്‍സരിക്കുന്നത്. ബാക്കി സീറ്റില്‍ എസ്പിയാണ്. പരമാവധി വിട്ടുവീഴ്ച ചെയ്താണ് കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പ് തന്ത്രം മെനഞ്ഞിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular