Saturday, May 18, 2024
HomeIndiaഗാന്ധികുടുംബം ഇല്ലാത്ത അമേഠി; റായ‍്‍ബറേലിയിൽ സോണിയയുമില്ല; കോൺഗ്രസ് കോട്ടയുടെ ചരിത്രം

ഗാന്ധികുടുംബം ഇല്ലാത്ത അമേഠി; റായ‍്‍ബറേലിയിൽ സോണിയയുമില്ല; കോൺഗ്രസ് കോട്ടയുടെ ചരിത്രം

അമേഠിയിലും റായ‍്‍ബറേലിയിലും ആരാവും ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻെറ സ്ഥാനാർഥികൾ എന്ന കാര്യത്തിലുള്ള സസ്പെൻസ് ഒടുവിൽ അവസാനിച്ചിരിക്കുകയാണ്. അമേഠിയിൽ ഗാന്ധികുടുംബത്തിൽ നിന്ന് തൽക്കാലം സ്ഥാനാർഥിയില്ല. റായ‍്‍ബറേലിയിൽ സോണിയാ ഗാന്ധിക്ക് പകരം രാഹുൽ ഗാന്ധി മത്സരിക്കും. ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുള്ള കിഷോരി ലാൽ ശർമയാണ് (കെഎൽ ശർമ) അമേഠിയിൽ ബിജെപിയുടെ സ്മൃതി ഇറാനിയെ നേരിടാൻ പോവുന്നത്.

2004 മുതൽ 2020 വരെ സോണിയാ ഗാന്ധി പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലമാണ് റായ‍്‍ബറേലി. അവിടേക്കാണ് രാഹുലിൻെറ വരവ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ പരാജയപ്പെട്ടിരുന്നു. വയനാട്ടിലാണ് വിജയിച്ചത്. ഇത്തവണയും വയനാട്ടിൽ അദ്ദേഹം മത്സരിക്കുന്നുണ്ട്.

അമേഠി കോൺഗ്രസിന് നിർണായകമാകുന്നത് എന്തുകൊണ്ട് ?

1967ൽ അമേഠി ലോക്സഭാ മണ്ഡലം രൂപം കൊണ്ടതിന് ശേഷം അവിടെ മൂന്ന് തവണ മാത്രമാണ് കോൺഗ്രസ് പരാജയപ്പെട്ടിട്ടുള്ളത്. 1977ൽ ജനതാദളിൻെറ രവീന്ദ്ര പ്രതാപ് സിങ്ങും 1998ൽ ബിജെപിയുടെ സഞ്ജയ് സിങ്ങും 2019ൽ സ്മൃതി ഇറാനിയുമാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥികളെ തോൽപ്പിച്ചിട്ടുള്ളത്.

2004ൽ പാർലമെൻററി രാഷ്ട്രീയത്തിലെത്തിയ രാഹുൽ ഗാന്ധി അമേഠിയിൽ മൂന്ന് തവണ ജയിച്ചിട്ടുണ്ട്. 1980ൽ സഞ്ജയ് ഗാന്ധി അമേഠിയിൽ നിന്ന് വിജയിച്ചുവെങ്കിലും എംപി ആയിരിക്കെ വിമാന അപകടത്തിൽ അദ്ദേഹം മരിക്കുകയായിരുന്നു. ഇതിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ 1981ൽ രാജീവ് ഗാന്ധി അമേഠിയുടെ എംപിയായി. സഞ്ജയ് ഗാന്ധിയുടെ ഭാര്യ മനേക ഗാന്ധിയാണ് 1984ൽ രാജീവിനെതിരെ മത്സരിച്ചത്.

റായ‍്‍ബറേലിയിലെ പോരാട്ടം

1952ൽ ഫിറോസ് ഗാന്ധി ആദ്യമായി മത്സരിച്ച മണ്ഡലമാണ് റായ‍്‍ബറേലി. 1960ൽ ഫിറോസിൻെറ മരണശേഷം കോൺഗ്രസ് നേതാവ് ആർപി സിങ്ങും 1962ൽ ബൈജ് നാഥ് കുറീലും ഇവിടെ നിന്ന് വിജയിച്ചു. 1967 മുതൽ 77 വരെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇവിടെ നിന്ന് മത്സരിച്ച് ജയിച്ചു. 1980ൽ മേധകിലും റായ‍്‍ബറേലിയിലും മത്സരിച്ച് ജയിച്ച ഇന്ദിര റായ‍്‍ബറേലിയിലെ എംപി സ്ഥാനം രാജിവെക്കുകയാണ് ചെയ്തത്. ഇന്ദിരാ ഗാന്ധിയുടെ അമ്മായിയായ ഷീല കൌളാണ് 1989ലും 1991ലും റായ‍്‍ബറേലിയെ പ്രതിനിധീകരിച്ചത്.

രാഹുലിൻെറ വരവ്ലോ

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് പ്രിയങ്ക ഗാന്ധി തീരുമാനിച്ചതോടെയാണ് രാഹുൽ റായ‍്‍ബറേലിയിലെ സ്ഥാനാർഥിയായതെന്നാണ് റിപ്പോർട്ടുകൾ. ഇത്തവണ അമേഠിയിൽ രാഹുൽ ജയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ചില കോൺഗ്രസ് അണികളുടേയും നേതാക്കളുടെയും വിലയിരുത്തൽ. എന്നാൽ രാഹുൽ അമേഠിയിൽ മത്സരിക്കേണ്ടെന്നാണ് പാർട്ടി തീരുമാനിച്ചത്. ഉത്തരേന്ത്യയിൽ ഗാന്ധി കുടുംബത്തിൽ നിന്നൊരാൾ മത്സരിച്ചില്ലെങ്കിൽ അത് തിരിച്ചടിയാവുമെന്ന് മനസ്സിലാക്കിയാണ് രാഹുൽ യുപിയിൽ നിന്ന് വീണ്ടും ജനവിധി തേടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular