Saturday, May 18, 2024
HomeIndia'വോട്ടെണ്ണല്‍ ദിവസം 12:30 കഴിയുമ്പോള്‍ തന്നെ എന്‍ഡിഎ 400 സീറ്റ് നേടിയെന്ന വാര്‍ത്ത നിങ്ങള്‍ കേട്ടിരിക്കും';...

‘വോട്ടെണ്ണല്‍ ദിവസം 12:30 കഴിയുമ്പോള്‍ തന്നെ എന്‍ഡിഎ 400 സീറ്റ് നേടിയെന്ന വാര്‍ത്ത നിങ്ങള്‍ കേട്ടിരിക്കും’; അമിത് ഷാ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്.

ചോദ്യം: ഇന്ന് നമ്മള്‍ അങ്ങയുടെ മണ്ഡലമായ ഗാന്ധിനഗറില്‍ എത്തിയിരിക്കുകയാണ്. ഇവിടെ വെച്ച് തന്നെ നമുക്ക് ആരംഭിക്കാം. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്ത ഒരു കാര്യമാണ് വോട്ടര്‍മാരുടെ എണ്ണത്തിലെ കുറവ്. ചില സംസ്ഥാനങ്ങളില്‍ വോട്ടര്‍മാരുടെ എണ്ണം 5-6 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ഡിഎ 400 സീറ്റ് പിടിക്കുമെന്നും ബിജെപി 370 സീറ്റ് നേടുമെന്നുമുള്ള നിങ്ങളുടെ മുദ്രാവാക്യം ഫലവത്താകുമോ?

അമിത് ഷാ: ഒന്നാമതായി നക്‌സലിസവും ഭീകരവാദവും കഴിഞ്ഞ കുറച്ച് നാളുകളായി ഈ രാജ്യത്തെ ജനാധിപത്യത്തിനും വികസനത്തിനും വെല്ലുവിളി തീര്‍ത്തിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്ന് നമ്മളെ പൂര്‍ണ്ണമായും രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കഴിഞ്ഞു. നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനും അദ്ദേഹത്തിന് സാധിച്ചു. ബീഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ ഏഴ് സംസ്ഥാനങ്ങളില്‍ നിന്ന് നക്‌സലിസം പൂര്‍ണ്ണമായി ഇല്ലാതായിരിക്കുന്നു. നിലവില്‍ ഛത്തീസ്ഗഡിലെ നാല് ജില്ലകളില്‍ മാത്രമായി നക്‌സലിസം ഒതുങ്ങി. ഛത്തീസ്ഗഢില്‍ ഈയടുത്താണ് ബിജെപി അധികാരത്തിലെത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 100ലധികം നക്‌സലൈറ്റുകളാണ് കൊല്ലപ്പെട്ടത്. മൂന്നാം വട്ടവും നരേന്ദ്രമോദി അധികാരത്തിലെത്തി ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നിന്ന് നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി തുടച്ചുനീക്കാനാകും എന്ന് എനിക്ക് വിശ്വാസമുണ്ട്.

കൂടാതെ ഗ്രീന്‍ ഹൈഡ്രജന്‍ നിര്‍മ്മാണം, സെമികണ്ടക്ടര്‍, ഇലക്ട്രിക്കല്‍ മോട്ടോര്‍ വെഹിക്കിള്‍ ബാറ്ററി ഉത്പാദനം, പ്രതിരോധം എന്നീ മേഖലകളില്‍ കാര്യമായ പുരോഗതി കൊണ്ടുവരാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. അടുത്ത 25 വര്‍ഷത്തില്‍ ലോകത്തിന്റെ തന്നെ വിധി നിശ്ചയിക്കുന്ന ഈ മേഖലകളില്‍ ശക്തമായ അടിത്തറയുണ്ടാക്കിയെടുക്കാന്‍ രാജ്യത്തിന് കഴിഞ്ഞുവെന്നാണ് എന്റെ വിശ്വാസം.

കൂടാതെ നമ്മുടെ സമ്പദ് വ്യവസ്ഥ വളരെയധികം മെച്ചപ്പെട്ടു. ലോക സമ്പദ് വ്യവസ്ഥകളുടെ പട്ടികയില്‍ 11-ാം സ്ഥാനത്തായിരുന്ന നമ്മുടെ രാജ്യം ഇപ്പോള്‍ അഞ്ചാം സ്ഥാനത്തേക്ക് എത്തപ്പെട്ടു. ഗ്രാമ-നഗര വ്യത്യാസങ്ങളില്ലാതെ എല്ലായിടത്തും അടിസ്ഥാന സൗകര്യ സംവിധാനങ്ങള്‍ വികസിച്ചു. ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി 10 ലക്ഷം കോടി രൂപ വകയിരുത്തുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സാധാരണമായി മാറിയിരിക്കുന്നു. ജിഎസ്ടി നികുതി വരുമാനവും വര്‍ധിച്ചു. രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ നയങ്ങള്‍ പിന്തുടരുകയും ചെയ്യുന്നു.

പരസ്യം ചെയ്യൽ

ചോദ്യം: രാജ്യത്തെ അസമത്വം കുറയ്ക്കാന്‍ ഇതാണ് ഒരു വഴിയെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്…

അത് അദ്ദേഹത്തിന്റെ മാത്രം ചിന്താഗതിയാണ്. പ്രകടന പത്രിക തയ്യാറാക്കാന്‍ ന്യൂനപക്ഷത്തിനും ഇടതുപക്ഷത്തിനും കരാര്‍ നല്‍കിയിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

ചോദ്യം: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പത്രിക കണ്ട ശേഷം താങ്കളുടെ പാര്‍ട്ടി ഉന്നയിക്കുന്ന ഒരു പ്രധാന വിമര്‍ശനമാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഒബിസി സംവരണം കുറച്ച് അത് മുസ്ലീങ്ങള്‍ക്ക് നല്‍കുമെന്ന്…

അമിത് ഷാ: ഈ പ്രകടന പത്രികയില്‍ ഇക്കാര്യം പറഞ്ഞിട്ടില്ല. പക്ഷെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇക്കാര്യം നടപ്പാക്കിക്കഴിഞ്ഞതാണ്. ഒറ്റരാത്രി കൊണ്ട് കര്‍ണാടകയിലെ മുസ്ലീങ്ങളെ പിന്നാക്ക വിഭാഗമാക്കി. അതിനുവേണ്ട ഒരു സര്‍വ്വേ നടത്തുകയോ ഒരു കമ്മീഷനെ നിയമിക്കുകയോ ചെയ്തിരുന്നില്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിഭാഗത്തെ തന്നെ പിന്നാക്ക വിഭാഗമായി പ്രഖ്യാപിക്കുകയായിരുന്നു. അവര്‍ക്ക് സംവരണവും നല്‍കി. അതിനായി ഒബിസി വിഭാഗത്തിന്റെ സംവരണമാണ് വെട്ടിക്കുറച്ചത്.

ആന്ധ്രാപ്രദേശില്‍ അധികാരത്തിലിരുന്നപ്പോഴും അവര്‍ മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കി. ആരുടെ സംവരണമാണ് വെട്ടിക്കുറച്ചത്? തീര്‍ച്ചയായും പട്ടിക ജാതി-പട്ടികവര്‍ഗ്ഗ, ഒബിസി വിഭാഗത്തിന്റെ സംവരണമാണ് കുറച്ചത്.

മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഇല്ലാതാക്കണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അതിനെ വളച്ചൊടിച്ച് ജനങ്ങള്‍ക്കുമുന്നില്‍ എത്തിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വം രാഹുല്‍ ഗാന്ധി ഏറ്റെടുത്തതോടെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ നിലവാരം തന്നെ താഴുകയാണ്. പാര്‍ലമെന്റില്‍ സംവാദം നടത്താന്‍ കഴിയുന്നില്ല, കാരണം അപ്പോള്‍ അവര്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കി ഇറങ്ങിപ്പോകും. ആളുകളെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല. സംവാദങ്ങളില്‍ അവര്‍ പങ്കെടുക്കില്ല. എന്നിട്ട് പുറത്ത് പോയി അനീതിയാണ് ഇവിടെ നടക്കുന്നതെന്ന് പറയും. ഈ രാജ്യത്തെ ജനങ്ങളെപ്പറ്റി ഇവര്‍ എന്താണ് ധരിച്ചുവെച്ചിരിക്കുന്നത്? ജനങ്ങള്‍ക്ക് ഇതൊന്നുമറിയില്ലെന്നാണോ? ജനങ്ങള്‍ക്ക് എല്ലാം അറിയാം. ജനാധിപത്യത്തില്‍ ആരോഗ്യകരമായ സംവാദങ്ങളുണ്ടാകണം. നിങ്ങളും അവരോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നില്ല. നിങ്ങളും അവരെ ചോദ്യം ചെയ്യണം. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ഞങ്ങളോട് മാത്രമാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. അവരോട് ഒന്നും ചോദിക്കുന്നുമില്ല.

ചോദ്യം: ഞങ്ങള്‍ അവരോട് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. മറ്റൊരു വിഷയം ജാതി സെന്‍സസുമായി ബന്ധപ്പെട്ടതാണ്. അവര്‍ അതേപ്പറ്റി സംസാരിക്കുന്നുണ്ട്. താങ്കള്‍ ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?

അമിത് ഷാ: എത്ര വര്‍ഷമാണ് കോണ്‍ഗ്രസ് രാജ്യത്ത് അധികാരത്തിലിരുന്നത്? ഏകദേശം 55 വര്‍ഷത്തോളം അവര്‍ രാജ്യം ഭരിച്ചു. അന്നൊന്നും അവര്‍ ഒന്നും ചെയ്തില്ല. ഇപ്പോള്‍ തുടര്‍ച്ചയായി പരാജയപ്പെടുമ്പോള്‍ ആണ് അവര്‍ ഇക്കാര്യം പറയുന്നത്. ഇതൊന്നുമല്ല അവരുടെ ലക്ഷ്യം.

രാജ്യത്ത് പിന്നാക്ക വിഭാഗത്തിനെതിരെ ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമാണ്. വര്‍ഷങ്ങളോളം കാക്കാസാഹേബ് കലേല്‍ക്കര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അവര്‍ തുറന്നുനോക്കിയിട്ടില്ല. മണ്ഡല്‍ കമ്മീഷനെ അവര്‍ അടിച്ചമര്‍ത്തി. കേന്ദ്ര സ്ഥാപനങ്ങളില്‍ ഒബിസി, പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കിയില്ല. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനൊരുങ്ങിയപ്പോള്‍ അന്നത്തെ പ്രതിപക്ഷ നേതാവായ രാജീവ് ഗാന്ധി ഇതിനെതിരെ രണ്ട് മണിക്കൂര്‍ നീണ്ട പ്രഭാഷണം നടത്തിയിരുന്നു. ആ പ്രസംഗം രാഹുല്‍ ഗാന്ധി ഒന്ന് വായിച്ചുനോക്കുന്നത് നല്ലതായിരിക്കും. ഞങ്ങളാണ് രാജ്യത്തെ പിന്നാക്ക വിഭാഗത്തിലെ പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള സമുന്നതനായ ഒരു പ്രധാനമന്ത്രിയെ രാജ്യത്തിന് നല്‍കിയത്.

ചോദ്യം: 400 ലധികം സീറ്റ് നേടി നിങ്ങള്‍ അധികാരത്തില്‍ വന്നാല്‍ അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ നിങ്ങള്‍ മാറ്റുമെന്നും ഒബിസി, പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണത്തില്‍ മാറ്റം വരുത്തുമെന്ന പ്രചരണത്തിന്റെ ഭാഗമാണോ ഇത്? ഇങ്ങനെ പ്രചരിപ്പിക്കാനാണോ അവര്‍ ശ്രമിക്കുന്നത്?

അമിത് ഷാ: കഴിഞ്ഞ പത്ത് വര്‍ഷമായി ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ ഞങ്ങള്‍ രാജ്യം ഭരിക്കുന്നു. ആ ഭൂരിപക്ഷം ജനങ്ങളാണ് ഈ പത്ത് വര്‍ഷത്തിനിടയില്‍ ഭരണഘടനയില്‍ മാറ്റം വരുത്താനുള്ള അധികാരം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നല്‍കിയത്.

ഈ പത്ത് വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ എന്താണ് ചെയ്തത്? സംവരണം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടേയില്ല. ഞങ്ങളുടെ ഭൂരിപക്ഷം ഉപയോഗിച്ച് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി, മുത്തലാഖ് റദ്ദാക്കി, യൂണിഫോം സിവില്‍കോഡ് കൊണ്ടുവന്നു, ബ്രിട്ടീഷ് കാലത്തെ നിയമങ്ങള്‍ പരിഷ്‌കരിച്ചു, കശ്മീരില്‍ സമാധാനം പുനസ്ഥാപിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി അധികാരം ഞങ്ങള്‍ക്കുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയ്ക്ക് ഒരു നയമേ ഉള്ളു- കള്ളം പറയുക, കള്ളം ഉറക്കെ വിളിച്ചുപറയുക, നുണ ആവര്‍ത്തിക്കുക. ആ നയമാണ് അദ്ദേഹം ഇപ്പോഴും പിന്തുടരുന്നത്.

ചോദ്യം: സിഎഎ പെട്ടെന്ന് നടപ്പിലാക്കുമോ? ആളുകള്‍ക്ക് ഇതുവഴി പൗരത്വം ലഭിക്കുമോ? ഇത് എപ്പോഴാണ് സാധ്യമാകുക? സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ?

ഉത്തരം: പൗരത്വത്തിനായുള്ള അപേക്ഷകള്‍ വന്നുതുടങ്ങി. ചട്ടങ്ങള്‍ക്കനുസൃതമായാണ് സൂക്ഷ്മപരിശോധന നടക്കുന്നത്. തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിന് മുമ്പ്, പൗരത്വം നല്‍കുന്ന പ്രക്രിയ ആരംഭിക്കാനാകുമെന്ന് കരുതുന്നു.

ചോദ്യം: ഹിന്ദു-മുസ്ലീം സംവാദത്തെക്കുറിച്ച് താങ്കളോട് ചില കാര്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഒരു വര്‍ഷം മുമ്പ് പസ്മാണ്ഡ മുസ്ലീങ്ങളെപ്പറ്റി പ്രധാനമന്ത്രി സംസാരിക്കുകയുണ്ടായി. അദ്ദേഹം അവരെക്കുറിച്ച് ഒരുപാട് ചിന്തിക്കുന്നു. ഇതില്‍ ചില വൈരുദ്ധ്യങ്ങള്‍ തോന്നുന്നില്ലെ?

അമിത് ഷാ: ഒരിക്കലുമില്ല. പസ്മണ്ഡ മുസ്ലീങ്ങള്‍ക്കിടയിലേക്ക് മാത്രമല്ല മോദി ഇറങ്ങിച്ചെന്നിരിക്കുന്നത്. ഗോത്രവിഭാഗം, ദളിതര്‍, പിന്നോക്ക വിഭാഗം, സ്ത്രീകള്‍, പാവപ്പെട്ടവര്‍, യുവാക്കള്‍ എന്നിവര്‍ക്കു വേണ്ടിയും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. അത് അദ്ദേഹത്തിന്റെ ജോലിയാണ്. അദ്ദേഹത്തിന്റെ കടമയാണ്. വികസനപാതയില്‍ പിന്നോട്ട് നില്‍ക്കുന്നവരെ മുന്നോട്ട് കൊണ്ടുവരേണ്ട ഉത്തരവാദിത്തം രാജ്യം ഭരിക്കുന്ന സര്‍ക്കാരിനാണ്. ഇതില്‍ ഒരു വൈരുദ്ധ്യവും എനിക്ക് കാണാന്‍ കഴിയുന്നില്ല.

ചോദ്യം: നേഹ ഹിരേമത്ത് കേസിനെപ്പറ്റിയാണ്. ആ കേസ് ലൗജിഹാദ് എന്ന് മുദ്ര കുത്തപ്പെട്ടിരുന്നില്ലേ…

അമിത് ഷാ: മുദ്രകുത്തപ്പെട്ടതല്ല. അത് ശരിക്കും ലൗ ജിഹാദ് കേസ് തന്നെയായിരുന്നു.

ചോദ്യം: മഹാരാഷ്ട്രയില്‍ 41 സീറ്റ് നേടാനാകുമെന്ന് ആത്മവിശ്വാസത്തിലാണോ താങ്കള്‍?

അമിത് ഷാ: തീര്‍ച്ചയായും. 41 എന്നത് ചിലപ്പോള്‍ 40 അല്ലെങ്കില്‍ 42 ആകാന്‍ സാധ്യതയുണ്ട്. മഹാരാഷ്ട്ര, മധ്യപ്രദേശ്,ഉത്തരാഖണ്ഡ്,ജമ്മു കശ്മീര്‍, ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളില്‍ വിജയം ആവര്‍ത്തിക്കും. ഉത്തര്‍പ്രദേശില്‍ അഞ്ച് മുതല്‍ ഏഴ് സീറ്റ് വരെ ഉയര്‍ത്തും. ഒഡിഷയില്‍ 16 സീറ്റില്‍ വിജയം നേടും. അസമില്‍ 12 സീറ്റിലോ അതിന് മുകളിലോ വിജയം ഉറപ്പിക്കും. പശ്ചിമ ബംഗാളില്‍ 30 സീറ്റ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചോദ്യം: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല. നിലവില്‍ അവര്‍ മത്സര രംഗത്ത് ഉണ്ടാകില്ലെന്നാണ് പറയപ്പെടുന്നത്. ഇക്കാര്യത്തെ എങ്ങനെ കാണുന്നു ?

അമിത് ഷാ: അവര്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. സ്വന്തം മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനുള്ള ധൈര്യം അവര്‍ക്കില്ല. മത്സരിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ എന്തിനാണ് ആ സീറ്റിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇത്രയും വൈകുന്നത്? ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന് സീറ്റ് കൊടുത്തിരുന്നെങ്കില്‍ അദ്ദേഹത്തിനെങ്കിലും അല്‍പ്പം പ്രവര്‍ത്തനം നടത്താമായിരുന്നു. ഇതില്‍ നിന്നെല്ലാം ഈ നേതാക്കളുടെ ആത്മവിശ്വാസമില്ലായ്മയാണ് വെളിവാകുന്നത്.

ചോദ്യം: ഇനി ദക്ഷിണേന്ത്യയെപ്പറ്റി അല്‍പ്പം ചര്‍ച്ച ചെയ്യാം. ഇത്തവണ താങ്കള്‍ കൂടുതല്‍ സമയവും ചെലവഴിച്ച പ്രദേശം കൂടിയാണ് ദക്ഷിണേന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയും നിരവധി തവണ ദക്ഷിണേന്ത്യ സന്ദര്‍ശിച്ചു. വലിയ വലിയ പ്രസ്താവനകളും താങ്കള്‍ നടത്തി. ദക്ഷിണേന്ത്യ മുഴുവനായി എടുത്താല്‍ 129-130 സീറ്റാണുള്ളത്. എത്ര സീറ്റ് ദക്ഷിണേന്ത്യയില്‍ പിടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്?

അമിത് ഷാ: ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളും ചേര്‍ന്നാല്‍ ഞങ്ങള്‍ കോണ്‍ഗ്രസിനെക്കാള്‍ മുന്നിലായിരിക്കും.

ചോദ്യം: എത്ര സീറ്റുകള്‍ നേടും? കേരളത്തിലും തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കാനാകുമോ?

അമിത് ഷാ: ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കേരളത്തിലും തമിഴ്നാട്ടിലും ഉറപ്പായും അക്കൗണ്ട് തുറക്കും. എന്നാല്‍ അവിടങ്ങളില്‍ കടുത്ത മത്സരം നടക്കുന്നതിനാല്‍ എത്ര സീറ്റുകള്‍ നേടാന്‍ കഴിയുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല.

ചോദ്യം: രണ്ട് സംസ്ഥാനത്തും അക്കൗണ്ട് തുറക്കാനാകുമോ? കേരളത്തിലും തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കാനാകുമോ?
അമിത്ഷാ: അതെ. കേരളത്തിലും തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കും.

ചോദ്യം: അമിത് ജി ഒരു ചോദ്യം കൂടി. ഈ തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് മുഖ്യമന്ത്രിമാരാണ് അറസ്റ്റിലായത്. അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലായി. അദ്ദേഹം ഇപ്പോഴും മുഖ്യമന്ത്രി പദത്തില്‍ തുടരുന്നുണ്ട്. അതുപോലെ തന്നെ ഹേമന്ത് സോറന്‍ ഇപ്പോള്‍ ജയിലിലുമാണ്. ഇവര്‍ അറസ്റ്റ് ചെയ്യപ്പെട്ട സമയത്തെക്കുറിച്ച് സുപ്രീം കോടതി ഇന്ന് ഇഡിയോട് ചോദിക്കുകയും ചെയ്തിരുന്നു. ഇതെങ്ങനെ കാണുന്നു?

അമിത് ഷാ: അതിനുള്ള മറുപടി ഇഡി സുപ്രീം കോടതിയെ അറിയിച്ചുകൊള്ളും. ഇരുവരേയും ഇഡിയ്ക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നിരവധി തവണ നോട്ടീസ് അയച്ചിരുന്നു. ആദ്യത്തെ സമന്‍സ് കിട്ടിയപ്പോള്‍ തന്നെ ഹാജരായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പെ ഇവര്‍ അറസ്റ്റിലായേനെ. ഒരുപാട് തവണയാണ് ഇവര്‍ക്ക് സമന്‍സ് അയച്ചത്. എന്നാല്‍ ഇവരാരും തന്നെ ഹാജരായിരുന്നില്ല.

ചോദ്യം: ഇവിഎമ്മിനെപ്പറ്റി സുപ്രീം കോടതി വിധി പറഞ്ഞിട്ടുണ്ട്. ഇവിഎമ്മുകളെപ്പറ്റി പ്രതിപക്ഷം കാലങ്ങളായി വിമര്‍ശനമുന്നയിക്കുന്നുമുണ്ട്. ഇവിഎം ഉള്ളതുകൊണ്ടാണ് ബിജെപി അധികാരത്തിലെത്തിയതെന്നാണ് അവര്‍ പറയുന്നത്. ഇപ്പോള്‍ താങ്കളുടെ സര്‍ക്കാര്‍ ഒരു രാജ്യം, ഒറ്റത്തെരഞ്ഞെടുപ്പ് പ്രഖ്യാപനവും നടത്തുന്നു. ഒരു രാജ്യം ഒറ്റത്തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്നുണ്ടോ?

അമിത് ഷാ: ഞാന്‍ ആദ്യം ഒരു കാര്യം വ്യക്തമാക്കാം, രാഹുല്‍ ഗാന്ധി പറയുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല.
ഇവിഎം കൊണ്ടാണ് ഞങ്ങള്‍ ജയിച്ചതെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് തെലങ്കാനയിലും തമിഴ്‌നാട്ടിലും ഞങ്ങള്‍ തോറ്റത്? എന്തുകൊണ്ടാണ് വര്‍ഷങ്ങളായി കേരളത്തില്‍ ജയിക്കാന്‍ സാധിക്കാത്തത്? എന്തുകൊണ്ടാണ് ഞങ്ങള്‍ ഹിമാചലിലും ബംഗാളിലും തോറ്റത്? എങ്കില്‍ ഇവിഎമ്മുകള്‍ ഉപയോഗിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചാലും തങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യില്ല എന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കണം. ജയിച്ചാല്‍ പുതുവസ്ത്രം ധരിച്ച് അവര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. തോല്‍ക്കുമ്പോള്‍ അവര്‍ കുറ്റപ്പെടുത്തുന്നത് ഇവിഎമ്മുകളെയാണ്. എന്തൊരു രാഷ്ട്രീയമാണിത്? അവര്‍ വിജയിക്കുമ്പോള്‍ ഇവിഎം ശരിയാണ്. തോറ്റാല്‍ ഇവിഎം തെറ്റാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് ഇതെല്ലാം മനസ്സിലാകില്ലേ? പക്ഷേ ഇത്രയും വലിയ പാര്‍ട്ടി എന്തുകൊണ്ട് പ്രധാന നേതാവിന്റെ ഉപദേശകനെ മാറ്റുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.

ചോദ്യം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താങ്കള്‍ നിരന്തരം യാത്ര ചെയ്ത് വരികയാണല്ലോ. മൂന്ന് സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം കഴിഞ്ഞെത്തിയ ശേഷമാണ് ഞങ്ങളുമായുള്ള അഭിമുഖത്തിന് താങ്കള്‍ സമയം തന്നത്. നാളെ മൂന്ന് സംസ്ഥാനങ്ങള്‍ താങ്കള്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നുമുണ്ട്. എങ്ങനെയാണ് ഈ ഒരു തിരക്കേറിയ ജീവിതം പിന്തുടര്‍ന്നു പോരുന്നത്?

അമിത് ഷാ: കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈയൊരു ജീവിത രീതി പിന്തുടരുന്നയാളാണ് ഞാന്‍. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയിരുന്ന സമയത്തും ഇതുതന്നെയാണ് ഞാന്‍ ചെയ്തത്. അന്നൊക്കെ സംസ്ഥാനത്തിനകത്ത് മാത്രമായിരുന്നു യാത്ര. ഇന്നിപ്പോള്‍ രാജ്യം മുഴുവന്‍ യാത്ര ചെയ്യുന്നു.

ചോദ്യം: പ്രതിപക്ഷത്തിന് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കിയയാൾ എന്ന പേരുണ്ട് താങ്കള്‍ക്ക്. അതുകൊണ്ട് ചോദിക്കുകയാണ്. രാത്രി ശരിക്കും ഉറങ്ങാന്‍ സമയം കിട്ടാറുണ്ടോ?

അമിത് ഷാ: നെഗറ്റീവ് ചിന്തയോടെയല്ല ഞാന്‍ പ്രവര്‍ത്തിക്കുന്നത്. എന്റെ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്ത നിര്‍വ്വഹണം മറ്റുള്ളവരുടെ ഉറക്കം കളയുന്നുണ്ടെങ്കില്‍ അത് അവരുടെ മാത്രം പ്രശ്നമാണ്. എന്റെ പാര്‍ട്ടിയെ വിജയത്തിലേക്ക് എത്തിക്കുക എന്ന എന്റെ ഉത്തരവാദിത്തം. അതിന്റെ പരിപൂര്‍ണ്ണതയില്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

രാഹുല്‍ ജോഷി: ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സമയം കണ്ടെത്തിയതിന് താങ്കളോട് നന്ദി പറയുന്നു. ഈ സബര്‍മതി നദിക്കരയിലേക്ക് എത്തി ഞങ്ങളോട് സഹകരിച്ചതിന് വളരെയധികം നന്ദി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular