Saturday, May 18, 2024
HomeIndia'രോഹിത് വെമുല ദലിതായിരുന്നില്ല'; പിടിക്കപ്പെടുമെന്ന ഭയത്താല്‍ ആത്മഹത്യ എന്ന് തെലങ്കാന പൊലീസ് റിപ്പോര്‍ട്ട്

‘രോഹിത് വെമുല ദലിതായിരുന്നില്ല’; പിടിക്കപ്പെടുമെന്ന ഭയത്താല്‍ ആത്മഹത്യ എന്ന് തെലങ്കാന പൊലീസ് റിപ്പോര്‍ട്ട്

ഹൈദരാബാദ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ ഗവേഷക വിദ്യാർത്ഥി രോഹിത് വെമുല ദലിതനായിരുന്നില്ലെന്ന വാദം ആവർത്തിച്ച് തെലങ്കാന പൊലീസ് റിപ്പോർട്ട്. തന്റെ യഥാർത്ഥ ജാതി സംബന്ധിച്ച വിവരം പുറത്തുവരുമെന്ന ഭയത്താലാണ് രോഹിത് ജീവനൊടുക്കിയതെന്നും കേസ് അവസാനിപ്പിച്ചുകൊണ്ട് പൊലീസ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് വെള്ളിയാഴ്ച തെലങ്കാന ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസിൽ ആരോപണ വിധേയരായിരുന്ന അന്നത്തെ സെക്കന്തരാബാദ് എം പി ബണ്ഡാരു ദട്ടാതേയ, എംഎൽസി ആയിരുന്ന എൻ രാമചന്ദ്ര റാവു, സർവകലാശാല വൈസ് ചാൻസലർ അപ്പാ റാവു, എബിവിപി നേതാക്കൾ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവർക്കൊന്നും പങ്കില്ലെന്ന റിപ്പോർട്ടാണ് പൊലീസ് സമർപ്പിച്ചത്.

“പഠനത്തേക്കാളും വിദ്യാർത്ഥി രാഷ്ടട്രീയത്തിലായിരുന്നു രോഹിതിന് താത്പര്യം. എന്നാൽ അദ്ദേഹത്തിന്റെ മരണവുമായി സർവകലാശാലയിലെ അപ്പോഴത്തെ സംഭവ വികാസങ്ങൾക്ക് പങ്കില്ല. ജാതി തെളിയിക്കാൻ ബന്ധുക്കൾക്കൊപ്പം ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാണോ എന്ന് രാധിക വെമുലയോട് ചോദിച്ചപ്പോൾ അവർ മൗനം പാലിച്ചുവെന്നും രോഹിതിനെതിരെ സർവകലാശാല എടുത്ത തീരുമാനം ചട്ടപ്രകാരമായിരുന്നു” എന്നും റിപ്പോർട്ടിലുണ്ട്.

രോഹിത് വെമുലയ്ക്ക് വേണ്ടി ശബ്ദമുയർത്തിയിരുന്ന കോൺഗ്രസ് തെലങ്കാനയിൽ അധികാരത്തിലേറി നാല് മാസങ്ങൾ പിന്നിടുമ്പോഴാണ് പഴയ വാദങ്ങൾ തന്നെ നിരത്തുന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. പട്ടികജാതി, പട്ടിക വർഗക്കാരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും വിദ്യാഭ്യാസ അവകാശവും അന്തസ്സും സംരക്ഷിക്കുന്ന നിയമം നടപ്പാക്കുമെന്നും, ആ നിയമത്തിന് രോഹിത് വെമുലയുടെ പേരിടുമെന്നും അന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ നടന്ന ഭാരത് ജോഡോ യാത്രയിൽ രോഹിതിന്റെ അമ്മ രാധിക വെമുലയെ രാഹുൽ ഗാന്ധി കോൺഗ്രസിലേക്ക് ക്ഷണിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular