Saturday, May 18, 2024
HomeKeralaവൈദ്യുതി പ്രതിസന്ധിയിൽ ലോഡ് ഷെഡിംഗ് അല്ലാതെ മറ്റു മാർഗ്ഗമില്ലെന്ന് KSEB

വൈദ്യുതി പ്രതിസന്ധിയിൽ ലോഡ് ഷെഡിംഗ് അല്ലാതെ മറ്റു മാർഗ്ഗമില്ലെന്ന് KSEB

സംസ്ഥാനത്ത് അതിരൂക്ഷമായി തുടരുന്ന വൈദ്യുതി പ്രതിസന്ധിയിൽ ലോഡ്ഷെഡിങ് അല്ലാതെ മറ്റു മാർഗമില്ല എന്ന നിലപാടിൽ ഉറച്ച് കെ.എസ്.ഇ.ബി (KSEB). കഴിഞ്ഞ ദിവസം ലോഡ്ഷെഡിംഗിലേക്ക് പോകേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനം കൈക്കൊണ്ടിരുന്നു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ബദൽ നടപടികളുമായി മുന്നോട്ടു വരാൻ ബോർഡിനോട് ആവശ്യപ്പെട്ട സർക്കാർ ലോഡ് ഷെഡിംഗ് നടപ്പാക്കാനുള്ള കെഎസ്ഇബിയുടെ നിർദ്ദേശം നിരസിച്ചു.

വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ബോർഡ് അധികൃതരുമായി വിളിച്ച ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. അതേസമയം, ഉപയോഗം നിയന്ത്രിക്കാൻ ലോഡ് ഷെഡിംഗ് അല്ലാതെ മറ്റു മാർഗ്ഗമില്ലെന്ന് കെഎസ്ഇബി ആവർത്തിക്കുന്നു. മറ്റു നിയന്ത്രണങ്ങൾ ഫലപ്രദമാകില്ലെന്നും വിലയിരുത്തലുണ്ട്.

കുതിച്ചുയരുന്ന താപനില കണക്കിലെടുത്ത് സംസ്ഥാനത്ത് റെക്കോഡ് വൈദ്യുതി ഉപഭോഗം ഉണ്ടായതോടെ, സർക്കാരിന് മുമ്പാകെ ലോഡ് ഷെഡിംഗ് ശുപാർശ ചെയ്യാൻ കെഎസ്ഇബി നിർബന്ധിതരായി മാറി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ലോഡ്ഷെഡിംഗ് ഉണ്ടാകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പൊതുജനങ്ങൾ ബുദ്ധിമുട്ടിലാകാതിരിക്കാൻ സംസ്ഥാന സർക്കാർ ശ്രദ്ധിച്ചിരുന്നു.

അർദ്ധരാത്രിയിൽ അനധികൃത ലോഡ്‌ഷെഡിംഗിനുള്ള കെഎസ്ഇബിയുടെ നീക്കത്തിനെതിരെ ഉപഭോക്താക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയ സംഭവങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ടായിട്ടുണ്ട്.

ഒന്നിലധികം എയർകണ്ടീഷണറുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ ഉള്ളതിനാൽ, രാത്രി 10.30 മുതൽ എല്ലാ ദിവസവും റെക്കോർഡ് വൈദ്യുതി ഉപഭോഗത്തിന് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നു.

ചൊവ്വാഴ്ച 5717 മെഗാവാട്ടായിരുന്നു പീക്ക് ഡിമാൻഡ്. കഴിഞ്ഞ വർഷം ഇതേ ദിവസം പീക്ക് ഡിമാൻഡ് 5024 മെഗാവാട്ടിൽ കുറവായിരുന്നുവെന്ന് ബോർഡ് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. ഒരു നിശ്ചിത ഘട്ടത്തിന് ശേഷം ഒരു പരിധിക്കപ്പുറം പോകുമ്പോൾ ഗ്രിഡ് താനേ നിലയ്ക്കാൻ സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും 5,500 മെഗാവാട്ടിൽ താഴെയായി പീക്ക് ഡിമാൻഡ് പിടിച്ചുനിർത്താൻ KSEB മറ്റ് വഴികൾ കണ്ടെത്തേണ്ടിവരും. അതിനുശേഷം വേനൽമഴ ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

മൂന്ന് നിർദേശങ്ങൾ കെഎസ്ഇബി മുന്നോട്ട് വച്ചെന്നാണ് റിപ്പോർട്ട്. ഉത്തരവാദിത്തമുള്ള ഗാർഹിക ഉപയോഗമാണ് ഒന്നാമത്തേത്. വാണിജ്യ, വ്യാവസായിക ഉപയോക്താക്കളുടെ രാത്രി ഉപഭോഗം കുറയ്ക്കുന്നതാണ് രണ്ടാമത്തേതും, കൈവരിക്കാൻ കഴിയുന്നതുമായ മറ്റൊരു നിർദേശം. മൂന്നാമതായി, രാത്രികാലങ്ങളിൽ കാർഷിക പമ്പുകളുടെ ഉപയോഗം കുറയ്ക്കുക എന്നതാണ്. ഇവ ശുപാർശകൾ മാത്രമാണ്, നിർബന്ധിതമാക്കില്ല. മെയ് 15 ന് ശേഷം വേനൽമഴ ഉപഭോഗത്തിൽ മാറ്റം വരുത്തുമെന്ന് കെഎസ്ഇബി പ്രതീക്ഷിക്കുന്നതിനാൽ രണ്ടാഴ്ചത്തേക്ക് മാത്രമാണ് അഭ്യർത്ഥന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular