Friday, May 17, 2024
HomeAsiaഡബ്ളടിച്ച്‌ ക്രിസ്റ്റ്യാനോ; അല്‍ നസ്ര്‍ കിങ്സ് കപ്പ് ഫൈനലില്‍

ഡബ്ളടിച്ച്‌ ക്രിസ്റ്റ്യാനോ; അല്‍ നസ്ര്‍ കിങ്സ് കപ്പ് ഫൈനലില്‍

റിയാദ്: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ മികവില്‍ അല്‍ നസ്ർ കിങ്സ് കപ്പ് ഫൈനലില്‍. റിയാദിലെ അല്‍ അവ്വാല്‍ സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ അല്‍ ഖലീജിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് അല്‍ നസ്ർ തകർത്തത്.

സൗദി പ്രോ ലീഗില്‍ തലപ്പത്തുള്ള അല്‍ ഹിലാലാണ് ഫൈനലില്‍ നസ്റിന്‍റെ എതിരാളികള്‍. അല്‍ ഇത്തിഹാദിനെ പരാജയപ്പെടുത്തിയാണ് ഹിലാല്‍ കിങ്സ് കപ്പിന്‍റെ കലാശപ്പോരിന് യോഗ്യത നേടിയത്. മേയ് 31നാണ് ഫൈനല്‍. സൗദി സൂപ്പർ കപ്പ് ജേതാക്കള്‍ കൂടിയാണ് ഹിലാല്‍. മത്സരത്തിന്‍റെ 17, 57 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകള്‍. പെനാല്‍റ്റിയിലൂടെ സൂപ്പാർ താരം സാദിയോ മനെയും വലകുലുക്കി. പകരക്കാരൻ ഫവാസ് അല്‍-തൊറൈസ് (82ാം മിനിറ്റില്‍) അല്‍ ഖലീജിനായി ആശ്വാസ ഗോള്‍ നേടി.

ഖലീജിന്‍റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് ക്രിസ്റ്റ്യാനോ ആദ്യ ഗോള്‍ നേടുന്നത്. പ്രതിരോധ താരം ലിസാൻഡ്രോ ലോപെസ് നല്‍കിയ ബാക്ക് പാസ് ഗോള്‍കീപ്പർ ഇബ്രാഹിം സെഹിച് ഓടിയെത്തി ക്ലിയർ ചെയ്തെങ്കിലും സഹതാരത്തിന്‍റെ ശരീരത്തില്‍ തട്ടി പന്ത് വീണത് ബോക്സിന്‍റെ എഡ്ജിലുണ്ടായിരുന്ന ക്രിസ്റ്റ്യോനോയുടെ മുന്നില്‍. ഒട്ടും വൈകാതെ താരം ഒഴിഞ്ഞ പോസ്റ്റിലേക്ക് ഇടങ്കാല്‍ കണ്ട് ഒരു മനോഹര ഷോട്ട് പായിച്ചു.

ഗോള്‍ കീപ്പർ ഓടിയെത്തുമ്ബോഴേക്കും പന്ത് വലയിലെത്തിയിരുന്നു. ഖലീജ് പ്രതിരോധ താരം ഇവോ റോഡ്രിഗസ് ബോക്സിനുള്ളില്‍ പന്ത് കൈ കൊണ്ട് തട്ടിയതിനാണ് അല്‍ നസ്റിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത മനെ പന്ത് അനായാസം ലക്ഷ്യത്തിലെത്തിച്ചു. ബോക്സിന്‍റെ വലതു പാർശ്വത്തില്‍നിന്ന് അയ്മൻ യഹ്യ നല്‍കിയ ക്രോസ് വലയിലെത്തിച്ചത് പോർചുഗീസ് താരം രണ്ടാം ഗോളും നേടി.

ഗോള്‍ കീപ്പർ ഇബ്രാഹിമിന്‍റെ തകർപ്പൻ പ്രകടനമാണ് ഖലീജിന്‍റെ തോല്‍വി ഈ സ്കോറിലൊതുക്കിയത്. മത്സരത്തില്‍ ഒമ്ബത് സേവുകളാണ് താരം നടത്തിയത്. 77ാം മിനിറ്റില്‍ സെന്‍റർ ബാക്ക് മുഹമ്മദ് അല്‍ ഖബ്രാനി പരിക്കേറ്റ് പുറത്ത് പോയതും ഖലീജിന് തിരിച്ചടിയായി. ഇതിനകം ടീം അഞ്ചു പകരക്കാരെയും കളത്തില്‍ ഇറക്കിയതിനാല്‍ പത്തു പേരുമായാണ് പിന്നീട് കളിച്ചത്. ആരിഫ് അല്‍ ഹൈദർ നല്‍കിയ ക്രോസില്‍നിന്നാണ് ഫവാസ് ടീമിനായി ആശ്വാസ ഗോള്‍ നേടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular